| Sunday, 13th July 2025, 4:49 pm

സോറി വേണ്ട നീതി മതി; ശിവഗംഗ കസ്റ്റഡി മരണത്തില്‍ ടി.വി.കെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് ശിവഗംഗയിലെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധവുമായി തമിഴക വെട്രി കഴകം (ടി.വി.കെ). മടപ്പുറം ഭദ്രകാളിയമ്മന്‍ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായ അജിത് കുമാറിന്റെ മരണത്തിലെ കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കേന്ദ്രത്തിന് പിന്നില്‍ ഒളിച്ചിരിക്കുകയാണെന്ന് ടി.വി.കെ അധ്യക്ഷന്‍ വിജയ് പറഞ്ഞു.

ചെന്നൈയിലെ സ്വാമി ശിവാനന്ദ ശാലൈയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് വിജയ്‌യുടെ പരാമര്‍ശം. കറുത്ത ഷര്‍ട്ട് ധരിച്ചാണ് വിജയ് ഉള്‍പ്പടെയുള്ള ഭൂരിഭാഗം പ്രവര്‍ത്തകരും പ്രതിഷേധ വേദിയിലെത്തിയത്.

സി.ബി.ഐ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും കൈകളിലെ പാവയാണെന്നും വിജയ് വിമര്‍ശിച്ചു. ഡി.എം.കെ ഭരണത്തിന് കീഴില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ കസ്റ്റഡി മരണങ്ങളില്‍ നീതി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ടി.വി.കെയുടെ പ്രതിഷേധം.

‘അജിത് കുമാറിന്റെ കുടുംബത്തോട് മാത്രം മുഖ്യമന്ത്രി ക്ഷമാപണം നടത്തിയാല്‍ പോര. കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട മറ്റ് 24 പേരുടെ കുടുംബത്തോട് നിങ്ങള്‍ മാപ്പ് പറഞ്ഞോ? എന്തുകൊണ്ട് നിങ്ങള്‍ അവരോട് മാപ്പ് പറയുന്നില്ല. നഷ്ടപരിഹാരം കൊടുക്കുന്നില്ല,’ വിജയ് ചോദിച്ചു.

സ്റ്റാലിന്‍ സര്‍ക്കാര്‍ ‘ക്ഷമിക്കണം മാ’ ഭരണകൂടമാണെന്നും ടി.വി.കെ അധ്യക്ഷന്‍ പരിഹസിച്ചു. കാലാവധി തീരുന്നതിന് മുമ്പേ സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ഡി.എം.കെ അടിയന്തിരമായി ഇടപെടണമെന്നും വിജയ് പറഞ്ഞു.

2020ല്‍ സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയ സാന്തന്‍കുളം കസ്റ്റഡി മരണക്കേസിലെ അന്വേഷണം തമിഴ്‌നാട് സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറിയിരുന്നു. തൂത്തുക്കുടി ജില്ലയില്‍ കച്ചവടം നടത്തിയിരുന്ന പി. ജയരാജിനെയും മകന്‍ ജെ. ബെന്നിക്സിനെയും അറസ്റ്റ് ചെയ്ത പൊലീസ് ഇരുവരെയും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് മൂന്നാം ദിവസം ഇരുവരും മരിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. സംഭവം വിവാദമായതോടെ കേസിലെ അന്വേഷണം സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സിക്ക് കൈമാറുകയായിരുന്നു.

അന്ന് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കേണ്ടി വന്നത് തമിഴ്‌നാട് പൊലീസിന് തന്നെ അപമാനമാണെന്ന് സ്റ്റാലിന്‍ പറഞ്ഞിരുന്നതായി വിജയ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇപ്പോള്‍ സ്റ്റാലിനും അത് തന്നെയാണ് ചെയ്യുന്നതെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

അജിത് കുമാറിന്റെ മരണം, അണ്ണാ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിക്കെതിരായ ലൈംഗികാതിക്രമം എന്നിവയിലെല്ലാം കോടതിക്ക് ഇടപെടേണ്ടി വന്നെങ്കില്‍ മുഖ്യമന്ത്രി എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും വിജയ് ചോദിച്ചു.

‘സോറി വേണ്ട, നീതി മതി’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് ടി.വി.കെ പ്രവര്‍ത്തകര്‍ സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചത്.

Content Highlight: No need for apologies, justice is enough; TVK protests Sivaganga’s custodial death

We use cookies to give you the best possible experience. Learn more