| Tuesday, 3rd March 2026, 11:38 am

കണ്ടന്റ് മുഖ്യം ബിഗിലേ... മലയാളസിനിമക്ക് പഠിക്കുന്ന തമിഴ് ഇന്‍ഡസ്ട്രി, രണ്ട് മാസത്തില്‍ ഹിറ്റായതെല്ലാം ചെറിയ സിനിമകള്‍

അമര്‍നാഥ് എം.

സൂപ്പര്‍താരങ്ങളുടെ മാസ് സിനിമകള്‍ മാത്രം ബോക്‌സ് ഓഫീസില്‍ വിജയിപ്പിക്കുകയും ചെറിയ സിനിമകളെ ഒ.ടി.ടി റിലീസിന് ശേഷം മാത്രം അഭിനന്ദിക്കുകയും ചെയ്ത ഇന്‍ഡസ്ട്രിയായിരുന്നു കോളിവുഡ്. വന്‍ ബജറ്റിലെത്തുന്ന ഇഷ്ടനടന്റെ സിനിമയെ ഹിറ്റാക്കാന്‍ ആരാധകര്‍ പെടാപ്പാട് പെടുന്ന കാഴ്ചയെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ബിഗ് സ്റ്റാറുകളുടെ സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശോഭിച്ചിരുന്നില്ല. റിലീസിന് മുമ്പ് നല്‍കിയ ഹൈപ്പിന്റെ പകുതി പോലും പ്രേക്ഷകര്‍ക്ക് നല്‍കാനാകാത്തതിനാല്‍ പല വമ്പന്മാരുടെയും അടിതെറ്റുന്ന കാഴ്ചക്കും സിനിമാലോകം സാക്ഷ്യം വഹിച്ചു. എന്നാല്‍ ഈ വര്‍ഷം മറ്റ് ഇന്‍ഡസ്ട്രികളെ കോളിവുഡ് ഞെട്ടിച്ചിരിക്കുകയാണ്.

2026 ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോള്‍ നാല് സൂപ്പര്‍ഹിറ്റുകളാണ് തമിഴില്‍ പിറവിയെടുത്തത്. 100 കോടി ക്ലബ്ബില്‍ ഒരു സിനിമ പോലും ഇടം പിടിച്ചില്ലെങ്കിലും ഹിറ്റായതെല്ലാം താരപ്പകിട്ടില്ലാത്ത ചിത്രങ്ങളായിരുന്നു. പൊങ്കലിന് ശിവകാര്‍ത്തികേയന്റെ ബിഗ് ബജറ്റ് ചിത്രം പരാശക്തിയെ മലര്‍ത്തിയടിച്ച് ജീവ നായകനായ തലൈവര്‍ തമ്പി തലൈമയില്‍ ആദ്യത്തെ ഹിറ്റായി മാറി.

10 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 50 കോടിയോളമായിരുന്നു സ്വന്തമാക്കിയത്. 150 കോടിയോളം ബജറ്റിലൊരുങ്ങിയ പരാശക്തി 100 കോടി പോലും നേടാനാകാതെ കളംവിട്ടപ്പോഴാണ് തലൈവര്‍ തമ്പി തലൈമയില്‍ ബ്ലോക്ക്ബസ്റ്ററായത്. ഫീല്‍ഡൗട്ടിന്റെ വക്കില്‍ നിന്ന ജീവയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ ചിത്രം.

അബിഷന്‍ ജീവിന്തും അനശ്വര രാജനുമൊന്നിച്ച വിത് ലവ് ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റായി മാറി. ടൂറിസ്റ്റ് ഫാമിലിയുടെ സംവിധായകനായ അബിഷന്‍ ആദ്യമായി നായകനാകുന്ന ചിത്രമായിരുന്നു വിത് ലവ്. ആറ് കോടി ബജറ്റിലെത്തിയ ചിത്രം 40 കോടിയോളമായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്ന്  നേടിയത്. പുതുമുഖങ്ങളെ അണിനിരത്തി വിജയ് ആന്റണി നിര്‍മിച്ച പൂക്കിയും ഫെബ്രുവരിയില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി.

രാധിക ശരത്കുമാര്‍ കേന്ദ്ര കഥാപാത്രമായെത്തിയ തായ് കിഴവിയും ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിക്കുകയാണ്. നവാഗതനായ ശിവകുമാര്‍ മുരുകേശന്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 20 കോടിയോളം സ്വന്തമാക്കിക്കഴിഞ്ഞു. നായകനെന്ന നിലയില്‍ ഈ വര്‍ഷം ആദ്യം പരാജയം രുചിക്കേണ്ടി വന്നെങ്കിലും നിര്‍മാതാവെന്ന നിലയില്‍ ശിവകാര്‍ത്തികേയന്‍ സേഫായിരിക്കുകയാണ്. റൂറല്‍ ഡ്രാമയെ കോമഡിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച തായ് കിഴവി പലയിടത്തും ഹൗസ്ഫുള്ളാണ്.

സ്റ്റാര്‍ഡത്തെക്കാള്‍ കണ്ടന്റിന് പ്രാധാന്യം നല്‍കി സൂപ്പര്‍ഹിറ്റാക്കുന്ന മലയാള സിനിമയെ തമിഴ് സിനിമയും അനുകരിക്കുകയാണെന്നാണ് പല സിനിമാപേജുകളും അഭിപ്രായപ്പെടുന്നത്. വ്യത്യസ്ഥ ഴോണറുകളും വ്യത്യസ്ഥ കഥകളുമായി തമിഴ് സിനിമ ഇനിയും കളം നിറയുമെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍ വരെ വമ്പന്‍ താരങ്ങളുടെ സിനിമകളൊന്നും തിയേറ്ററുകളിലെത്താത്തതും സിനിമാപ്രേമികളുടെ ചര്‍ച്ചാവിഷയമാണ്.

Content Highlight: Small movies are became in Tamil cinema this year

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more