| Thursday, 3rd July 2025, 6:59 am

100/1 ല്‍ നിന്നും 105/8 ലേക്ക്! ഇനിയും വിളിക്ക് ഏഷ്യയിലെ ഏറ്റവും മികച്ച ടീം എന്ന്

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ സന്ദര്‍ശകര്‍ക്ക് തോല്‍വിയോടെ തുടക്കം. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 77 റണ്‍സിനാണ് ആതിഥേയര്‍ വിജയിച്ചുകയറിയത്. ലങ്ക ഉയര്‍ത്തിയ 245 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 167ന് പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ശ്രീലങ്ക 1-0ന് മുമ്പിലെത്തി.

ബംഗ്ലാദേശിന്റെ പരാജയത്തേക്കാളേറെ ടീമിന്റെ പതനമാണ് ചര്‍ച്ചയാകുന്നത്. ഒരുവേള അനായാസ വിജയം സ്വന്തമാക്കുമെന്ന് കരുതിയിടത്ത് നിന്നും വിക്കറ്റ് വലിച്ചെറിഞ്ഞ ബംഗ്ലാ കടുവകള്‍ സ്വയം തോല്‍വിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. കേവലം അഞ്ച് റണ്‍സിനിടെ ഏഴ് വിക്കറ്റുകളാണ് സന്ദര്‍ശകര്‍ വലിച്ചെറിഞ്ഞത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക ക്യാപ്റ്റന്‍ ചരിത് അസലങ്കയുടെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. ഏകദിന കരിയറില്‍ അഞ്ചാം സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ ലങ്കന്‍ സ്‌കോര്‍ ബോര്‍ഡും മുമ്പോട്ട് കുതിച്ചു.

123 പന്ത് നേരിട്ട താരം 106 റണ്‍സാണ് അടിച്ചെടുത്തത്. ആറ് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

43 പന്തില്‍ 45 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസാണ് രണ്ടാമത് മികച്ച റണ്‍ഗെറ്റര്‍. ജനിത് ലിയനാഗെ (40 പന്തില്‍ 29), വാനിന്ദു ഹസരങ്ക (22 പന്തില്‍ 22), മിലന്‍ രത്‌നനായകെ (31 പന്തില്‍ 22) എന്നിവരാണ് ലങ്കന്‍ നിരയില്‍ ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.

ഒടുവില്‍ 49.2 ഓവറില്‍ ആതിഥേയര്‍ 244ന് പുറത്തായി.

ബംഗ്ലാദേശിനായി താസ്‌കിന്‍ അഹമ്മദ് നാലും തന്‍സിം ഹസന്‍ സാഖിബ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. തന്‍വീര്‍ ഇസ്‌ലാം, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ടീം സ്‌കോര്‍ 29ല്‍ നില്‍ക്കവെ ഓപ്പണര്‍ പര്‍വേസ് ഹൊസൈന്‍ എമോണ്‍ 13 റണ്‍സ് നേടി മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും തന്‍സിദ് ഹസനും ചേര്‍ന്ന് 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ടീം സ്‌കോര്‍ 100ല്‍ നില്‍ക്കവെ ഷാന്റോ റണ്‍ ഔട്ടിലൂടെ പുറത്തായി. 26 പന്തില്‍ 23 റണ്‍സാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ ഷാന്റോയ്ക്ക് പിന്നാലെ ക്രീസിലെത്തിയ ഓരോരുത്തരും നിരാശപ്പെടുത്താന്‍ പരസ്പരം മത്സരിക്കുന്ന കാഴ്ചയ്ക്കാണ് കൊളംബോ സാക്ഷ്യം വഹിച്ചത്.

100/1 ല്‍ നിന്നും 105/8 എന്ന നിലയിലേക്കായിരുന്നു ബംഗ്ലാദേശിന്റെ പതനം. ലിട്ടണ്‍ ദാസ് (നാല് പന്തില്‍ പൂജ്യം), തന്‍സിദ് ഹസന്‍ (61 പന്തില്‍ 62), തൗഹിദ് ഹൃദോയ് (നാല് പന്തില്‍ ഒന്ന്), ക്യാപ്റ്റന്‍ മെഹ്ദി ഹസന്‍ മിറാസ് (രണ്ട് പന്തില്‍ പൂജ്യം), തന്‍സിം ഹസന്‍ സാഖിബ് (ആറ് പന്തില്‍ ഒന്ന്), താസ്‌കിന്‍ അഹമ്മദ് (മൂന്ന് പന്തില്‍ പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് അഞ്ച് റണ്‍സിനിടെ ബംഗ്ലാദേശിന് നഷ്ടമായത്.

ഏഴാം നമ്പറില്‍ ക്രീസിലെത്തിയ ജാക്കിര്‍ അലി ടീമിനെ നാണക്കേടില്‍ നിന്നും കരകയറ്റാനുള്ള ശ്രമം നടത്തിയെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. ഒന്നിന് പിന്നാലെ ഒന്നായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ടീം സമ്മര്‍ദത്തിലേക്ക് വീണപ്പോഴും അര്‍ധ സെഞ്ച്വറിയുമായി അലി മികച്ച പ്രകടനം കാഴ്ചവെച്ചു. എങ്കിലും ടീമിന് വിജയത്തിലേക്കെത്തിക്കാന്‍ താരത്തിന് സാധിച്ചില്ല. 64 പന്തില്‍ 51 റണ്‍സുമായാണ് താരം കളംവിട്ടത്.

ഒടുവില്‍ 35.5 ഓവറില്‍ ബംഗ്ലാദേശ് 167ന് പുറത്തായി.

ഈ തകര്‍ച്ചയ്ക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഏഷ്യയിലെ ഏറ്റവും മികച്ച ടീം എന്ന സ്വയം വിളിച്ചാല്‍ പോരാ, അത് കളിക്കളത്തില്‍ കാണമെന്നാണ് ആരാധകരുടെ ഏറ്റവും വലിയ വിമര്‍ശനം.

ജൂലൈ അഞ്ചിനാണ് പരമ്പരയിലെ അടുത്ത മത്സരം. കൊളംബോ തന്നെയാണ് വേദി.

Content Highlight: SL vs BAN: Bangladesh’s batting collapse in 1st ODI

We use cookies to give you the best possible experience. Learn more