| Friday, 12th December 2025, 7:08 am

ബാലകൃഷ്ണ മുതല്‍ മോഹന്‍ലാല്‍ വരെ, ഡിസംബറില്‍ റിലീസ് മാറ്റിവെച്ചത് ആറ് വമ്പന്‍ സിനിമകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2025 അവസാനത്തോടടുക്കുമ്പോള്‍നിരവധി സിനിമകള്‍ ബോക്‌സ് ഓഫീസില്‍ മാറ്റുരക്കാനായി തയാറെടുത്തിരുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുനന പല സിനമകളും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഇതില്‍ ചില സിനിമകള്‍ റിലീസ് മാറ്റിവെച്ചതാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.

ഭാഷാ വ്യത്യാസമില്ലാതെ പല വമ്പന്‍ സിനിമകളും ഇത്തരത്തില്‍ റിലീസ് മാറ്റിവെച്ചിട്ടുണ്ട്. അതില്‍ ആദ്യത്തേത് തെലുങ്ക് ചിത്രം അഖണ്ഡ 2വാണ്. തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയുടെ മാസ് ചിത്രം ഡിസംബര്‍ അഞ്ചിനായിരുന്നു റിലീസ് പ്രഖ്യാപിച്ചത്. പ്രീമിയര്‍ ഷോയടക്കം അറേഞ്ച് ചെയ്ത ചിത്രം റിലീസിന് മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ കോടതി ഇടപെട്ട് റിലീസ് തടയുകയായിരുന്നു.

ചിത്രത്തിന്റെ നിര്‍മാതാക്കളായ 14 റീല്‍സ് പ്ലസിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിനാലാണ് റിലീസ് മാറ്റിവെച്ചത്. പ്രശ്‌നങ്ങളെല്ലാം ഒരാഴ്ചക്കകം തീര്‍ക്കുകയും ഡിസംബര്‍ 12 (ഇന്ന്) ചിത്രം തിയേറ്ററുകളിലെത്തിക്കുകയും ചെയ്തു. എന്നാല്‍ അഖണ്ഡയുടെ തുടര്‍ച്ചയെന്നോണം മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ മറ്റൊരു ചിത്രത്തിന്റെ റിലീസും കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്.

കാര്‍ത്തിയുടെ പുതിയ ചിത്രം വാ വാധ്യാറിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി ഇടപെട്ട് തടഞ്ഞുവെച്ചു. കഴിഞ്ഞദിവസമാണ് കോടതി ഇക്കാര്യത്തില്‍ ഇടപെട്ടത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ സ്റ്റുഡിയോ ഗ്രീന്‍ മുന്‍ ചിത്രമായ കങ്കുവയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് പൂര്‍ത്തിയാക്കാത്തതാണ് വാ വാധ്യാറിന്റെ റിലീസിന് തടസമായിരിക്കുന്നത്. മേയില്‍ റിലീസാകേണ്ട ചിത്രം പല തവണ വൈകി ഡിസംബറിലെത്തിയെങ്കിലും വീണ്ടും നീണ്ടുപോയിരിക്കുകയാണ്.

പ്രദീപ് രംഗനാഥന്റെ ലവ് ഇന്‍ഷുറന്‍സ് കമ്പനിയും ഇത്തരത്തില്‍ റിലീസ് മാറ്റിവെച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വര്‍ഷം മുമ്പ് ഷൂട്ട് തുടങ്ങിയ ചിത്രം ഈ വര്‍ഷം സമ്മര്‍ റിലീസായി തിയേറ്ററുകളിലെത്തുമെന്നായിരുന്നു അറിയിച്ചത്. പിന്നീട് ദിപാവലി റിലീസായി പ്ലാന്‍ ചെയ്‌തെങ്കിലും ഡിസംബറിലേക്ക് മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രം 2026 ഫെബ്രുവരിയില്‍ മാത്രമേ തിയേറ്ററുകളിലെത്തുകയുള്ളൂ.

ഇതോടെ ഒരു വര്‍ഷത്തില്‍ ഹാട്രിക് 100 കോടിയെന്ന അപൂര്‍വ റെക്കോഡ് പ്രദീപിന് നഷ്ടമായിരിക്കുകയാണ്. ഈ വര്‍ഷം താരത്തിന്റേതായി പുറത്തിറങ്ങിയ രണ്ട് സിനിമകളും 100 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. രജിനി, അജിത്, വിജയ് എന്നിവര്‍ക്ക് ശേഷം ഹാട്രിക് 100 കോടി എന്ന നേട്ടം ഇനിയും പ്രദീപിന് നേടാന്‍ സാധിക്കും.

മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയും റിലീസ് മാറ്റിവെച്ചെന്നാണ് സൂചന. 2025 ദീപാവലിക്ക് ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ റിലീസ് മാറ്റിവെക്കുകയായിരുന്നു. ഡിസംബര്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പില്ലെന്നാണ് റിപ്പോര്‍ട്ട്. മലയാള ചിത്രം റേച്ചലും ഇത്തരത്തില്‍ റിലീസ് മാറ്റിവെച്ചിട്ടുണ്ട്.

പ്രഭാസിന്റെ രാജാ സാബ് ഡിസംബര്‍ അഞ്ചിന് റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് 2026 ജനുവരിയിലേക്ക് മാറ്റി. അനുപമ പരമേശ്വരന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ലോക്ക് ഡൗണും അവസാന നിമിഷം റിലീസ് മാറ്റിവെക്കപ്പെട്ടു. ഒപ്പം റിലീസ് ചെയ്യുന്ന സിനിമകള്‍ക്കെല്ലാം ഈ റിലീസ് മാറ്റം ഉപകാരമായിരിക്കുകയാണ്.

Content Highlight: Six big films postponed in December including Vrushabha

We use cookies to give you the best possible experience. Learn more