| Thursday, 12th February 2026, 10:32 pm

ജീവിതത്തില്‍ ഇനി അറിയാതെ പോലും ഡാന്‍സ് ചെയ്യരുതെന്ന് പറഞ്ഞവരെക്കൊണ്ട് തിരുത്തിപ്പറയിച്ച നടനാണ് സൂര്യ: ശിവകുമാര്‍

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരിലൊരാളാണ് സൂര്യ. കരിയറിന്റെ ആദ്യകാലത്ത് അഭിനയത്തിന്റെ പേരില്‍ കേട്ട പഴികളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് സൂര്യ മികച്ച നടന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചത്. കഴിഞ്ഞ കുറച്ചുകാലമായി ബോക്‌സ് ഓഫീസില്‍ അത്രകണ്ട് നല്ല സ്ഥിതിയല്ല സൂര്യയുടേത്. വന്‍ ഹൈപ്പിലെത്തിയ പല സിനിമകളും പ്രതീക്ഷക്കൊത്ത് ഉയരാതെ പോയിരുന്നു.

ശിവകുമാര്‍ Photo: Screen grab/ Galatta Tamil

എന്നാല്‍ സൂര്യയെക്കുറിച്ച് പലരും വിമര്‍ശിക്കുന്നത് ആദ്യകാലം മുതലേ ആരംഭിച്ചതാണെന്ന് പറയുകയാണ് താരത്തിന്റെ അച്ഛനും പഴയകാല നടനുമായ ശിവകുമാര്‍. ഇന്ന് ഈ നിലയില്‍ സൂര്യ എത്തിയത് പല വിമര്‍ശനങ്ങളും നേരിട്ടിട്ടായിരുന്നെന്നും അതെല്ലാം തനിക്ക് ഇന്നും ഓര്‍മയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു ശിവകുമാര്‍.

‘ആദ്യത്തെ സിനിമയില്‍ സൂര്യക്ക് ഡാന്‍സും ഫൈറ്റുമൊക്കെ ഉണ്ടായിരുന്നു. പടത്തിന്റെ ആദ്യ ഷോ കഴിഞ്ഞതിന് ശേഷം റിവ്യൂ ഒക്കെ പുറത്തിറങ്ങിയിരുന്നു. അന്ന് കല്‍ക്കി മാഗസിന്‍ സൂര്യയെക്കുറിച്ച് എഴുതിയത് എനിക്ക് ഇന്നും ഓര്‍മയുണ്ട്. ‘ഇനി ഒരു സ്‌റ്റേജില്‍ പോലും സൂര്യ ഡാന്‍സ് ചെയ്യരുത്, ഇത് അപേക്ഷയാണ്’ എന്നായിരുന്നു പറഞ്ഞത്.

എന്നാല്‍ പിന്നീട് സൂര്യ ചെയ്ത പൂവെല്ലാം കേട്ടുപ്പാര്‍ എന്ന സിനിമയില്‍ ‘സെനോരീറ്റാ’ എന്നൊരു പാട്ടുണ്ട്. ഇട്ടിരിക്കുന്ന ജീന്‍സ് വരെ നനഞ്ഞുപോകുന്ന രീതിയിലാണ് സൂര്യ ഡാന്‍സ് ചെയ്തത്. അന്ന് കുറ്റപ്പെടുത്തി എഴുതിയ അതേ മാഗസിന്‍ ‘ഞങ്ങള്‍ക്ക് തെറ്റുപറ്റി, തിരുത്തുകയാണ്’ എന്ന് എഴുതി. അത്രമാത്രം വെറി പിടിച്ച ഒരുത്തനാണ് സൂര്യ,’ ശിവകുമാര്‍ പറയുന്നു.

ഗജിനി എന്ന ചിത്രത്തിനായി സിക്‌സ് പാക്ക് എല്ലാം സൂര്യ ഉണ്ടാക്കിയെടുത്തെന്നും അദ്ദേഹം പറഞ്ഞു. ബോഡിബില്‍ഡിങ്ങിനെ സീരിയസായി കാണുന്നവര്‍ക്ക് മാത്രമേ സിക്‌സ് പാക്ക് വരുള്ളുവെന്നും അത്തരത്തില്‍ സൂര്യ സിക്‌സ് പാക്ക് ഉണ്ടാക്കിയെടുത്തത് വലിയ ഡെഡിക്കേഷനിലൂടെയാണെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് കുടവയറാണ്. പക്ഷേ, അവന്‍ ഇപ്പോഴും സിക്‌സ് പാക്ക് മെയിന്റെയിന്‍ ചെയ്യുന്നുണ്ട്. അത് എത്രമാത്രം അപകടമാണെന്ന് അറിയാമോ? അത് അവന്‍ നേടിയെടുത്തിട്ടുണ്ട്. കണ്ടാല്‍ സാധാരണ ആളുകളെപ്പോലെ തോന്നുമെങ്കിലും വല്ലാത്തൊരു വെറി അവനിലുണ്ട്. അതാണ് ഇന്നും അവനെ മുന്നോട്ട് നയിക്കുന്നത്,’ ശിവകുമാര്‍ പറഞ്ഞു.

ഇപ്പോള്‍ ഹിറ്റുകളൊന്നും ഇല്ലാത്തതിന്റെ പേരില്‍ സൂര്യയെ കളിയാക്കേണ്ടതില്ലെന്നും പഴയതിനെക്കാള്‍ ശക്തമായി താരം തിരിച്ചുവരുമെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ശിവകുമാറിന്റെ വാക്കുകള്‍ രോമാഞ്ചം നല്‍കുന്നുണ്ടെന്നും കമന്റുകളുണ്ട്.

Content Highlight: Sivakumar shares the criticisms Suriya faced in his initial times

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more