| Tuesday, 20th May 2025, 10:46 pm

മുംബൈയില്‍ നാലുനില കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണ് ആറ് പേര്‍ക്ക് ദാരുണാന്ത്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ നാലുനില കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ആറ് മരണം. മുംബൈയിലെ കല്യാണ്‍ ഈസ്റ്റിലാണ് സംഭവം. അപകടത്തില്‍ നാല് സ്ത്രീകളും രണ്ട് വയസുള്ള കുട്ടിയും ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചത്.

ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 2:15 ഓടെയാണ് അപകടമുണ്ടായത്. സപ്തശ്രിംഗി എന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലെ സ്ലാബ് തകര്‍ന്നുവീഴുകയായിരുന്നു.

അപകടത്തില്‍ നമസ്വി ശ്രീകാന്ത് ഷെലാര്‍ (2), പ്രമീള കല്‍ചരണ്‍ സാഹു (56), സുനിത നീലാഞ്ചല്‍ സാഹു (38), സുശീല നാരായണ്‍ ഗുജാര്‍ (78), വെങ്കട്ട് ഭീമ ചവാന്‍ (42), സുജാത മനോജ് വാദി (38) എന്നിവരാണ് മരിച്ചത്.

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവര്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്.

കെട്ടിടത്തിന്റെ നാലാം നിലയില്‍ ടൈല്‍ വിരിക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ നടക്കുന്നുണ്ടായിരുന്നുവെന്നും ഇതിനിടെയാണ് സ്ലാബ് തകര്‍ന്ന് വീണതെന്നും കല്യാണ്‍ എസ്.ഡി.ഒ വിശ്വാസ് ദിഗംബര്‍ ഗുജാര്‍ പറഞ്ഞു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായാണ് വിവരം. സംഭവസ്ഥലത്ത് ഇപ്പോഴും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്.

കല്യാണ്‍ ഡോംബിവ്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റും താനെ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സും ചേര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

തകര്‍ന്നുവീണ സ്ലാബിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 11 പേരാണ് കുടുങ്ങിയിരുന്നത്. ഇവരില്‍ ആറ് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.

ഏറെ പഴക്കം ചെന്ന ഈ കെട്ടിടത്തില്‍ 52 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കെട്ടിടം പൊളിച്ചുമാറ്റാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ബദല്‍ മാര്‍ഗം ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Content Highlight: Six killed as slab of four-storey building collapses in Mumbai

We use cookies to give you the best possible experience. Learn more