| Friday, 2nd May 2025, 11:22 pm

കോഴിക്കോട് മെഡിക്കൽ കോളേജിലെ അപകടം; പുക ഉയര്‍ന്നത് അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂമില്‍ നിന്ന്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പുകപടർന്നതിനെ തുടർന്ന് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചതായി വിവരം. നാല് രോഗികൾ മരിച്ചെന്നാണ് വിവരം പുറത്ത് വരുന്നത്. എന്നാൽ മരണകാരണം വ്യക്തമല്ലെന്നാണ് അധികൃതർ പറയുന്നത്.

പുക ഉയര്‍ന്നതിന് പിന്നാലെ നാല് മൃതദേഹങ്ങള്‍ ക്വാഷ്വാലിറ്റിയില്‍ നിന്ന് മോര്‍ച്ചറിയിലേക്ക് മാറ്റി. എന്നാല്‍ രോഗികളുടെ മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.

നേരത്തെ, അത്യാഹിത വിഭാഗത്തിൽ നിന്നും മാറ്റുന്നതിനിടെ രോഗി മരിച്ചതായി ടി. സിദ്ദിഖ് എം.എൽ.എ ആരോപിച്ചിരുന്നു. വെന്റിലേറ്ററിൽ ആയിരുന്ന വയനാട് കോട്ടപ്പടി സ്വദേശി നസീറയാണ് മരിച്ചത്.

നസീറ മരിച്ചത് വെന്റിലേറ്ററിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകുമ്പോഴെന്ന് എം.എൽ.എ പറഞ്ഞു. കാഷ്വാലിറ്റിക്ക് പുറത്തേക്ക് കൊണ്ടുപോകുമ്പോഴാണ് ഇവർ മരിച്ചതെന്ന് ബന്ധുക്കളും പറഞ്ഞു. കൂടുതൽ കാര്യങ്ങൾ അധികൃതർ വ്യക്തമാക്കണം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തരമായി കാഷ്വാലിറ്റി ഒരുക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, അത്യാഹിത വിഭാഗം മുഴുവനും പൊലീസ് സീൽ ചെയ്തു. അപകടം ഉണ്ടായ ബ്ലോക്ക്‌ ആണ് അടച്ചത്. എന്താണ് സംഭവിച്ചത് എന്നു അന്വേഷിച്ചു കണ്ടെത്തിയ ശേഷം മാത്രമേ തുറക്കൂ. അതേസമയം, കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി ഇവിടെ ലഭ്യമാക്കും.

രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. തുടർന്ന് ക്യാഷ്വാലിറ്റിയിൽ നിന്ന് പുക വലിച്ചു എടുക്കുകയായിരുന്നു. നിലവിൽ 200ൽ അധികം രോഗികളെ മാറ്റിയിട്ടുണ്ട്. അത്യാഹിത വിഭാഗം ബ്ലോക്ക്‌ മുഴുവനും ഒഴിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് സൂപ്രണ്ട് ശ്രീജയൻ പറഞ്ഞു. അത്യാഹിത വിഭാഗത്തിലെ രോഗികളെ മെഡിക്കൽ കോളേജിലെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റി.

ഇവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൂപ്രണ്ട് പറ‍ഞ്ഞു. നിലവിൽ ആശുപത്രിയിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും രോഗികളെ ബീച്ച് ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും മേയർ ബീന ഫിലിപ്പ് പറഞ്ഞു. എല്ലാ സൌകര്യങ്ങളും അവിടെ അവിടെ ഒരുക്കിയിട്ടുണ്ടെന്നും മേയർ പറഞ്ഞു.

അതേസമയം മെഡിക്കല്‍ കോളേജില്‍ നിന്നും പുക ഉയര്‍ന്ന സംഭവത്തില്‍ എന്താണ് കൃത്യമായി സംഭവിച്ചതെന്ന് സൂപ്രണ്ടിനും പ്രിന്‍സിപ്പാളിനും പറയാന്‍ സാധിക്കുന്നില്ലെന്ന് എം.പി എം.കെ രാഘവൻ പറഞ്ഞു. യു.പി.എസിനുണ്ടായ തകരാറാണെന്നും പ്രശ്‌നമൊന്നുമില്ലെന്നായിരുന്നു സൂപ്രണ്ട് പറഞ്ഞത്. എന്നാല്‍ ഇവിടെ എത്തുമ്പോഴാണ് ഗുരുതരാവസ്ഥ മനസിലായതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: Smoke incident at Kozhikode Medical College; Patients reportedly died from suffocation

We use cookies to give you the best possible experience. Learn more