ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗ വിമാനത്താവളത്തിലിറങ്ങിയ സൗദി അറേബ്യൻ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നു. വിമാനത്തിന്റെ ടയറിന്റെ ഭാഗത്ത് നിന്നാണ് പുക ഉയര്‍ന്നത്.
സൗദി അറേബ്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ വിമാനത്തില്‍ ഉണ്ടായിരുന്നത് 250 യാത്രക്കാരാണ്. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
പൈലറ്റിന്റെ അറിയിപ്പിനെ തുടര്‍ന്ന് ലഖ്നൗ വിമാനത്താവളത്തില്‍ അടിയന്തിരമായി ലാന്‍ഡ് ചെയ്യാന്‍ വിമാനത്തിന് അനുമതി നല്‍കുകയായിരുന്നു. ഇന്നലെ (ഞായര്‍) രാത്രി 10:45ന് ജിദ്ദയില്‍ നിന്ന് പുറപ്പെട്ട SV3112 എന്ന വിമാനം രാവിലെ 6:30 ഓടെയാണ് ലഖ്നൗവില്‍ ലാന്‍ഡ് ചെയ്തത്.
എന്നാല്‍ വിമാനത്തിന് തകരാര്‍ സംഭവിക്കാനുള്ള കാരണം എന്താണെന്നതിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്.
അഹമ്മദാബാദിലെ വിമാനാപകടത്തിന് പിന്നാലെയാണ് സൗദി വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നുവന്ന റിപ്പോര്‍ട്ട് വരുന്നത്. 250ലധികം പേരാണ് അപകടത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ കണ്ടെത്തി.
അപകടം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ കണ്ടെത്തിയത്. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സുകള്‍ നേരത്തെ കണ്ടെത്തിയിരുന്നു.
ഇതുവരെ അപകടത്തില്‍ മരിച്ച 42 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 14 പേരുടെ മൃതദേഹം കുടുംബങ്ങള്‍ക്ക് കൈമാറി. ജൂണ്‍ 12നാണ് എയര്‍ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്ന വീണത്. ബോയിങ് 787 ഡ്രീംലൈനര്‍ എന്ന വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം മേഘാനിനഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ഇടിച്ചുകയറുകയായിരുന്നു.
മരിച്ചവരില്‍ മലയാളിയും ലണ്ടനിലെ നഴ്സുമായ രഞ്ജിത നായറും ഉള്‍പ്പെട്ടിരുന്നു. രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാനായി അവരുടെ സഹോദരന്‍ അഹമ്മദാബാദില്‍ എത്തുകയും ഡി.എന്‍.എ സാമ്പിളുകള്‍ കൈമാറുകയും ചെയ്തിരുന്നു.
അപകടത്തില്‍ ഇപ്പോഴും എത്ര പേര്‍ മരണപ്പെട്ടു എന്നതില്‍ വ്യക്തതയില്ല. 270 ഓളം പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Content Highlight: Smoke on Saudi Arabian Airlines flight that landed at Lucknow airport