| Saturday, 15th November 2025, 9:51 pm

തമിഴ്‌നാട്ടില്‍ ആറ് കോടി വോട്ടര്‍മാര്‍ അപകടത്തില്‍; എസ്.ഐ.ആറിനെതിരെ വിജയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ ആശങ്ക പങ്കുവെച്ച് തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവും സൂപ്പര്‍താരവുമായ വിജയ്.

എസ്.ഐ.ആര്‍ തമിഴ്‌നാട്ടില്‍ സുതാര്യമായി നടപ്പാക്കാനായില്ലെങ്കില്‍ 6.38 കോടി ജനങ്ങളുടെ വോട്ടവകാശത്തെ ബാധിക്കുമെന്ന ആശങ്ക അദ്ദേഹം പങ്കിട്ടു.

നവംബര്‍ 16ന് തമിഴ്‌നാട്ടില്‍ വ്യാപകമായി എസ്.ഐ.ആറിനെതിരെ പ്രതിഷേധം നടത്താനും ടി.വി.കെ തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധ പ്രകടനത്തിന് സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്.

വോട്ടവകാശം ഭരണഘടനാപരമായ അവകാശമെന്നതിലുപരിയായി പൗരന്മാരുടെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാനാകാത്ത ഒന്നാണ്. നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആ അവകാശം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും വിജയ് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

തമിഴ്‌നാട്ടില്‍ എസ്.ഐ.ആര്‍ നടപ്പിലാക്കുന്ന രീതിയെയും അദ്ദേഹം ചോദ്യം ചെയ്തു. അന്തിമ വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പലര്‍ക്കും വോട്ടവകാശം നഷ്ടപ്പെടുമെന്ന് വിജയ് മുന്നറിയിപ്പ് നല്‍കി.

എസ്.ഐ.ആറിന്റെ ഉദ്ദേശത്തെക്കുറിച്ച് ആളുകള്‍ക്ക് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. യഥാര്‍ത്ഥത്തിലുള്ള പരിശോധനയാണോ അതോ മറഞ്ഞിരിക്കുന്ന പുനഃരജിസ്‌ട്രേഷനാണോ എന്നാണ് ആശങ്കയെന്നും അദ്ദേഹം വിശദീകരിച്ചു.

പരിശോധനയ്ക്ക് ശേഷം എല്ലാവരും ബൂത്ത് ലെവല്‍ ഓഫീസറില്‍ നിന്നും  ഒരു അക്‌നോളജ്‌മെന്റ് കോപ്പി വാങ്ങിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു. വോട്ടവകാശം നഷ്ടപ്പെടാതിരിക്കാന്‍ എല്ലാ വോട്ടര്‍മാരും ബി.എല്‍.ഒമാരെ ബന്ധപ്പെടണമെന്നും വിജയ് പറഞ്ഞു.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം തമിഴ്‌നാട്ടിലെ ജനസംഖ്യ 6.38 കോടിയാണ്. എസ്.ഐ.ആര്‍ ഫോമുകള്‍ ഒരു മാസത്തിനുള്ളില്‍ എല്ലാ വീടുകളിലും എത്തിക്കുന്നത് എങ്ങനെയാണെന്ന കാര്യത്തില്‍ വിജയ് സംശയം ഉന്നയിച്ചു.

വ്യാജ വോട്ടുകളും മരണപ്പെട്ടവരുടെ വോട്ടുകളും നീക്കം ചെയ്യണമെന്നും എന്നാല്‍ നിലവിലുള്ള വോട്ടര്‍മാര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നത് എന്തിനാണെന്നും വിജയ് ചോദിച്ചു.

യുവവോട്ടര്‍മാരെ പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം അരോപിച്ചു. വോട്ടിങ്ങും ജനാധിപത്യവുമാണ് ജനങ്ങളുടെ ശക്തമായ ഉപകരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

Content Highlight: Six crore voters in Tamil Nadu at risk; Vijay against SIR

We use cookies to give you the best possible experience. Learn more