| Sunday, 25th October 2026, 7:50 pm

പുകവലി എനിക്ക് അലര്‍ജിയാണ്, മദ്യത്തിന് പകരം ജീരക വെള്ളം ഉപയോഗിക്കും: ശിവകാര്‍ത്തികേയന്‍

അശ്വിന്‍ രാജേന്ദ്രന്‍

നെപ്പോട്ടിസം വാഴുന്ന സിനിമാ മേഖലയില്‍ തന്റെ കഠിനാധ്വനത്തിലൂടെ തമിഴ് ഫിലിം ഇന്‍സ്ട്രിയില്‍ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് ശിവകാര്‍ത്തികേയന്‍. ടെലിവിഷന്‍ പരിപാടികളിലും അവാര്‍ഡ് ഷോകളിലും അവതാരകനായി കരിയര്‍ ആരംഭിച്ച ശിവകാര്‍ത്തികേയന്‍ ഇന്ന് തമിഴിലെ മുന്‍നിര അഭിനേതാക്കളില്‍ ഒരാളാണ്. 2012 ല്‍ പുറത്തിറങ്ങിയ മറിന എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിച്ച താരം റെമോ, അമരന്‍, ഡോക്ടര്‍, ഡോണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു.

അഭിനയത്തിലെ വിജയത്തിന് പിന്നാലെ ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ നിര്‍മാണ മേഖലയിലും താരം സജീവമാണ്. രാധികയെ നായികയാക്കി ശിവകുമാര്‍ മുരുകേശന്‍ സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ വലിയ വിജയം നേടിയ തായ്കിഴവിയായിരുന്നു ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.

ശിവകാര്‍ത്തികേയന്‍. Photo: X.com

ഇപ്പോഴിതാ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ മദ്യപാന, പുകവലി രംഗങ്ങളില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ശിവകാര്‍ത്തികേയന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് ഇത്തരത്തിലുള്ള രംഗങ്ങളില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്നും എന്നാല്‍ കഥ ആവശ്യപ്പെടുന്നതാണെങ്കില്‍ തീര്‍ച്ചയായും ചെയ്യുമെന്നുമാണ് ശിവകാര്‍ത്തികേയന്‍ പറഞ്ഞത്.

‘എന്റെ ആദ്യകാല സിനിമകളില്‍ ഞാന്‍ മദ്യപിക്കുന്നതും പുകവലിക്കുന്നതുമായ ചില രംഗങ്ങള്‍ ചെയ്തിരുന്നു. അതിനുശേഷം, കഥാപാത്രങ്ങള്‍ക്ക് അങ്ങനെയൊന്ന് ആവശ്യമില്ലാത്തപ്പോഴെല്ലാം ഞാന്‍ ഈ രംഗങ്ങള്‍ ഒഴിവാക്കി. പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളെ ഞാന്‍ ചെയ്യില്ലെന്ന് പറഞ്ഞ് സംവിധായകരെ ഭയപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.

ശിവകാര്‍ത്തികേയന്‍. Photo: X.com

കഥയ്ക്ക് ആവശ്യമാണെങ്കില്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ ചെയ്യും. എനിക്ക് പുകയോട് അലര്‍ജിയുണ്ട്. മദ്യപിക്കുന്ന രംഗങ്ങളാണെങ്കില്‍ ഞാന്‍ ജീരകവെള്ളമാണ് ആവശ്യപ്പെടാറുള്ളത്. അതിനാല്‍, എന്റെ സിനിമകളില്‍ ഞാന്‍ സ്ഥിരമായി ഈ രീതിയാണ് പിന്തുടരുന്നത്. സംവിധായകരാരും എന്നെ നിര്‍ബന്ധിച്ചിട്ടുമില്ല,’ ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

Content Highlight: Sivakarthikeyan talks about acting in drinking and smoking scene in his movies

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more