അഹമ്മദാബാദ്: കാര്‍ഗോ റോപ്പ് വേയുടെ കേബിള്‍ വയര്‍ പൊട്ടിവീണ് ഗുജറാത്തില്‍ ആറ് മരണം. ഗുജറാത്തിലെ പഞ്ചമഹല്‍ ജില്ലയിലെ പാവഗഢ് കുന്നിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് അപകടം നടന്നതതെന്നാണ് വിവരം.
അഞ്ച് പേരെ വഹിച്ച് താഴേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന കാര്‍ഗോയാണ് അപകടത്തില്‍ പെട്ടത്. കാര്‍ഗോയില്‍ ഉണ്ടായിരുന്ന എല്ലാവരും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാരും, രണ്ട് തൊഴിലാളികളും മറ്റ് രണ്ട് പേരുമാണുള്ളത്.
‘കേബിളുകള്‍ പൊട്ടി നാലാമത്തെ ടവറില്‍ നിന്ന് കാര്‍ഗോ റോപ്പ്വേ ട്രോളി വീണതിനെ തുടര്‍ന്ന് ആറ് പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് പേര്‍ പ്രദേശവാസികളും രണ്ട് പേര്‍ കശ്മീരില്‍ നിന്നുള്ളവരും ഒരാള്‍ രാജസ്ഥാനില്‍ നിന്നുള്ളയാളുമാണ്. സംഭവത്തിന്റെ കൃത്യമായ കാരണം ഞങ്ങള്‍ അന്വേഷിച്ചുവരികയാണ്,’ ഗോധ്ര-പഞ്ച്മഹല്‍ റേഞ്ചിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് രവീന്ദ്ര അസാരി പറഞ്ഞു.
രാജസ്ഥാന്‍ സ്വദേശിയായ ഹോട്ടല്‍ തൊഴിലാളി അണ്ണാജി എന്ന ഭൈരവ്ലാല്‍ രതിലാല്‍ ജാട്ട്, ജമ്മു കശ്മീര്‍ സ്വദേശികളായ റോപ്പ്വേ ഓപ്പറേറ്റര്‍മാര്‍ മുഹമ്മദ് അന്‍വര്‍ മഹ്‌മദ് ഷരീഫ്ഖാന്‍, ബല്‍വന്ത്‌സിങ് ധനിറാം, ക്ഷേത്ര സുരക്ഷാ ഉദ്യോഗസ്ഥന്‍ ദിലീപ്‌സിങ് നര്‍വത്സിങ് കോളി, ക്ഷേത്രത്തിലെ ഭക്ഷ്യ സേവന കേന്ദ്രത്തിലെ തൊഴിലാളി ഹിതേഷ്ഭായ് ഹസ്മുഖ്ഭായ് ബാരിയ, പുഷ്പ വ്യാപാരിയായ സുരേഷ്ഭായ് റായ്ജിഭായ് കോളി എന്നിവരാണ് കൊല്ലപ്പെട്ടത്.
മഹാകാളിക ക്ഷേത്രത്തിന് പേരുകേട്ടയിടമാണ് പാവഗഢ് കുന്ന്. ഏകദേശം 800 മീറ്റര്‍ ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്തുന്ന തീര്‍ത്ഥാടകര്‍ കേബിള്‍ കാറും പടികള്‍ ഉപയോഗിച്ചുമാണ് ക്ഷേത്രത്തില്‍ എത്താറുള്ളത്.
ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടകരെ കൊണ്ടുപോകുന്ന പാസഞ്ചര്‍ റോപ്പ്വേ മോശം കാലാവസ്ഥയെത്തുടര്‍ന്ന് അടച്ചിട്ടിരുന്നു. എന്നാല്‍, നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്കായി ഗുഡ്‌സ് റോപ്പ്വേ പ്രവര്‍ത്തിച്ചിരുന്നു. ഇതാണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കൂടുതല്‍ ആളപായമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും പഞ്ച്മഹല്‍ കളക്ടര്‍ അജയ് ദഹിയ പറഞ്ഞു. സംഭവത്തിന്റെ കാരണം അന്വേഷിക്കാന്‍ ഒരു സാങ്കേതിക സമിതിയെ നിയമിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: Six killed in Gujarat after cable wire of cargo Ropeways snaps at Pavagadh Hill