| Wednesday, 7th October 2026, 7:51 pm

ഫാന്‍സുണ്ടാകും പക്ഷേ അന്ന് നീ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകുമോ എന്ന് ആ നിര്‍മാതാവ് ചോദിച്ചു: ശിവകാര്‍ത്തികേയന്‍

അശ്വിന്‍ രാജേന്ദ്രന്‍

നെപ്പോട്ടിസം വാഴുന്ന സിനിമാ മേഖലയില്‍ തന്റെ കഠിനാധ്വനത്തിലൂടെ തമിഴ് ഫിലിം ഇന്‍സ്ട്രിയില്‍  സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് ശിവകാര്‍ത്തികേയന്‍. ടെലിവിഷന്‍ പരിപാടികളിലും അവാര്‍ഡ് ഷോകളിലും അവതാരകനായി കരിയര്‍ ആരംഭിച്ച ശിവകാര്‍ത്തികേയന്‍ ഇന്ന് തമിഴിലെ മുന്‍നിര അഭിനേതാക്കളില്‍ ഒരാളാണ്. 2012 ല്‍ പുറത്തിറങ്ങിയ മറിന എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിച്ച താരം റെമോ, അമരന്‍, ഡോക്ടര്‍, ഡോണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു.

അഭിനയത്തിലെ വിജയത്തിന് പിന്നാലെ ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ നിര്‍മാണ മേഖലയിലും താരം സജീവമാണ്. രാധികയെ നായികയാക്കി ശിവകുമാര്‍ മുരുകേശന്‍ സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ വലിയ വിജയം നേടിയ തായ്കിഴവിയായിരുന്നു ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.

ശിവകാര്‍ത്തികേയന്‍. Photo: X.com

തന്റെ രണ്ടായിരത്തിലധികം ആരാധകരെ പങ്കെടുപ്പിച്ചുകൊണ്ട് ശിവകാര്‍ത്തികേയന്‍ ചെന്നൈയില്‍ നടത്തിയ പരിപാടിയാണ് ഇപ്പോള്‍ തമിഴ് സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. താരത്തിന്റെ ആരാധകരെല്ലാം തന്നെ വെള്ള വസ്ത്രം അണിഞ്ഞുകൊണ്ടായിരുന്നു പരിപാടിക്കെത്തിയത്. തമിഴ്‌നാട് സെക്രട്ടറിയേറ്റുമായി സാമ്യതയുള്ള വിധത്തിലായിരുന്നു ചടങ്ങിന് വേദിയൊരുക്കിയത്. ഇത് താരത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള എന്‍ട്രിയാണെന്നുള്ള തരത്തില്‍ വരെ അഭ്യൂഹങ്ങള്‍ ഉയരുന്നതിന് കാരണമായിരുന്നു.

ചടങ്ങില്‍ സംസാരിക്കുന്നതിനിടെ തന്റെ കരിയറിന്റെ തുടക്കകാലത്ത് ഉണ്ടായ അനുഭവത്തെ കുറിച്ച് ശിവകാര്‍ത്തികേയന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്നെയും ആരാധകരെയും പരിഹസിക്കുന്ന വിധത്തില്‍ ഒരു നിര്‍മാതാവ് സംസാരിച്ച അനുഭവമാണ് ശിവകാര്‍ത്തികേയന്‍ പങ്കുവെച്ചത്.

‘ഞാന്‍ ചുരുങ്ങിയ ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച് സമയത്ത് ഒരു സംഭവമുണ്ടായി. ഒരു ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ പതിനഞ്ചോളം വരുന്ന ആരാധകര്‍ എന്നെ കാണാനായി വന്നു. അത് കണ്ടിട്ട് അവരെല്ലാം ആരാണെന്ന് പ്രൊഡ്യൂസര്‍ എന്നോട് ചോദിച്ചു. എന്റെ ആരാധകരാണെന്ന് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. നിനക്ക് ഫാന്‍സ് എല്ലാം ഉണ്ടോ എന്നാണ് അത് കേട്ട് പ്രൊഡ്യൂസര്‍ എന്നോട് ചോദിച്ചത്.

ഉണ്ട് സാര്‍, ഇപ്പോള്‍ ഒരുപാട് പേര്‍ എന്നെ ഇത്തരത്തില്‍ വന്ന് കാണാറുണ്ടെന്ന് ഞാന്‍ പറഞ്ഞു. ഇതെല്ലാം തുടക്കത്തില്‍ ഉണ്ടാകുന്ന ക്രേസാണെന്നും കുറച്ച് കാലം കഴിഞ്ഞാല്‍ ഇവരെയൊന്നും കാണില്ലെന്നും നിര്‍മാതാവ് പറഞ്ഞപ്പോള്‍ അവര്‍ എപ്പോഴും ഉണ്ടാകുമെന്ന് ഞാന്‍ മറുപടി കൊടുത്തു. എന്താണ് അദ്ദേഹത്തിന്റെ മനസിലെന്ന് എനിക്ക് അപ്പോള്‍ മനസിലായില്ല.

ശിവകാര്‍ത്തികേയന്‍. Photo: X.com

രണ്ട് തവണ ഞാന്‍ എതിര്‍ത്ത് പറഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു, കുറച്ച് കാലം കഴിഞ്ഞാല്‍ നീ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകുമോ എന്ന് നോക്കിക്കോളാന്‍ പറഞ്ഞിട്ട് അദ്ദേഹം പോയി. ഇപ്പോഴിതാ 2026ല്‍ ശിവകാര്‍ത്തികേയന്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ മീറ്റ് 2000ലധികം ആളുകളുമായി നടക്കുകയാണ്,’ താരം പറഞ്ഞു.

Content Highlight: Sivakarthikeyan talks about his experience with fans

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more