സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ രണ്ടാം വിജയം സ്വന്തമാക്കി കേരളം. എകാന ക്രിക്കറ്റ് സ്റ്റേഡിയം ബി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഛത്തീസ്ഗഡിനെ പരാജയപ്പെടുത്തി കേരളം എലീറ്റ് ഗ്രൂപ്പ് എ-യില്‍ മൂന്നാം സ്ഥാനത്തെത്തി.
ഛത്തീസ്ഗഡ് ഉയര്‍ത്തിയ 121 റണ്‍സിന്റെ വിജയലക്ഷ്യം 56 പന്ത് ശേഷിക്കെ കേരളം മറികടന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ടിന്റെ കരുത്തിലാണ് കേരളം വിജയലക്ഷ്യം അനായാസം മറികടന്നത്.
മത്സരത്തില്‍ ടോസ് നേടിയ സഞ്ജു സാംസണ്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. സഞ്ജുവിന്റെ തീരുമാനം ശരിവെച്ച് ബൗളര്‍മാര്‍ പന്തെറിഞ്ഞതോടെ ഛത്തീസ്ഗഡ് പരുങ്ങലിലായി.
മത്സരത്തിലെ ആദ്യ ലീഗില്‍ ഡെലിവെറിയില്‍ തന്നെ വിക്കറ്റ് വീണു. ആയുഷ് ശശികാന്ത് പാണ്ഡേയെ മടക്കി ഷറഫുദീനാണ് ആദ്യ രക്തം ചിന്തിയത്. ആദ്യ പന്തില്‍ തന്നെ വിഗ്നേഷ് പുത്തൂരിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം,
രണ്ടാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ശശാങ്ക് ചന്ദ്രാകറിനെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ അമന്‍ദീപ് ഖാരെ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമമാരംഭിച്ചു. മികച്ച രീതിയില്‍ ഇന്നിങ്‌സ് കെട്ടിപ്പൊക്കവെ ശശാങ്കിനെ മടക്കി കെ.എം. ആസിഫ് കരുത്തുകാട്ടി. തൊട്ടടുത്ത പന്തില്‍ പഞ്ചാബ് കിങ്‌സിന്റെ വമ്പനടി വീരന്‍ ശശാങ്ക് സിങ്ങിനെയും മടക്കി ആസിഫ് ഛത്തീസ്ഗഡിന് ഇരട്ട പ്രഹരം നല്‍കി.
കെ.എം. ആസിഫ് (ഫയല്‍ ചിത്രം)
ആറാം നമ്പറിലെത്തിയ അജയ് മണ്ഡലിനെ പുറത്താക്കിയാണ് വിഗേനഷ് പുത്തൂര്‍ വിക്കറ്റ് വേട്ട ആരംഭിച്ചത്. നാല് പന്ത് നേരിട്ട താരം ഒറ്റ റണ്‍സ് നേടിയാണ് മടങ്ങിയത്. ക്രീസ് വിട്ടിറങ്ങിയ ഛത്തീസ്ഗഡ് താരത്തെ വിക്കറ്റ് കീപ്പര്‍ കൂടിയായ സഞ്ജു സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.
പിന്നാലെയെത്തിയ പ്രതീക് യാദവിനെയും ഒറ്റയക്കത്തിന് മടക്കി വിഗ്നേഷ് കരുത്തുകാട്ടി. ബൗള്‍ഡാക്കിയാണ് വിഗ്നേഷ് പ്രതീകിനെ മടക്കിയത്. ഐ.പി.എല്‍ 2026ന് മുന്നോടിയായുള്ള പ്ലെയര്‍ റിറ്റെന്‍ഷനില്‍ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്താതിരുന്ന വിഗ്നേഷിന്റെ കേരള അരങ്ങേറ്റം കൂടിയായിരുന്നു ഈ മത്സരം.
വിഗ്നേഷ് പുത്തൂരിന് ക്യാപ്പ് സമ്മാനിക്കുന്ന സഞ്ജു സാസംണ്‍ | Photo X
ഒടുവില്‍ ഛത്തീസ്ഗഡ് 120ന് പുറത്തായി.
37 പന്തില്‍ 41 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അമന്‍ദീപ് ഖാരെയാണ് ഛത്തീസ്ഗഡിന്റെ ടോപ്പ് സ്‌കോറര്‍. 23 പന്തില്‍ 35 റണ്‍സ് നേടിയ സഞ്ജയ് ദേശായിയും 17 റണ്‍സ് നേടിയ ശശാങ്ക് ചന്ദാകറുമാണ് ഛത്തീസ്ഗഡിനായി ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.
കേരളത്തിനായി കെ.എം. ആസിഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അങ്കിത് ശര്‍മയും വിഗ്നേഷ് പുത്തൂരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അബ്ദുള്‍ ബാസിത്, ഷറഫുദീന്‍, എം.ഡി. നിധീഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
121 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ കേരളത്തിനായി ക്യാപ്റ്റന്‍ സഞ്ജു സാംസണും രോഹന്‍ എസ്. കുന്നുമ്മലും മികച്ച തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
15 പന്തില്‍ 43 റണ്‍സ് നേടിയ സഞ്ജുവിനെ മടക്കി രവി കിരണാണ് ഛത്തീസ്ഗഡിനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചത്. അഞ്ച് ഫോറും രണ്ട് സിക്‌സറുമടക്കം 286.67 സ്‌ട്രൈക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
അധികം വൈകാതെ രോഹന്റെ വിക്കറ്റും കേരളത്തിന് നഷ്ടമായി. 17 പന്തില്‍ 33 റണ്‍സാണ് താരം സ്വന്തമാക്കിയത്.
പിന്നാലെയത്തിയ സല്‍മാന്‍ നിസാര്‍ (18 പന്തില്‍ 16), വിഷ്ണു വിനോദ് (14 പന്തില്‍ 22) എന്നിവര്‍ കേരളത്തെ അനായാസം വിജയലക്ഷ്യം കടത്തി.
Content Highlight: SMAT: Vignesh Puthur’s brilliant performance against Chhattisgarh