| Saturday, 22nd November 2025, 3:47 pm

ആ സീറ്റ് കൂടി കാസക്ക് നല്‍കുക, വയനാട്ടില്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ മുസ്‌ലിം മുക്തമാക്കിയ കോണ്‍ഗ്രസിന് സ്തുതി: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: വയനാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റ് വിഭജനത്തില്‍ അതൃപ്തി രേഖപ്പെടുത്തി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ അയൂബ് മുട്ടില്‍.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സുപ്രധാന സീറ്റുകളില്‍ കോണ്‍ഗ്രസ് മുസ്‌ലിങ്ങളെ പരിഗണിച്ചില്ലെന്ന ആക്ഷേപം അയൂബ് ഉന്നയിച്ചു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍  കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖിനെ യൂദാസ് എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.

2026ല്‍ മുസ്‌ലിം വോട്ടില്ലാതെ തന്നെ തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള വഴി നോക്കാനും കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കാസയ്ക്കാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയതെന്ന ആരോപണവും  ഉന്നയിക്കുന്നുണ്ട്.

വയനാട് ജില്ലാ പഞ്ചായത്തിലേക്കും കല്‍പ്പറ്റ, ബത്തേരി ബ്ലോക്ക് പഞ്ചായത്തുകളിലേക്കും മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ പരിഗണിക്കാതെ മുസ്‌ലിം മുക്തമാക്കിയ കോണ്‍ഗ്രസിന് സ്തുതിയെന്നും അയൂബ്  അഭിപ്രായപ്പെട്ടു.

പനമരം- മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ ഒന്നു വീതം നല്‍കിയ സീറ്റുകളും കാസക്ക് തന്നെ തിരിച്ചു നല്‍കണമെന്നും കല്‍പ്പറ്റ സീറ്റ് വഴി നിയമസഭയില്‍ ശാശ്വതമായി ഇരിക്കാന്‍ ഈ പണി ഒപ്പിച്ച യൂദാസ് സിദ്ദീഖിനും അഭിവാദ്യങ്ങളെന്നും കുറിപ്പില്‍ പറഞ്ഞു.

കല്‍പ്പറ്റയും ബത്തേരിയുമൊക്കെ മുസ്‌ലിം വോട്ടില്ലാതെ 2026 കടക്കാന്‍ വേണ്ട പണിയും കൂടി എടുത്തു കൊള്ളണമെന്നും മുന്നറിയിപ്പ് നല്‍കി.

കമന്റ് ബോക്‌സിലും സമാനമായ അഭിപ്രായങ്ങളാണ് പലരും പങ്കുവെച്ചിരിക്കുന്നത്. കാസ കളിക്കുന്ന കളിയില്‍ കോണ്‍ഗ്രസ് വീഴുന്നുവെന്നും സാമുദായിക സമവായങ്ങളെ കോണ്‍ഗ്രസ് കാറ്റില്‍പറത്തി എന്നൊക്കെയാണ് കമന്റുകളായി പലരും രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, കല്‍പ്പറ്റ ബ്ലോക്കില്‍ കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നും മത്സരിക്കുന്ന മുസ്‌ലിം സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റും പലരും പങ്കുവെച്ചിട്ടുണ്ട്.

അയൂബ് മുട്ടിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

വയനാട് ജില്ലാ പഞ്ചായത്ത്, കല്‍പ്പറ്റ, ബത്തേരി ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവയെ മുസ്ലിം മുക്തമാക്കിയ കോണ്‍ഗ്രസിന് സ്തുതി അര്‍പ്പിക്കുന്നു. പനമരം- മാനന്തവാടി ബ്ലോക്കു പഞ്ചായത്തില്‍ ഒന്നു വീതം നല്‍കിയ സീറ്റും കാസക്ക് തന്നെ തിരിച്ചു നല്‍കുക.

കല്‍പ്പറ്റ സീറ്റു വഴി നിയമസഭയില്‍ ശാശ്വതമായി ഇരിക്കാന്‍ ഈ പണി ഒപ്പിച്ച യൂദാസ് സിദ്ദിഖിനും അഭിവാദ്യങ്ങള്‍. കല്‍പ്പറ്റയും ബത്തേരിയുമൊക്കെ മുസ്‌ലിം വോട്ടില്ലാതെ 2026 കടക്കാന്‍ വേണ്ട പണിയും കൂടി എടുത്തു കൊള്ളുക.

നേരത്തെ, സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയല്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു.

തോമാട്ടുചാല്‍ ബ്ലോക്ക് പഞ്ചായത്തിലേക്കാണ് യു.ഡി.എഫ് വിമതനായി ജഷീറിന്റെ മത്സരം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് ജഷീര്‍ എത്തിയത്. അദ്ദേഹത്തെ രണ്ട് തവണ ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുത്തിരുന്നു.

Content Highlight: SKSSF leader against Wayanad Congress Leaders

We use cookies to give you the best possible experience. Learn more