| Monday, 25th August 2025, 5:18 pm

അങ്ങനെയൊരു ചിന്ത എനിക്കുണ്ടായിരുന്നെങ്കില്‍ വിജയ് സാര്‍ എന്നോടൊപ്പം അഭിനയിക്കില്ലായിരുന്നു: ശിവകാര്‍ത്തികേയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിലവില്‍ തമിഴ് സിനിമയിലെ ഏറ്റവും മികച്ച എന്റര്‍ടൈനറാണ് ശിവകാര്‍ത്തികേയന്‍. ചാനല്‍ അവതാരകനായി കരിയര്‍ ആരംഭിച്ച താരം വളരെ വേഗത്തില്‍ ഇന്‍ഡസ്ട്രിയുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു. ടൈര്‍ 2 നടന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും കുടുംബപ്രേക്ഷകരുടെ ഇഷ്ട ചോയിസായി മാറാനും ശിവകാര്‍ത്തികേയന് സാധിച്ചു.

താരത്തിന്റെ കരിയറില്‍ വലിയൊരു മാറ്റമുണ്ടാക്കിയ ചിത്രമായിരുന്നു ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. വിജയ് നായകനായ ചിത്രത്തില്‍ അതിഥിവേഷത്തിലായിരുന്നു ശിവ പ്രത്യക്ഷപ്പെട്ടത്. വിജയ്‌യുമൊത്തുള്ള സീനിന് പിന്നാലെ അടുത്ത ദളപതിയെന്ന് പലരും ശിവകാര്‍ത്തികേയനെ വിശേഷിപ്പിച്ചിരുന്നു. താരത്തിന് പിന്നീട് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു.

ഇപ്പോഴിതാ അടുത്ത ദളപതി എന്ന പരാമര്‍ശത്തോട് പ്രതികരിക്കുകയാണ് ശിവകാര്‍ത്തികേയന്‍. ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലെ അതിഥിവേഷത്തിന് ശേഷം തനിക്ക് പലരും പല വിളിപ്പേരും നല്‍കാറുണ്ടെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞു. ദിടീര്‍ (പെട്ടെന്നുണ്ടായ) ദളപതി, കുട്ടി ദളപതി എന്നീ വിളിപ്പേരുകള്‍ തന്റെ ശ്രദ്ധയില്‍ പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മദ്രാസിയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് അടുത്ത വിജയ് ആകണമെന്ന് യാതൊരു ചിന്തയുമില്ല. അത് അന്നായാലും ഇന്നായാലും ഇല്ലെന്ന് തന്നെയാണ് ഉത്തരം. ഗോട്ടിലെ ആ ‘തുപ്പാക്കി’ സീനിനെപ്പറ്റി ഒരുപാട് പേര്‍ അവരവരുടെ ഇഷ്ടത്തിന് ഓരോന്ന് സംസാരിച്ചു കഴിഞ്ഞു. ഈ ലോഞ്ചില്‍ അതിനെപ്പറ്റി ഒന്നും മിണ്ടണ്ട എന്ന് വിചാരിച്ചതായിരുന്നു. ഇവിടെയും ആ സീനിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ എനിക്ക് പറയാനുള്ളത് പറഞ്ഞേ പറ്റൂ എന്ന് തോന്നി.

വിജയ് സാര്‍ നിന്ന സ്ഥലത്തേക്ക് എത്തണമെന്ന് ഒരുകാലത്തും ഞാന്‍ ആഗ്രഹിച്ചില്ല. അങ്ങനെയൊരു ചിന്ത എനിക്കുണ്ടായിരുന്നെങ്കില്‍ അദ്ദേഹം എന്റെ കൈയില്‍ തുപ്പാക്കി തരില്ലായിരുന്നു. ഞാനത് വാങ്ങുകയുമില്ലായിരുന്നു. അണ്ണന്‍ എല്ലാ കാലത്തും അണ്ണന്‍ തന്നെയാണ്. തമ്പി എപ്പോഴും തമ്പിയാണ്. അത് എന്നും അങ്ങനെ തന്നെയായിരിക്കും,’ ശിവകാര്‍ത്തികേയന്‍ പറയുന്നു.

ഒരാള്‍ക്ക് മറ്റൊരാളുടെ ആരാധകരെ സ്വന്തമാക്കാന്‍ പറ്റില്ലെന്നും താരം പറഞ്ഞു. സിനിമാജീവിതം വേണ്ടെന്ന് പറഞ്ഞ് രാഷ്ട്രീയത്തിലേക്കിറങ്ങിയ വ്യക്തിയാണ് വിജയ് എന്നും അദ്ദേഹത്തിന്റെ പിന്നില്‍ ആയിരങ്ങളുണ്ടെന്നും ശിവകാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു. ആ ആരാധകര്‍ തന്നെയാണ് അദ്ദേഹത്തിന്റെ ശക്തിയെന്നും താരം പറയുന്നു.

Content Highlight: Sivakarthikeyan about the titles he got after The Greatest of All Time

We use cookies to give you the best possible experience. Learn more