| Friday, 26th September 2025, 8:25 am

വംശഹത്യ, യുദ്ധക്കുറ്റം; നെതന്യാഹുവിന് യാത്ര വിലക്ക് ഏര്‍പ്പെടുത്തി സ്ലോവേനിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലുബ്ലിയാന: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് യാത്ര വിലക്ക് ഏര്‍പ്പെടുത്തി സ്ലോവേനിയ. യുദ്ധ കുറ്റങ്ങളുടെയും അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ടിന്റെയും അടിസ്ഥാനത്തിലാണ് ഈ നടപടി.

വംശഹത്യാ പ്രസ്താവനകള്‍ നടത്തിയതിന് രണ്ട് തീവ്ര വലതുപക്ഷ ഇസ്രഈലി മന്ത്രിമാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇസ്രഈല്‍ പ്രധാനമന്ത്രിക്കെതിരെ സ്ലോവേനിയ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. സെപ്റ്റംബര്‍ 25ന് (വ്യാഴാഴ്ച) സ്ലോവേനിയ വിദേശകാര്യ മന്ത്രാലയ സ്റ്റേറ്റ് സെക്രട്ടറി നേവ ഗാര്‍സിക് ഇക്കാര്യം എക്‌സ് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു.

‘രണ്ട് തീവ്ര ഇസ്രഈലി ക്യാബിനറ്റ് മന്ത്രിമാരെ വിലക്കിയതിന് ശേഷം ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഉപരോധമേര്‍പ്പെടുത്താന്‍ സ്ലോവേനിയ സര്‍ക്കാര്‍ തീരുമാനിച്ചിക്കുന്നു. യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കും നെതന്യാഹു നടപടികള്‍ നേരിടുന്നുണ്ട്.

നിരവധി ഇസ്രഈല്‍ നടപടികള്‍ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും ലംഘിക്കുന്നുവെന്ന് അന്താരാഷ്ട്ര കോടതി 2024 ജൂലൈയില്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്,’ നേവ ഗാര്‍സിക് പറഞ്ഞു.

നെതന്യഹുവിനെതിരെയുള്ള നടപടി ഇസ്രഈലി ജനതയെ ലക്ഷ്യം വെച്ചിട്ടുള്ളതല്ലെന്നും, ഈ തീരുമാനത്തിലൂടെ അന്താരാഷ്ട്ര സമാധാനത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമുള്ള തങ്ങളുടെ പ്രതിബദ്ധതയെ ഊട്ടിഉറപ്പിക്കുകയാണെന്നും ഗാര്‍സിക് കൂട്ടിച്ചേര്‍ത്തു.

ഇത് ആദ്യമായാണ് യൂറോപ്യന്‍ യൂണിയന്‍ അംഗമായ ഒരു രാജ്യം നെതന്യാഹുവിനെതിരെ യാത്ര വിലക്ക് ഏര്‍പ്പെടുത്തുന്നത്. എന്നാല്‍, സ്ലോവേനിയ ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന നരഹത്യക്കെതിരെ മുമ്പും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജൂലൈയില്‍ സ്ലോവേനിയ ഇസ്രഈലിന് മേല്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

കൂടാതെ, ആ മാസം തന്നെ ഫലസ്തീനികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് പ്രേരണ നല്‍കുന്ന പ്രസ്താവനകള്‍ നടത്തിയതിന് ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ – ഗ്വിറിനെയും ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിനെയും വിലക്കിയിരുന്നു. പിന്നാലെ, ഓഗസ്റ്റില്‍ ഇസ്രഈല്‍ അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുകയും ചെയ്തു. ഗസയിലെ ഫലസ്തീനികള്‍ക്കായി ഒരു അധിക മാനുഷിക സഹായ പാക്കേജും സ്ലോവേനിയ അംഗീകരിച്ചിരുന്നു.

Content Highlight: Slovenia impose travel ban on Israel Prime Minister Benjamin Nethanyahu over non humanitarian attacks in Palestine

We use cookies to give you the best possible experience. Learn more