| Thursday, 15th January 2026, 10:32 am

ഇറാനിലെ സ്ഥിതി ഗുരുതരം; ആശങ്കയറിയിച്ച് ശശി തരൂര്‍

നിഷാന. വി.വി

ന്യൂദല്‍ഹി: ഇറാനില്‍ വര്‍ദ്ധിച്ച് വരുന്ന സംഘര്‍ഷങ്ങളിലും പ്രതിഷേധങ്ങളിലും ആശങ്കയറിയിച്ച് വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂര്‍.

സ്ഥിതിഗതികള്‍ വളരെ ഗുരുതരമാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങള്‍ ഇറാന്‍ ഭരണകൂടത്തിന് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇറാനിലേക്കുള്ള യാത്ര ഇന്ത്യക്കാര്‍ ഒഴിവാക്കണമെന്നുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് പിന്നാലെയായിരുന്നു തരൂരിന്റെ പരാമര്‍ശം.

ഇറാനില്‍ നിന്നുള്ള വിവരങ്ങള്‍ വളരെ പരിമിതമാണെന്നും ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെന്നും തരൂര്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘ ഇറാനില്‍ നിന്നുള്ള കാര്യമായ വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നില്ല. മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ മാത്രമേ ഞങ്ങളും അറിയൂ. എന്നാല്‍ അവയുടെ ഉറവിടങ്ങളും ഒരു പരിധിവരെ അസ്ഥിരമാണ്. ഇറാനില്‍ കാര്യങ്ങള്‍ ഭയാനകമാണെന്നാണ് എന്റെ ധാരണ. 3000 ത്തോളം പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതായി തോന്നുന്നു,’ തരൂര്‍ പറഞ്ഞു.

ദുഷ്‌കരമായ സാഹചര്യങ്ങള്‍ നേരിടുന്ന ഖമേനി സര്‍ക്കാരിന് അടുത്ത കുറച്ച് ദിവസങ്ങള്‍ നിര്‍ണായകമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് ഉടന്‍ രാജ്യം വിടണമെന്ന് ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

‘നിലവില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ (വിദ്യാര്‍ത്ഥികള്‍, തീര്‍ത്ഥാടകര്‍, ബിസിനസുകാര്‍, വിനോദസഞ്ചാരികള്‍)
വാണിജ്യ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ലഭ്യമായ ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇറാനില്‍ നിന്ന് പുറത്ത് പോകാന്‍ നിര്‍ദേശിക്കുന്നു,’ ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു.

ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന അമേരിക്കയെ അപലപിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു.

യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും യു.എന്‍ അംബാസഡര്‍ അബുകര്‍ ദാഹിര്‍ ഒസ്മാനെയും അഭിസംബോധന ചെയ്ത് അയച്ച കത്തിലാണ് ഇറാന്റെ ആവശ്യം.

തന്റെ രാജ്യത്തിനെതിരെ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതിനും ബലപ്രയോഗം നടത്തുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും അമേരിക്കയെ അപലപിക്കണമെന്നാണ്
ഐക്യരാഷ്ട്ര സഭയേട് ഇറാന്‍ ആവശ്യപ്പെട്ടത്.

ഡിസംബര്‍ 28 നാണ് ഇറാനില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. രാജ്യവ്യാപകമായ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധമാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്.

നൂറുകണക്കിന് സാധാരണക്കാരും സുരക്ഷാ സേനയിലെ അംഗങ്ങളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 2,000 പേര്‍ കൊല്ലപ്പെട്ടതായി ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Situation in Iran is serious; Shashi Tharoor expresses concern

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more