ശിവഗിരി: എ.കെ. ആന്റണിയുടെ കാലത്ത് ശിവഗിരിയില്‍ നടന്ന പൊലീസ് നടപടിയെ പിന്തുണച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. പൊലീസ് നടപടി അനിവാര്യമായിരുന്നെന്നും അന്നത്തെ സര്‍ക്കാര്‍ സഹായിക്കുകയാണ് ചെയ്തതെന്നും അന്ന് പ്രകാശാനന്ദ പക്ഷത്തുണ്ടായിരുന്ന സ്വാമി സച്ചിദാനന്ദ പറഞ്ഞു.
‘ഒരു സ്ഥലത്ത് പൊലീസ് കയറുന്നത് ആര്‍ക്കും ഇഷ്ടമല്ല. എന്നാല്‍ ശിവഗിരിയില്‍ പൊലീസ് കയറി. അധികാര കൈമാറ്റം നടത്താന്‍ തടസ്സം നിന്നവരാണ് അന്ന് ആ പ്രശ്‌നമുണ്ടാക്കിയത്. അന്ന് അധികാരകൈമാറ്റം നടത്തിയിരുന്നെങ്കില്‍ ശിവഗിരിയില്‍ ഒരു പ്രശ്‌നവും ഉണ്ടാകുമായിരുന്നില്ല.
ഈ സാഹചര്യത്തില്‍ ഏതൊരു സര്‍ക്കാരിനും ഇത്തരത്തിലുള്ള നടപടിയേ സ്വീകരിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. കോടതി നിര്‍ദേശത്തെ ലംഘിച്ചാല്‍ അത് കോടതിയലക്ഷ്യമാകും. ഈ സാഹചര്യത്തില്‍ ശിവഗിരിയെയും ഗുരുദേവ പ്രസ്ഥാനത്തെയും സംരക്ഷിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്നാണ് എനിക്ക് മനസിലാക്കാന്‍ സാധിച്ചത്,’ സ്വാമി സച്ചിദാനന്ദ പറഞ്ഞു.
എന്നാല്‍ ഇതിന് കടകവിരുദ്ധമായിരുന്നു മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ പ്രസ്താവന. അന്ന് ശിവഗിരിയില്‍ നടന്നത് നരനായാട്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
‘ഒരുകാലത്തും ശിവഗിരി മഠത്തില്‍ നടന്ന പൊലീസ് നടപടി അംഗീകരിക്കാനാകില്ല. അന്ന് നടന്നത് നരനായാട്ടായിരുന്നു. അതിന് ദൃക്സാക്ഷിയാണ് ഞാന്‍. പൊലീസ് ഒരു ആരാധനാലയത്തില്‍ കയറി വന്ന് ചെയ്യുന്ന പ്രവര്‍ത്തിയല്ല അന്ന് പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായത്.
ഹൈക്കോടതി ഉത്തരവ് അന്ന് സുഗമമായി തന്നെ എ.കെ ആന്റണി സര്‍ക്കാരിന് നടപ്പാക്കാമായിരുന്നു. എന്നാലതൊന്നും വകവെയ്ക്കാതെയാണ് പൊലീസ് നടപടിയുണ്ടായത്.
വിഷയത്തില്‍ ആന്റണി സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ട് ഇതുവരെയും പുറത്തുവന്നിട്ടില്ല. എന്തുകൊണ്ടാണ് ആന്റണി റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്ന് വ്യക്തമാക്കണം. ഈ സംഭവം തന്നെ വര്‍ഷങ്ങളായി വേട്ടയാടുന്നു എന്നാണ് ആന്റണി പറയുന്നത്. കൂടെയുള്ളവര്‍ പോലും സംരക്ഷിക്കുന്നില്ലെന്നും പറയുന്നു. ഇതില്‍ നിന്നും വ്യക്തമാണ് ആന്റണിയുടെ ഇപ്പോഴത്തെ തുറന്നുപറച്ചില്‍ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടിട്ടുള്ളതാണെന്ന്. ശിവഗിരിക്കും ശ്രീനാരായണീയര്‍ക്കും ഏറ്റ മുറിവ് ഒരിക്കലും ഉണക്കാനാകില്ല’, സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
ഭരണകൈമാറ്റം സംബന്ധിച്ച തര്‍ക്കങ്ങളാണ് ശിവഗിരിയിലെ പൊലീസ് നടപടികളിലേക്ക് കാര്യങ്ങളെത്തിച്ചത്. നിലവിലുണ്ടായിരുന്ന ഭരണസമിതി പുതിയ ഭരണസമിതിക്ക് അധികാരം നല്‍കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഇത് കോടതിയിലെത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസമാണ് എ.കെ ആന്റണി തന്റെ ഭരണകാലത്ത് നടന്ന മുത്തങ്ങയിലെയും ശിവഗിരിയിലെയും പൊലീസ് അതിക്രമങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
ഹൈക്കോടതി നിര്‍ദേശം കാരണം പൊലീസ് നടപടിക്ക് ഉത്തരവിടേണ്ടി വന്നതാണെന്നും താന്‍ ആരാധിക്കുന്ന ആത്മീയഗുരുവാണ് ശ്രീനാരായണ ഗുരുവെന്നും ആന്റണി പറഞ്ഞിരുന്നു.
Content Highlight: Sivagiri: Swami Sachidannada backs AK Antony