| Sunday, 18th January 2015, 9:41 pm

ബാല്‍ താക്കറെയ്ക്ക് വേണ്ടി ഡൂഡിള്‍ വേണമെന്ന് ഗൂഗിളിനോട് ശിവസേനയുടെ ആവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഗൂഗിള്‍ ഡൂഡിള്‍സ്, എല്ലാവര്‍ക്കും സുപരിചിതമാണ് ഏതൊരു പ്രത്യേക ദിനങ്ങളിലും ഗൂഗിള്‍ തങ്ങളുടെ ഡൂഡിള്‍ അതിനനുസരിച്ചു മാറ്റാറുണ്ട്. എന്നാല്‍ ഇത്തവണ ലോകത്തിലെ തന്നെ സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിനുമുന്നില്‍ ഇന്ത്യയില്‍ നിന്ന് ഒരു പ്രത്യേക ആവശ്യം എത്തിയിട്ടുണ്ട്. ശിവസേനയാണ് ആ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

കാര്യം മറ്റൊന്നുമല്ല ഈ വരുന്ന ജനുവരി 23ന് തങ്ങളുടെ സ്ഥാപക നേതാവായ അന്തരിച്ച ബാല്‍താക്കറെയുടെ 89മത് ജന്‍മ ദിനത്തില്‍ ബാല്‍താക്കറെയ്ക്കുവേണ്ടി ഡൂഡിള്‍ നിര്‍മ്മിക്കണമെന്നാണ് ആ ആവശ്യം.

ഈ ആവശ്യത്തിന്റെ ഭാഗമായി ഗൂഗിളിനും സാമ്പത്തികകാര്യ, വിവര-പ്രക്ഷേപണ കാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവരടക്കം മുതിര്‍ന്ന ബി.ജെ.പി നേതാക്കളോട് സഹായം അഭ്യര്‍ത്ഥിച്ച് കത്തയച്ചിട്ടുണ്ടെന്ന് മുംബൈ സൗത്ത് സെന്‍ട്രലില്‍ നിന്നുള്ള ശിവസേന എം.പി രാഹുല്‍ ഷെവലേ പറഞ്ഞു.

പ്രത്യേക ദിവസങ്ങളില്‍ സെര്‍ച്ച് എഞ്ചിന്റെ ഹോംപേജിലെ ലോഗോയില്‍ ഗൂഗിള്‍ വരുത്തുന്ന താല്‍ക്കാലികവും പ്രത്യേകവുമായ മാറ്റങ്ങളാണ് ഡൂഡിള്‍. ഇന്ത്യയുടെ ആഭ്യന്തരമായ പല പ്രത്യേക ദിവസങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഒപ്പം പങ്കുചേര്‍ന്നു കൊണ്ട് നിരവധി ഡൂഡിളുകള്‍ ഗൂഗിള്‍ ഇറക്കിയിട്ടുണ്ട്.

എന്തായാലും ഈ ആവശ്യത്തോട് എങ്ങനെയാണ് ഗൂഗിള്‍ പ്രതികരിക്കുകയെന്ന് അന്നേ ദിവസം വരെ കാത്തിരിക്കുക തന്നെ വേണം.

Latest Stories

We use cookies to give you the best possible experience. Learn more