ന്യൂദല്ഹി: ദല്ഹി പൊലീസും ഇന്റലിജന്സും ബ്യൂറോയും തന്നെ നിരന്തരം നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെന്ന് യൂട്യൂബ്യറും ആക്ടിവിസ്റ്റുമായ ധ്രുവ് റാഠി. സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറി തനിക്കെതിരെ നടക്കുന്നത് ഭരണകൂടത്തിന്റെ വേട്ടയാടലാണെന്ന് ധ്രുവ് പറഞ്ഞു. തന്റെ ഇന്സ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ട വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വീടിന് പുറത്തേക്കിറങ്ങിയപ്പോള് മുതല് സ്കോര്പ്പിയോ വാഹനങ്ങള് ഉള്പ്പെടെയുള്ള വാഹനങ്ങള് തന്നെ പിന്തുടരുന്നുണ്ടെന്നും പോകുന്ന വഴികളിലെല്ലാം ആ വാഹനം തന്നെ പിന്തുടരുന്നുണ്ടെന്നും ധ്രുവ് റാഠി പറഞ്ഞു.
‘ചിരിക്കൂ ദല്ഹി പൊലീസ് നിങ്ങളെ ഇപ്പോള് റെക്കോഡ് ചെയ്യുകയാണ്,’ തമാശ രൂപേണ അദ്ദേഹം തന്റെ വീഡിയോയില് പറയുന്നു. ദല്ഹി പൊലീസുമായി ഒളിച്ചുകളിക്കുകയാണ് എന്ന അടിക്കുറിപ്പോടെയാണ് തന്റെ കാറില് നിന്നുള്ള വീഡിയോ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
ദല്ഹി പൊലീസിന്റെ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള് ഏതൊരു വ്യക്തിയുടെയും സ്വകാര്യതയിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള നുഴഞ്ഞുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിലെ സി.ജെ.പി പ്രതിഷേധത്തില് പങ്കെടുത്തതിന് പിന്നാലെ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ധ്രുവ് റാഠി ജര്മന് പൗരനാണെന്നും അതിനാല് ഇന്ത്യയില് നടക്കുന്ന പ്രതിഷേധത്തില് പങ്കെടുക്കാന് അദ്ദേഹത്തിന് കഴിയില്ലെന്നും കാണിച്ച് ബി.ജെ.പി നേതാവ് പരാതി നല്കിയിരുന്നു. എന്നാല് തന്റെ ഇന്ത്യന് പാസ്പോര്ട്ട് പുറത്ത് വിട്ട് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Content Highlight: Smile, you are under surveillance; Dhruv Rathee shares video targeting Delhi Police