വിജയ് ചിത്രം ജന നായകന്‍ സെന്‍സര്‍ഷിപ്പ് കുരുക്കില്‍പ്പെട്ട് റിലീസ് നീളുന്നതില്‍ പ്രതികരണവുമായി നടന്‍ ശിവകാര്‍ത്തികേയന്‍. സിനിമകളില്‍ പ്രദര്‍ശനത്തിന് തയ്യാറെടുക്കുമ്പോള്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി മുന്‍കൂട്ടി അപേക്ഷ നല്‍കേണ്ട സാഹചര്യമാണെന്നും ജന നായകനും പരാശക്തിയും ഒരുമിച്ച് തിയേറ്ററുകളിലെത്തണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു.
തന്റെ പുതിയ ചിത്രമായ പരാശക്തിയുടെ പ്രൊമോഷന്‍ പരിപാടിയില്‍ ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇത് വളരെ അപ്രതീക്ഷിതമായിരുന്നു. ചിത്രം മാറ്റിവയ്ക്കുമെന്ന് ആരും കരുതിയിരുന്നില്ല. രണ്ട് സിനിമകളും തിയേറ്ററില്‍ ഒരേസമയം പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. കഴിഞ്ഞ 15 ദിവസമായി കുറെ അപ്രതീക്ഷിതമായ കാര്യങ്ങളാണ് നടക്കുന്നത്. ഞങ്ങള്‍ എല്ലാ ദിവസവും പുതിയ കാര്യങ്ങള്‍ പഠിക്കുന്നുണ്ടായിരുന്നു.
എനിക്കാരുമായും മത്സരിക്കാന്‍ ഇഷ്ടമല്ല. ഈ സിനിമാ മേഖലയില്‍ എല്ലാവര്‍ക്കും മതിയായ ഇടമുണ്ട്. എനിക്ക് മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഞാന്‍ ഒരു അറ്റ്‌ലറ്റോ ബോക്‌സറോ ആകുമായിരുന്നു,’ ശിവകാര്‍ത്തികേയന്‍ പറയുന്നു.
തന്റെ പരാശക്തി എന്ന സിനിമയും റിലീസിന് ഒരു ദിവസം മുമ്പാണ് സെന്‍സര്‍ ക്ലിയറന്‍സ് ലഭിച്ചതെന്നും അവസാനം നിമിഷം ഇത്തരത്തിലുള്ള അനിശ്ചിതത്വങ്ങള്‍ ഒഴിവാക്കാന്‍ നിര്‍മാതാക്കള്‍ കൂടുതലായും ജാഗ്രത പാലിക്കണമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
സെന്‍സര്‍ഷിപ്പിന്റെ കുരുക്കില്‍ പെട്ട പരാശക്തി നാളെയാണ് (ജനുവരി 10) തിയേറ്ററുകളിലെത്തുന്നത്. ഹിന്ദിക്കെതിരെ സംസാരിക്കുന്ന രംഗങ്ങളടക്കം 25 മാറ്റങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. സൂരറൈ പോട്രുവിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീലീല, ജയം രവി തുടങ്ങി വന്‍താരനിരയുണ്ട്.
അതേസമയം ജനുവരി 9ന് തിയേറ്ററുകളിലെത്തേണ്ടിയരുന്ന ജന നായകന് അടുത്തൊന്നും റിലീസ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദര്‍ശനാനുമതി നല്‍കിയെങ്കിലും ഉത്തരവില്‍ വീണ്ടും സ്‌റ്റേ വരികയായിരുന്നു.
Content Highlight: Sivakarthikeyan has reacted to the delay in the release of Vijay’s film Jana Nayak due to censorship issues