ശിവ കാർത്തികേയനെ നായകനാക്കി എ,ആർ.മുരുഗദോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മദ്രാസി. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം ആക്ഷൻ ത്രില്ലറായിട്ടാണ് ഒരുങ്ങിയത്. സിനിമ സെപ്റ്റംബർ അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്. ഇപ്പോൾ ഒ.ടി.ടി സ്ട്രീമിങ്ങിനൊരുങ്ങുകയാണ് മദ്രാസി.
ഒക്ടോബർ ഒന്നിനാണ് ചിത്രം ഒ.ടി.ടിയിൽ എത്തുന്നത്. ആമസോൺ പ്രൈമിനാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം. ചിത്രം ഒ.ടി.ടിയിൽ എത്തുമ്പോൾ ശിവ കാർത്തികേയൻ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
അമരൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ശിവ കാർത്തികേയൻ നായകനായും സിക്കന്ദർ എന്ന ചിത്രത്തിന് ശേഷം മുരുഗദോസ് സംവിധാനം ചെയ്തതുമായ ചിത്രമാണ് മദ്രാസി. ശിവ കാർത്തികേയന്റെ കരിയറിലെ ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങിയത്.
എന്നാൽ പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെങ്കിലും മോശമല്ലാത്ത റിപ്പോർട്ടുകൾ ചിത്രത്തിന് ലഭിച്ചു. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ആഗോള ബോക്‌സ് ഓഫീസ് കളക്ഷനായി 100 കോടി രൂപ ചിത്രത്തിന് ലഭിച്ചു. ഡോക്ടർ, ഡോൺ, അമരൻ എന്നീ ചിത്രങ്ങൾക്ക് പിന്നാലെ 100 കോടി ക്ലബിലെത്തുന്ന നാലാമത്തെ ചിത്രമാണ് മദ്രാസി.
ശ്രീ ലക്ഷ്മി മൂവീസ് നിർമിച്ച ചിത്രത്തിൽ രുക്മിണി വസന്താണ് നായിക. മലയാളി നടൻ ബിജു മേനോനും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. വിദ്യുത് ജമാൽ, ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സുധീപ് ഇളമൺ ക്യാമറ ചലിപ്പിച്ചപ്പോൾ ശ്രീകർ പ്രസാദാണ് എഡിറ്റിങ് നിർവഹിച്ചത്. ചിത്രത്തെ കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിച്ചത് മാജിക് ഫ്രെയിംസാണ്.
Content Highlight: Sivakarthikeyan’s fourth 100 crore film to go on OTT