| Monday, 20th October 2025, 11:37 pm

അവസാന ഓവറില്‍ നാല് വിക്കറ്റ്; ബംഗ്ലാദേശിനെ കൊതിപ്പിച്ച് വീഴ്ത്തി, ലങ്കയ്ക്ക് കന്നി ജയം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി വനിതാ ഏകദിന ലോകകപ്പില്‍ ആദ്യ വിജയം സ്വന്തമാക്കി ശ്രീലങ്ക. നവി മുംബൈയില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴ് റണ്‍സിന് വീഴ്ത്തിയാണ് ടീം വിജയിച്ചത്. ഹസിനി പെരേരയുടെയും ക്യാപ്റ്റന്‍ ചമാരി അത്തപത്തുവിന്റെയും കരുത്തിലാണ് ടീമിന്റെ ജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ലങ്കന്‍ വനിതകള്‍ 48.4 ഓവറില്‍ 202 റണ്‍സിന് പുറത്തായിരുന്നു. ഇത് പിന്തുടര്‍ന്ന ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റിന് 195 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇതോടെയാണ് ലങ്കന്‍ വനിതകള്‍ ലോകകപ്പില്‍ കന്നി ജയം രുചിച്ചത്.

ബംഗ്ലാദേശിനായി നിഗര്‍ സുല്‍ത്താനയും ഷര്‍മിന്‍ അക്തറും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. സുല്‍ത്താന 98 പന്തില്‍ 77 ആറ് ഫോറടക്കം 77 റണ്‍സെടുത്തിരുന്നു. ഒപ്പം ഷര്‍മിന്‍ 103 പന്തില്‍ പുറത്താവാതെ 64 റണ്‍സും സ്വന്തമാക്കി.

ഇവരുടെ പ്രകടനത്തില്‍ ബംഗ്ലാദേശ് വിജയലക്ഷ്യത്തിന് അരികില്‍ എത്തിയെങ്കിലും ജയിക്കാനായില്ല. മറ്റാരും മികച്ച ബാറ്റിങ് നടത്താത്തതും അവസാന ഓവറില്‍ റണ്‍സ് എടുക്കാന്‍ സാധിക്കാത്തതുമാണ് ടീമിന് വിനയായത്.

അവസാന ഓവറില്‍ ടീമിന് വിജയിക്കാന്‍ ഒമ്പത് റണ്‍സായിരുന്നു വേണ്ടത്. എന്നാല്‍, ഈ ഓവര്‍ എറിയാനെത്തിയ അത്തപത്തു ഒരു റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. ഒപ്പം ഓവറില്‍ ഒരു റണൗട്ട് ഉള്‍പ്പടെ നാല് വിക്കറ്റ് വീണു. ഇതോടെ ശ്രീലങ്ക ബംഗ്ലാദേശില്‍ നിന്ന് വിജയം പിടിച്ചെടുത്തു.

ടീമിനായി ക്യാപ്റ്റന് പുറമെ, സുഗന്ധിക കുമാരി രണ്ട് വിക്കറ്റും ഉദേഷിക പ്രബോധനി ഒരു വിക്കറ്റും നേടി.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്കായി ഹസിനി പെരേരയും അത്തപത്തുവും മികച്ച ബാറ്റിങ് നടത്തിയിരുന്നു. പെരേര 99 പന്തില്‍ ഒരു സിക്സും 13 ഫോറും അടക്കം 85 റണ്‍സെടുത്തു. അത്തപത്തു 43 പന്തില്‍ 46 റണ്‍സും സ്‌കോര്‍ ചെയ്തു. ഇവര്‍ക്കൊപ്പം നിലാക്ഷി ഡി സില്‍വ 38 പന്തില്‍ 37 റണ്‍സും സ്വന്തമാക്കി.

ബംഗ്ലാദേശിനായി ഷോര്‍ണ അക്തറാണ് ബൗളിങ്ങില്‍ തിളങ്ങിയത്. താരം പത്ത് ഓവര്‍ എറിഞ്ഞ് മൂന്ന് വിക്കറ്റാണ് നേടിയത്. റാബിയ ഖാത്തൂന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ നിശിത അക്തര്‍ നിഷി, നാഹിദ അക്തര്‍, മരുഫ അക്തര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlight: SLw vs BanW: Sri Lanka secured first win in ICC Women ODI World Cup by defeating Bangladesh

Latest Stories

We use cookies to give you the best possible experience. Learn more