| Wednesday, 7th January 2026, 9:43 pm

ട്രെയ്‌ലറില്‍ പോലും ഒളിപ്പിച്ചു വെച്ച സര്‍പ്രൈസാണല്ലോ, പരാശക്തിയില്‍ ഞെട്ടിക്കാനൊരുങ്ങി ബേസില്‍

അമര്‍നാഥ് എം.

പൊങ്കലിന് ദളപതിയോടൊപ്പം ക്ലാഷ് റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് പരാശക്തി. സുധാ കൊങ്കരയുടെ സംവിധാനത്തില്‍ ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ വെച്ചുപുലര്‍ത്തുന്നത്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പരാശക്തി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ വരവേല്പാണ് ലഭിച്ചത്.

ശിവകാര്‍ത്തികേയന്‍ Photo: Screen grab/ News 18 Kerala

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ശിവകാര്‍ത്തികേയന്‍ അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ കൊച്ചിയില്‍ എത്തിയിരുന്നു. മലായളസിനിമയെക്കുറിച്ച് വാതോരാതെ സംസാരിച്ച ശിവകാര്‍ത്തികേയന്‍ സിനിമയിലെ സര്‍പ്രൈസും വെളിപ്പെടുത്തി.  മലയാളികളുടെ സ്വന്തം ബേസില്‍ ജോസഫും പരാശക്തിയില്‍ അതിഥിവേഷം ചെയ്യുന്നുണ്ടെന്നാണ് ശിവകാര്‍ത്തികേയന്‍ അറിയിച്ചത്.

‘ഈ സിനിമയില്‍ ഒരു സ്‌പെഷ്യലുണ്ട്. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട, എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട എന്റെ സുഹൃത്ത് ബേസില്‍ ജോസഫ് സ്‌പെഷ്യല്‍ അപ്പിയറന്‍സ് ചെയ്തിട്ടുണ്ട്. പെര്‍മിഷന്‍ ചോദിച്ചിട്ടാണ് ഞാന്‍ ഇത് പറയുന്നത്. ഇല്ലെങ്കില്‍ സുധാ മാം എന്റെ പണി തീര്‍ക്കും. അദ്ദേഹത്തോടാണ് ഞാന്‍ ഒരുപാട് ഇന്ററാക്ട് ചെയ്തത്.

എല്ലാവരോടും ഞാന്‍ നന്നായി പെരുമാറിയിട്ടുണ്ട്. പക്ഷേ, ബേസിലിനോട് കുറച്ചധികം സംസാരിക്കാന്‍ അവസരം ലഭിച്ചത്. നല്ല ഫണ്ണിയായിട്ടുള്ള മനുഷ്യനാണ് അദ്ദേഹം. ശ്രീലങ്കയിലായിരുന്നു അദ്ദേഹത്തിന്റെ സീനുകള്‍. ഷൂട്ട് കഴിഞ്ഞിട്ടും ബേസില്‍ കുറച്ചധികം കാലം ശ്രീലങ്കയില്‍ താമസിച്ചു. ആ സമയത്താണ് ഞങ്ങള്‍ കമ്പനിയായത്,’ ശിവകാര്‍ത്തികേയന്‍ പറയുന്നു.

ചിത്രത്തിന്റെ ട്രെയ്‌ലറില്‍ പോലും കാണിക്കാത്തതിനാല്‍ വളരെ ഗംഭീരമായ വേഷമായിരിക്കും ബേസിലിന്റേതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചിത്രത്തിന്റെ സെറ്റില്‍ പട്ടാളവേഷത്തില്‍ പ്രത്യക്ഷപ്പെട്ട ബേസിലിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. എന്നാല്‍ ചില അഭിമുഖങ്ങളില്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബേസില്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

സൂരറൈ പോട്ര്, ഇരുധി സുട്ര് പോലുള്ള ക്ലാസിക്കുകള്‍ ഒരുക്കിയ സുധ കൊങ്കരയുടെ ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാകും ബേസില്‍ അവതരിപ്പിക്കുക. ഹിന്ദി അടിച്ചേല്പിക്കലിനെതിരെയുള്ള പോരാട്ടത്തിന്റെ കഥയാണ് പരാശക്തി പറയുന്നത്. കരിയറിലെ ആദ്യ തമിഴ് ചിത്രത്തില്‍ ബേസിലിന്റെ പ്രകടനം എത്ര പവര്‍ഫുള്ളാണെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Sivakarthikeyan revealed that Basil Joseph done a cameo in Parasakthi movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more