ശ്രീലങ്കയുടെ സിംബാബ്‌വേ പര്യടനത്തിലെ രണ്ടാം ടി-20യില്‍ ഗംഭീര വിജയം സ്വന്തമാക്കി ആതിഥേയര്‍. ഹരാരെയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഷെവ്‌റോണ്‍സ് നേടിയത്.
ശ്രീലങ്ക ഉയര്‍ത്തിയ 81 റണ്‍സിന്റെ വിജയലക്ഷ്യം 34 പന്ത് ശേഷിക്കെ സിംബാബ്‌വേ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളിലെ രണ്ട് മത്സരമവസാനിക്കുമ്പോള്‍ 1-1ന് ഒപ്പമെത്താനും സിംബാബ്‌വേക്കായി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ വെടിക്കെട്ട് പുറത്തെടുത്ത കാമിന്ദു മെന്‍ഡിസും പാതും നിസങ്കയും അടക്കമുള്ളവര്‍ക്ക് അടി തെറ്റിയപ്പോള്‍ ലങ്ക 80ന് പുറത്തായി. 20 പന്തില്‍ 20 റണ്‍സടിച്ച കാമില്‍ മിശ്രയാണ് ടോപ് സ്‌കോറര്‍. മിശ്രയടക്കം മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാന്‍ സാധിച്ചത്.
സിംബാബ്‌വേക്കായി ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും ബ്രാഡ് ഇവാന്‍സും മൂന്ന് വിക്കറ്റ് വീതം നേടി. ബ്ലെസിങ് മുസബരാനി രണ്ട് വിക്കറ്റും ഷോണ്‍ വില്യംസ് ഒരു വിക്കറ്റും വീഴ്ത്തിയപ്പോള്‍ ദുഷന്‍ ഹേമന്ത് റണ്‍ ഔട്ടായും മടങ്ങി.
ഇതോടെ ഒരു മോശം റെക്കോഡും ശ്രീലങ്ക തങ്ങളുടെ പേരിന് നേരെ എഴുതിച്ചേര്‍ത്തു. അന്താരാഷ്ട്ര ടി-20യില്‍ തങ്ങളുടെ ഏറ്റവും ചെറിയ രണ്ടാമത് ടോട്ടലിനാണ് ലങ്ക പുറത്തായത്. ഒരു ബൈലാറ്ററല്‍ പരമ്പരയില്‍ ലങ്കയുടെ ഏറ്റവും മോശം ടോട്ടലിന്റെ അനാവശ്യ നേട്ടവും ഇതിനോടൊപ്പം അസലങ്കയുടെ ടീമിന് മേല്‍ ചാര്‍ത്തപ്പെട്ടു.
(സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം)
77 – സൗത്ത് ആഫ്രിക്ക – ന്യൂയോര്‍ക് – 2024 (ടി-20 ലോകകപ്പ്)
80 – സിംബാബ്‌വേ – ഹരാരെ – 2025*
82 – ഇന്ത്യ – വിശാഖപട്ടണം – 2016
87 – ഓസ്‌ട്രേലിയ – ബ്രിഡ്ജ്ടൗണ്‍ – 2010 (ടി-20 ലോകകപ്പ്)
87 – ഇന്ത്യ – കട്ടക്ക് – 2017
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേയെ മത്സരത്തിന്റെ സമഗ്രാധിപത്യമേറ്റെടുക്കാന്‍ അനുവദിക്കാതെ ശ്രീലങ്ക കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയെങ്കിലും, വിജയലക്ഷ്യം ചെറുതായതിനാല്‍ ആതിഥേയര്‍ അത് മറികടക്കുകയായിരുന്നു.
താഷിംഗ മുസേവിക (14 പന്തില്‍ പുറത്താകാതെ 21), റയാന്‍ ബേള്‍ (22 പന്തില്‍ പുറത്താകാതെ 20), ബ്രയാന്‍ ബെന്നറ്റ് (23 പന്തില്‍ 19), താഡിവനാഷെ മരുമാനി (12 പന്തില്‍ 17) എന്നിവരാണ് ഷെവ്‌റോണ്‍സിന്റെ വിജയത്തിന് അടിത്തറയൊരുക്കിയത്.
ശ്രീലങ്കയ്ക്കായി ദുഷ്മന്ത ചമീര മൂന്ന് വിക്കറ്റ് നേടി. ബിനുര ഫെര്‍ണാണ്ടോയും മഹീഷ് തീക്ഷണയുമാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
നാളെയാണ് പരമ്പരയിലെ സീരീസ് ഡിസൈഡര്‍ മത്സരം. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാമെന്നിരിക്കെ അരയും തലയും മുറുക്കിയാകും ഇരുവരും കളത്തിലിറങ്ങുക. ഹരാരെ തന്നെയാണ് വേദി.
Content Highlight: SL vs ZIM: Zimbabwe defeated Sri Lanka in 2nd T20