നിലവില്‍ തമിഴിലെ ജനപ്രിയനടന്മാരില്‍ ഒരാളാണ് ശിവകാര്‍ത്തികേയന്‍. ചാനല്‍ അവതാരകനായി കരിയര്‍ ആരംഭിച്ച ശിവയുടെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയ താരം ടൈര്‍ 2വിലെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു. വിജയ് നായകനായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലെ അതിഥിവേഷം വലിയ മൈലേജാണ് ശിവകാര്‍ത്തികേയന് സമ്മാനിച്ചത്.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മദ്രാസിയുടെ ഓഡിയോ ലോഞ്ച് അടുത്തിടെ നടന്നിരുന്നു. ഓഡിയോ ലോഞ്ചില്‍ സിനിമയെക്കുറിച്ചും കൂടെ വര്‍ക്ക് ചെയ്തവരെക്കുറിച്ചും ശിവ സംസാരിച്ചു. ചിത്രത്തില്‍ വില്ലനായി വേഷമിട്ട വിദ്യുത് ജംവാളിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
‘ആരാണ് വില്ലനെന്ന് ഡയറക്ടര്‍ സാറിനോട് ചോദിച്ചു. വിദ്യുത് ജംവാളാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോള്‍ തന്നെ പകുതി ഗ്യാസ് പോയി. ഏതൊക്കെ രീതിയില്‍ ഫൈറ്റ് ചെയ്യുമെന്ന് നമുക്ക് വിചാരിക്കാന്‍ പോലും പറ്റാത്ത നടനാണ് പുള്ളി. എന്തായാലും വരുന്നത് വരട്ടെ എന്ന ചിന്തയില്‍ ഷൂട്ടിന് വേണ്ടി പോയി. തിരുച്ചെന്തൂരിലായിരുന്നു ആദ്യത്തെ ഷെഡ്യൂള്‍.
അവിടെ മുരുകന്റെ അമ്പലത്തില്‍ തൊഴുതിട്ട് സെറ്റിലേക്ക് പോകാമെന്ന് വിചാരിച്ച് പുറത്തേക്കിറങ്ങിയപ്പോള്‍ ആറടിയില്‍ കൂടുതല്‍ ഹൈറ്റുമായി ഒരു രൂപം. നോക്കുമ്പോള്‍ വിദ്യുത് ജംവാള്‍. മുണ്ടും ഷര്‍ട്ടും നെറ്റിയില്‍ ഭസ്മവുമായി നില്‍ക്കുന്ന എന്റെയടുത്ത് വന്ന് കൈ തന്നു. പുള്ളിയുടെ കൈ തന്നെ ഒരു ക്രിക്കറ്റ് ബാറ്റ് പോലെയായിരുന്നു. ഞാന്‍ പേര് പറഞ്ഞ് പരിചയപ്പെട്ടു. ‘നിങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്’ എന്ന് പറഞ്ഞിട്ട് പുള്ളി പോയി.
‘നല്ല പാടുള്ള ഫൈറ്റാണ്. എന്നെ രക്ഷിച്ചില്ലെങ്കില്‍ മുഖം തിരിച്ചറിയാന്‍ പറ്റാത്തതുപോലെയാകും’ എന്നായിരുന്നു അമ്പലത്തില്‍ വെച്ച് പ്രാര്‍ത്ഥിച്ചത്. ക്ലൈമാക്‌സിലാണ് ഞങ്ങള്‍ തമ്മിലുള്ള ഫൈറ്റ് ഉള്ളത്. എന്നെക്കൊണ്ട് അടിക്കാന്‍ പറ്റില്ലെങ്കിലും തടുക്കാനെങ്കിലും ശ്രമിക്കണമെന്ന് തീരുമാനിച്ചു. പോക്കിരിയില്‍ വടിവേലു സാറിന്റെ ‘ലൊജക്, പജക്, മൊജക് എന്ന ഡയലോഗ് ഒരു മന്ത്രം പോലെ പറഞ്ഞ് പരിശീലിച്ചു,’ ശിവകാര്‍ത്തികേയന്‍ പറഞ്ഞു.
വിദ്യുത് ജംവാള്‍ പ്രൊഫഷണല്‍ ഫൈറ്ററാണെന്നും അയാളോടൊപ്പം ഫൈറ്റില്‍ പിടിച്ചുനില്‍ക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരുപാട് നേരം ട്രെയിന്‍ ചെയ്ത ശേഷം ഫൈറ്റ് ഷൂട്ട് ചെയ്‌തെന്നും തന്റെ എഫര്‍ട്ട് കണ്ട് വിദ്യുത് തന്നെ അഭിനന്ദിച്ചെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു. തന്നോടൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്തതിന് വിദ്യുത് ജംവാളിനോട് നന്ദി പറഞ്ഞാണ് ശിവകാര്‍ത്തികേയന്‍ പ്രസംഗം അവസാനിപ്പിച്ചത്.
Content Highlight: Sivakarthikeyan shares shooting experience with Vidyut Jamwal