| Sunday, 25th October 2026, 9:49 pm

രജിനികാന്ത് സാറിനെ ഞാന്‍ വിളിച്ച് വരുത്തി അഭിനന്ദിക്കുന്ന വീഡിയോ കണ്ടിരുന്നു, സത്യത്തില്‍ ഞാനദ്ദേഹത്തെ ഫോണ്‍ വിളിച്ച് അഭിനന്ദിച്ചു; ട്രോളുകളെ കുറിച്ച് ശിവകാര്‍ത്തികേയന്‍

അശ്വിന്‍ രാജേന്ദ്രന്‍

തമിഴ് സിനിമയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാകാനുള്ള തയ്യാറെടുപ്പിലാണ് രജിനികാന്ത് നായകനായെത്തിയ ജയിലര്‍ 2. നെല്‍സന്റെ സംവിധാനത്തില്‍ 2023ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുങ്ങിയപ്പോള്‍ വലിയ വിജയമായിരുന്നു ചിത്രത്തിന് സ്വന്തമാക്കാന്‍ സാധിച്ചത്. റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളില്‍ തന്നെ തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ ഇന്‍ഡസ്ട്രി ഹിറ്റടിച്ച ചിത്രം ആഗോളതലത്തില്‍ 600 കോടിയിലധികമാണ് സ്വന്തമാക്കിയത്.

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഒട്ടേറെ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൂട്ടത്തില്‍ ഒരുപാട് വൈറലായത് ശിവകാര്‍ത്തികേയനെതിരെയുള്ള ഒരു ട്രോള്‍ വീഡിയോയായിരുന്നു. ജയിലര്‍ 2വിന്റെ വലിയ വിജയത്തെ തുടര്‍ന്ന് ശിവകാര്‍ത്തികേയന്‍ രജിനിയെയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയും തന്റെ വീട്ടിലേക്ക് വിളിച്ച് അഭിനന്ദിക്കുന്ന എ.ഐ നിര്‍മിത വീഡിയോ ആയിരുന്നു ഇത്തരത്തില്‍ വൈറലായത്.

ജയിലര്‍ 2. Photo: Nelson Dilipkumar/ X.com

തമിഴില്‍ നിന്നും മികച്ച പ്രതികരണം നേടുന്ന ചിത്രങ്ങളുടെ സംവിധായകരെയും അഭിനേതാക്കളെയും ശിവകാര്‍ത്തികേയന്‍ ഇത്തരത്തില്‍ അഭിനന്ദിച്ചിരുന്നു. രജിനിയും കമലും ചെയ്യുന്ന കാര്യം ശിവകാര്‍ത്തികേയന്‍ അനുകരിക്കുന്നു എന്ന പേരില്‍ നേരത്തേ തന്നെ താരത്തിനെതിരെ ട്രോളുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ജയിലര്‍ 2വുമായി ബന്ധപ്പെട്ട് ശിവകാര്‍ത്തികേയനെതിരെ ട്രോളുകള്‍ രൂക്ഷമായത്.

ഇപ്പോഴിതാ തമിഴ്‌നാട്ടില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ ട്രോളുകളെ കുറിച്ച് ചോദിച്ച ചോദ്യത്തിന് ശിവകാര്‍ത്തികേയന്‍ പറഞ്ഞ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

Photo: X.com

‘ജയിലര്‍ 2വിന്റെ വിജയത്തിന് ഞാന്‍ രജിനി സാറിനെ വിളിച്ച് അഭിനന്ദിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു. സത്യം പറഞ്ഞാല്‍ രജിനി സാറിനെ ഫോണ്‍ ചെയ്ത് പടം വളരെ നന്നായിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഒരു ആരാധകനെന്ന നിലയില്‍ അതാണ് നമ്മള്‍ ചെയ്യുക. അതുകൊണ്ട് തന്നെ ഇത്തരം ട്രോളുകള്‍ ഒരു വലിയ വിഷയമായി കണ്ട് നമ്മള്‍ മനസില്‍ വെക്കാന്‍ പാടില്ലെന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെ ചെയ്താല്‍ ഈ ജീവിതം നമുക്ക് പോസിറ്റീവായി കൊണ്ടുപോകാന്‍ സാധിക്കില്ല. മുഖമില്ലാത്ത ആളുകളില്‍ നിന്നും വരുന്ന നെഗറ്റീവ് കമന്റുകള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതില്ല,’ ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

Content Highlight: Sivakarthikeyan talks about troll against him

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more