| Tuesday, 19th August 2025, 2:31 pm

സ്‌കൂള്‍ കുട്ടികള്‍ക്ക് പോലും രക്ഷയില്ലാത്ത ദുഷ്ടന്മാര്‍ ഉള്ള കാലം: വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ശിവന്‍ കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുപനന്തപുരം: സ്‌കൂളുകളില്‍ കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ ഒമ്പത് അധ്യാപകരെ ഇതുവരെ പിരിച്ചുവിട്ടെന്നും 70 പേരുടെ കേസ് ഫയല്‍ കൈവശമുണ്ടെന്നും മന്ത്രി വി. ശിവന്‍ കുട്ടി. അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി ഇനിയും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. തിരുപനന്തപുരത്ത് പൊലീസ് അസോസിയേഷന്റെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികള്‍ക്കെതിരായ അതിക്രമം വെച്ചുപൊറുപ്പിക്കില്ലെന്നും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊലീസുകാരെയും ക്ലാസുകളില്‍ ഇരുത്തണമെന്നും മന്ത്രി പറഞ്ഞു.

‘ഞാന്‍ മന്ത്രിയായി വന്നതിനുശേഷം ഒമ്പത് അധ്യാപകരെ പിരിച്ചുവിട്ടു, 70 പേര്‍ക്കെതിരെയുള്ള കേസ് ഫയല്‍ കൈവശവുമുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്ക് പോലും രക്ഷയില്ലാത്ത ദുഷ്ടന്മാര്‍ ഉള്ള കാലഘട്ടമാണിത്. സ്ത്രീ സുരക്ഷയെകുറിച്ചുള്ള ക്ലാസുകള്‍ നടക്കുമ്പോള്‍ പോലീസുകാരെ കൂടെ ഉള്‍പ്പെടുത്തുന്നത് ആശ്യമായി വന്നിരിക്കുകയാണ്,’ മന്ത്രി പറഞ്ഞു.

അതേസമയം കാസര്‍ഗോഡ് പത്താം ക്ലാസുകാരന്റെ കര്‍ണപുടം അടിച്ച് തകര്‍ത്ത സംഭവത്തില്‍ അധ്യാപകനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. എം. അശോകിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്. പടം കുഴി ഗവ എച്ച്. എസ്.എസിലെ പ്രധാനാധ്യപകനാണ് എം. അശോകന്‍. പ്രധാനാധ്യാപകനെതിരെ ബേഡകം പൊലീസാണ് കേസെടുത്തത്.

ബാലാവകാശ കമ്മീഷനംഗം മോഹന്‍ കുമാര്‍ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ വീട് ഇന്ന് സന്ദര്‍ശിക്കും. കഴിഞ്ഞദിവസമാണ് കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ എം.അശോകന്റെ മര്‍ദനത്തില്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നത്. അസംബ്ലിക്കിടെ കാല്‍കൊണ്ട് ചരല്‍ നീക്കിയതിനാണ് മര്‍ദനമെന്നാണ് വിദ്യാര്‍ഥിയുടെ പരാതി.

കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പനയാല്‍, ബട്ടത്തൂരിലെ എം.അശോകനെതിരെ ജെ.ജെ.ആക്ട്, അടിച്ചു പരിക്കേല്‍പ്പിക്കല്‍ എന്നിവ പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയത്. അശോകന്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് ശേഖരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്റെ ശ്രമം.

Content Highlight: Sivan Kutty says farmers will take action against atrocities against students

We use cookies to give you the best possible experience. Learn more