| Friday, 17th July 2026, 8:30 pm

കനേഡിയന്‍ കാട്ടുതീ; അര്‍ജന്റീന - സ്പെയ്ന്‍ ഫൈനല്‍ പോരാട്ടത്തിന് ആശങ്കയുടെ കരിനിഴല്‍

ആദർശ് എം.കെ.

ടൊറാന്റോ: കാനഡയില്‍ പടര്‍ന്നുപിടിക്കുന്ന അതിരൂക്ഷമായ കാട്ടുതീയെത്തുടര്‍ന്നുണ്ടായ കനത്ത പുക വടക്കുകിഴക്കന്‍ അമേരിക്കന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നത് 2026 ഫിഫ ലോകകപ്പ് ഫൈനലിന് വെല്ലുവിളി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട്.

ഞായറാഴ്ച ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന സ്‌പെയ്ന്‍ – അര്‍ജന്റീന ഫൈനല്‍ മത്സരത്തിന് മുന്നോടിയായി മേഖലയിലെ വായുനിലവാരം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ആശങ്ക ഉയരുന്നത്.

കാനഡയിലെ ഒന്റാറിയോ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ കത്തുന്ന നൂറുകണക്കിന് കാട്ടുതീകളില്‍ നിന്നുള്ള പുക തെക്കോട്ട് വ്യാപിച്ചതാണ് ന്യൂയോര്‍ക്ക്, ന്യൂജേഴ്സി മേഖലകളില്‍ കടുത്ത വായു മലിനീകരണത്തിന് കാരണമായത്.

അന്തരീക്ഷത്തിലെ കനത്ത ചൂട് (ഹീറ്റ് ഡോം) കാരണം പുകപടലങ്ങള്‍ അന്തരീക്ഷത്തില്‍ തന്നെ തങ്ങിനില്‍ക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു.’

പുകപടലത്തിനൊപ്പം മറ്റ് സൂക്ഷ്മമായ വസ്തുക്കളും (fine particulate matter) കായികതാരങ്ങള്‍ക്കും ആരാധകര്‍ക്കും ഒരുപോലെ കടുത്ത ആരോഗ്യസാധ്യതകള്‍ ഉയര്‍ത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ആളുകള്‍ പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്തണമെന്നും കഠിനമായ ശാരീരിക അധ്വാനങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം തന്നെ മാസ്‌കുകള്‍ വിതരണം ചെയ്തു വരികയാണ്.

82,500 കാണികളെ ഉള്‍ക്കൊള്ളുന്ന മെറ്റ്ലൈഫ് സ്റ്റേഡിയം ഒരു തുറന്ന വേദിയാണ് എന്നതും മേല്‍ക്കൂരയില്ല എന്നതും കളിക്കാരെയും ആരാധകരെയും പുകയുടെ ആഘാതത്തിന് നേരിട്ട് ഇരയാക്കും.

ഇത്തരം വായു മലിനീകരണമുള്ള സാഹചര്യത്തില്‍ ഒരു ദിവസം മുഴുവന്‍ പുറത്ത് ചെലവഴിക്കുന്നത് ഏകദേശം 10 സിഗരറ്റുകള്‍ വലിക്കുന്നതിന് തുല്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

നിലവില്‍ ഫൈനലിനായുള്ള ടീമുകളുടെ മുന്നൊരുക്കങ്ങളെ പുക ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

പുകയും മലിനീകരണവും കാരണം ന്യൂജേഴ്സിയില്‍ പരിശീലനം നടത്തുന്ന സ്‌പെയ്ന്‍ ടീം വ്യാഴാഴ്ച തങ്ങളുടെ പരിശീലന സെഷനുകളില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായി. പുക നിറഞ്ഞ അന്തരീക്ഷം കാരണം വളരെ കുറഞ്ഞ സമയം മാത്രമാണ് അവര്‍ക്ക് പുറത്ത് പരിശീലിക്കാനായതെന്ന് എ.പി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, അറ്റ്ലാന്റ മേഖലയില്‍ പരിശീലിക്കുന്ന അര്‍ജന്റീന ടീമിനെ നിലവില്‍ ഈ പുക കാര്യമായി ബാധിച്ചിട്ടില്ല. അവര്‍ തങ്ങളുടെ റൊട്ടീന്‍ പ്രാക്ടീസ് സെഷനുകളുമായി മുമ്പോട്ട് പോവുകയാണെന്നാണ് റിപ്പോര്‍ട്ട്.

നിലവിലെ സാഹചര്യങ്ങള്‍ ഫിഫയും പ്രാദേശിക അധികൃതരും അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണ്. വായു മലിനീകരണം നിശ്ചിത പരിധി കടന്നാല്‍ മത്സരക്രമത്തില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. എങ്കിലും നിലവില്‍ മത്സരം മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

എന്നാല്‍, ഞായറാഴ്ച മത്സരം തുടങ്ങുന്നതിന് മുന്‍പായി വാരാന്ത്യത്തില്‍ മേഖലയില്‍ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് അന്തരീക്ഷത്തിലെ പുക നീക്കം ചെയ്യാനും വായുനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 3 മണിക്കാണ് ഫൈനല്‍ മത്സരം നിശ്ചയിച്ചിരിക്കുന്നത്.

Content Highlight: Smoke from wildfires in Canada casts a shadow over the Spain-Argentina World Cup final.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more