| Friday, 19th December 2025, 4:00 pm

ഈ വര്‍ഷത്തിന്റെ പതിവ് തെറ്റിക്കാതെ ജാര്‍ഖണ്ഡും... ഓസ്‌ട്രേലിയന്‍ ടീമുകള്‍ മുതല്‍ ഐ.പി.എല്‍ വരെ

സ്പോര്‍ട്സ് ഡെസ്‌ക്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹരിയാനയെ പരാജയപ്പെടുത്തി ജാര്‍ഖണ്ഡ് കിരീടമണിഞ്ഞിരുന്നു. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 69 റണ്‍സിന്റെ വിജയമാണ് ഇഷാന്‍ കിഷനും സംഘവും സ്വന്തമാക്കിയത്.

ജാര്‍ഖണ്ഡിന്റെ ചരിത്രത്തിലെ ആദ്യ സയ്യിദ് മുഷ്താഖ് അലി ട്രോഫിയാണ് കഴിഞ്ഞ ദിവസം ഇഷാന്‍ കിഷന്‍ ടീമിന് സമ്മാനിച്ചത്.

ഇതോടെ കപ്പടിക്കാത്തവര്‍ കപ്പടിക്കുന്ന 2025ന്റെ ചരിത്രം കാത്തുസൂക്ഷിക്കാനും ജാര്‍ഖണ്ഡിന് സാധിച്ചു. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും വനിതാ ലോകകപ്പില്‍ ഇന്ത്യയുമടക്കമുള്ള നിരവധി ടീമുകളാണ് 2025ല്‍ തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കിയത്.

2025ല്‍ കന്നിക്കിരീടം സ്വന്തമാക്കിയ ടീമുകള്‍

ഹൊബാര്‍ട്ട് ഹറികെയ്ന്‍സ് (പുരുഷ ടീം) – ബിഗ് ബാഷ് ലീഗ്

എം.ഐ. കേപ് ടൗണ്‍ – എസ്.എ. 20

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ഐ.പി.എല്‍

സൗത്ത് ആഫ്രിക്ക – വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (27 വര്‍ഷത്തിന് ശേഷം ആദ്യ ഐ.സി.സി കിരീടം)

ദുബായ് ക്യാപ്പിറ്റല്‍സ് – ഐ.എല്‍. ടി-20 (ഡെയര്‍ഡെവിള്‍സ് / ക്യാപ്പിറ്റല്‍സ് എന്നിവരുടെ ഫ്രാഞ്ചൈസി ചരിത്രത്തിലെ ആദ്യ കിരീടം)

ഇന്ത്യ – വനിതാ ലോകകപ്പ്

ഹൊബാര്‍ട്ട് ഹറികെയ്ന്‍സ് (വനിതാ ടീം) – വനിതാ ബിഗ് ബാഷ് ലീഗ്

ജാര്‍ഖണ്ഡ് – സയ്യിദ് മുഷ്താഖ് അലി ട്രോഫി

അതേസമയം, ഹരിയാനയ്‌ക്കെതിരായ ഫൈനലില്‍ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ കരുത്തിലാണ് ജാര്‍ഖണ്ഡ് മികച്ച സ്‌കോറിലെത്തിയത്. 49 പന്ത് നേരിട്ട താരം 101 റണ്‍സ് നേടി. പത്ത് സിക്‌സറും ആറ് ഫോറും അടക്കം 206.12 സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. 38 പന്തില്‍ 81 റണ്‍സ് നേടിയ കുമാര്‍ കുശാഗ്രയുടെ ഇന്നിങ്‌സും മത്സരത്തില്‍ നിര്‍ണായകമായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാന യഷ്വര്‍ധന്‍ ദലാലിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ പൊരുതിയെങ്കിലും വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരരുന്നു. ഒമ്പത് പന്ത് ശേഷിക്കെ ഹരിയാനയുടെ അവസാന വിക്കറ്റും ജാര്‍ഖണ്ഡ് പിഴുതെറിഞ്ഞു.

ജാര്‍ഖണ്ഡിനായി സുശാന്ത് മിശ്രയും ബാല്‍ കൃഷ്ണയും മൂന്ന് വിക്കറ്റ് വീതവും വികാശ് സിങ്ങും അനുകൂല്‍ റോയിയും രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.

Content Highlight: SMAT: Jharkhand wins first ever Syed Mushtaq Ali Trophy

We use cookies to give you the best possible experience. Learn more