| Friday, 31st July 2015, 12:16 pm

ജറുസലേമില്‍ ഗേ പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്തവരെ കുത്തിപരിക്കേല്‍പ്പിച്ചു: ആറ് പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജറുസലേം: ജറുസലേമില്‍ ഗേ പ്രൈഡ് മാര്‍ച്ചില് പങ്കെടുത്തവര്‍ക്ക് നേരെ യാഥാസ്ഥിതിക ജൂതന്റെ ആക്രമണം. മാര്‍ച്ചില്‍ പങ്കെടുത്തവരെ ഇയാള്‍ കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് ആഴത്തില്‍ പരിക്കുണ്ട്. ജറുസലേം സിറ്റി സെന്ററിലാണ് സംഭവം ഉണ്ടായത്. സംഭവസ്ഥലത്ത് വെച്ചു തന്നെ ഇയാള്‍ പോലീസ് പിടിയിലായി.

എന്നാല്‍ ആക്രമം ഉണ്ടായിട്ടും മാര്‍ച്ച് അവസാനിപ്പിക്കാന്‍ ഗേ പ്രൈഡ് പ്രവര്‍ത്തകര്‍ തയ്യാറായില്ല. യിഷായ് ഷ്‌ലിസ്സേല്‍ എന്നയാളാണ് ആക്രമം നടത്തിയത്. ഇതേ രീതിയില്‍ ആക്രമണം നടത്തിയതിന് 10 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ഇയാള്‍ ഒരാഴ്ച്ച മുമ്പാണ് ജയില്‍ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയതെന്ന് പോലീസ് പറയുന്നു. 2005ല്‍ മാര്‍ച്ച് നടത്തിയ മൂന്ന് ആളുകളെയാണ് ഇയാള്‍ കുത്തിപരിക്കേല്‍പ്പിച്ചത്.

ജറുസലേമില്‍ പരിക്കേറ്റവരില്‍ രണ്ട് പേര്‍ പുരുഷന്‍മാരാണ്. ഒരു സ്ത്രീക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തെ അപലപിച്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ ഇത് വളരെ ഗുരുതരമായ സംഭവമാണെന്നും കൂട്ടിച്ചേര്‍ത്തു.

“വ്യക്തികളുടെ സ്വകാര്യ സ്വാതന്ത്ര്യത്തെ ഇസ്രായേല്‍ ബഹുമാനിക്കുന്നു. അത് രാജ്യത്ത് പിന്തുടരുന്ന മൗലിക തത്വങ്ങളിലൊന്നാണ്. ഏതൊരു പുരുഷനും ഏതൊരു സ്ത്രീയും അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ സുരക്ഷിതത്വത്തോടെ ജീവിക്കാന്‍ സാധിക്കുന്നുവെന്ന് നമ്മള്‍ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗീക ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണമെന്ന ആവശ്യവുമായി ലോകവ്യാപകമായി നടക്കുന്ന സമരങ്ങളുടെ ഭാഗമായിരുന്നു ജറുസലേമിലും നടന്നത്. മഴവില്‍ നിറങ്ങളുള്ള കൊടികളുയര്‍ത്തിയായിരുന്നു ഗേ പ്രൈഡ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്. അക്രമസാധ്യത മുന്‍ നിര്‍ത്തി കനത്ത സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്നത്.

മുമ്പ് ഇവിടെ ഒരു കൂട്ടം യാഥാസ്ഥിതികര്‍ സ്വര്‍ഗ ലൈംഗീകതയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. അതുകൊണ്ടുതന്നെ യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള ജില്ലകളില്‍ മാര്‍ച്ച് ഒഴിവാക്കാന്‍ സംഘാടകര്‍ തീരുമാനിച്ചിരുന്നു.

We use cookies to give you the best possible experience. Learn more