| Tuesday, 9th September 2025, 8:36 pm

മുംബൈയിലും ബാംഗ്ലൂരിലും ചെയ്യുന്നതുപോലെ ചെയ്തിരുന്നെങ്കില്‍ ജയിലര്‍ 1000 കോടി കളക്ഷന്‍ നേടിയേനെ: ശിവകാര്‍ത്തികേയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ ജനപ്രിയ താരങ്ങളിലൊരാളാണ് ശിവകാര്‍ത്തികേയന്‍. ചാനല്‍ അവതാരകനില്‍ നിന്ന് തമിഴിലെ ഏറ്റവും മൂല്യമുള്ള താരമായുള്ള ശിവകാര്‍ത്തികേയന്റെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. എന്റര്‍ടൈന്മെന്റ് സിനിമകളിലൂടെ ശ്രദ്ധ നേടിയ താരം പിന്നീട് ആക്ഷന്‍ ഴോണറിലേക്ക് ചുവടുമാറ്റുകയായിരുന്നു. കുടുംബപ്രേക്ഷകരുടെ പിന്തുണ ലഭിച്ചാണ് താരം ഉയരത്തിലെത്തിയത്.

ശിവകാര്‍ത്തികേയന്റെ ഏറ്റവും പുതിയ ചിത്രമായ മദ്രാസി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിക്കന്ദറിന്റെ വമ്പന്‍ പരാജയത്തിന് ശേഷം എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങിയ ചിത്രം ഇതിനോടകം 80 കോടിക്കടുത്ത് കളക്ഷന്‍ നേടി.

തമിഴ് സിനിമാലോകം കഴിഞ്ഞ കുറച്ചുകാലങ്ങളായി ചര്‍ച്ച ചെയ്യുന്ന കാര്യമാണ് 1000 കോടി ക്ലബ്ബ്. കന്നഡ, തെലുങ്ക്, ഹിന്ദി ഇന്‍ഡസ്ട്രികള്‍ ഈ നേട്ടത്തിലെത്തിയെങ്കിലും കോളിവുഡിന് ഇന്നേവരെ ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചില്ല. വന്‍ ഹൈപ്പിലെത്തുന്ന പല ചിത്രങ്ങളും പ്രതീക്ഷക്കൊത്ത് ഉയരാത്തതിനെക്കുറിച്ചും തമിഴ് സിനിമക്ക് 1000 കോടി കളക്ഷന്‍ ലഭിക്കാത്തതിനെക്കുറിച്ചും സംസാരിക്കുകയാണ് ശിവകാര്‍ത്തികേയന്‍.

‘1000 കോടി എന്ന നേട്ടത്തിലേക്ക് തമിഴ് സിനിമ എത്താറായെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ആ നേട്ടത്തിലേക്ക് നമ്മുടെ ഇന്‍ഡസ്ട്രിയും എത്തിച്ചേരുമെന്നാണ് കരുതുന്നത്. 1000 കോടി നേട്ടത്തിലെത്താന്‍ പല സിനിമകളും ശ്രമിച്ചെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. കഥപറച്ചിലില്‍ വന്ന പോരായ്മയും പാന്‍ ഇന്ത്യന്‍ അല്ലാത്തതുമാണ് പരാജയത്തിന് കാരണം.

ക്വാളിറ്റിയോടൊപ്പം എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ് ടിക്കറ്റ് വിലയും. മുംബൈയിലും ബാംഗ്ലൂരിലുമൊക്കെ ചെയ്യുന്നതുപോലെ ടിക്കറ്റിന് അമിത ചാര്‍ജ് ഈടാക്കിയിരുന്നെങ്കില്‍ ജയിലര്‍ എന്ന സിനിമ 800 മുതല്‍ 1000 കോടി വരെ കളക്ഷന്‍ നേടിയേനെ. പക്ഷേ, ടിക്കറ്റിന്റെ വില കൂട്ടുന്നതിനോട് എനിക്ക് യോജിപ്പില്ല. നോര്‍ത്ത് ഇന്ത്യയിലും നമ്മുടെ സിനിമകള്‍ ശ്രദ്ധിക്കപ്പെടുമെന്ന് കരുതുന്നു,’ ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

അമരന്റെ വന്‍ വിജയത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ചിത്രമാണ് മദ്രാസി. ബോളിവുഡ് താരം വിദ്യുത് ജംവാളാണ് ചിത്രത്തില്‍ വില്ലനായി വേഷമിട്ടത്. കന്നഡ താരം രുക്മിണി വസന്താണ് നായിക. രഘു എന്ന യുവാവിന് ജീവിതത്തില്‍ നേരിടേണ്ടി വരുന്ന മിഷനും അത് അയാള്‍ പൂര്‍ത്തിയാക്കുന്നതുമാണ് മദ്രാസിയുടെ കഥ. മലയാളികളുടെ സ്വന്തം ബിജു മേനോനും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

Content Highlight: Sivakarthikeyan about why Tamil Cinema didn’t touch 1000 crore milestone

We use cookies to give you the best possible experience. Learn more