മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. വിനയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘അതിശയന്‍’ എന്ന ചിത്രത്തിലെ ‘പമ്മി പമ്മി’ എന്ന ഗാനത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ച സിത്താര തന്റെ നീണ്ട 20 വര്‍ഷത്തെ കരിയറില്‍ 200ല്‍ പരം ഗാനങ്ങള്‍ ആലപിച്ചു.
ചായപ്പാട്ട്, ഋതു തുടങ്ങിയ ഗാനങ്ങളിലൂടെ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കിലും സജീവമാണ് സിത്താര. ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കിനെ കുറിച്ച് സംസാരിക്കുകയാണ് സിത്താര.
Photo: സിത്താര
‘ഗായകര്‍ക്ക് എപ്പോഴും സംഗീതവുമായി ഇടപെട്ടിരിക്കാന്‍ ആണ് ഇഷ്ടം. ഭാഗ്യവശാല്‍ പാട്ട് പ്രൊഫഷനായ ആളുകളാണ് ഞങ്ങള്‍. പാഷന്‍ ആയിട്ടോ തങ്ങളേക്കാള്‍ ഗൗരവത്തിലോ പാട്ടിനെ കണ്ടിട്ടുള്ള ആളുകള്‍ക്ക് ഒരുപക്ഷേ ഇത് മാത്രമായിരിക്കില്ല ഉപജീവനമാര്‍ഗം. എന്നെ സംബന്ധിച്ച് ഇനി അങ്ങോട്ട് സംഗീതം തന്നെയാണ് ജീവിതമെന്ന് ഉറപ്പായി കഴിഞ്ഞു.
സിനിമയുടെ ഉള്ളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല സംഗീതം എന്നത് എല്ലാവരും പറയുന്ന കാര്യമാണ്. ഭാഗ്യവശാല്‍ ഇപ്പോള്‍ സിനിമയ്ക്ക് പുറത്ത് ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് ചെയ്യാനും അത് കാണാനും ഓഡിയന്‍സ് ഉണ്ട്. സിനിമയിലൂടെ മാത്രമല്ല സംഗീതം എക്‌സ്പ്രസ് ചെയ്യാന്‍ കഴിയുക എന്ന് മനസിലായി കഴിഞ്ഞു,’ സിത്താര പറയുന്നു.
സിനിമയില്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്ന കമ്പോസേഴ്സ് ഇപ്പോള്‍ സ്വതന്ത്രമായി സംഗീതം ചെയ്യുന്നുണ്ടെന്നും സുഷിന്‍ ശ്യാമിനെ പോലെ തിരക്കുള്ള സംഗീത സംവിധായകര്‍ പോലും ഇപ്പോള്‍ സ്വന്തന്ത്രമായി മ്യൂസിക് ചെയ്യുന്നുണ്ടെന്നും സിത്താര കൂട്ടിച്ചേര്‍ത്തു.
ചെറിയ ചിന്തകളും ആശയങ്ങളും ഗാനമാക്കാന്‍ കഴിയും എന്നതാണ് ഇന്‍ഡിപെന്‍ഡന്‍ഡ് മ്യൂസിക്കിന്റെ ഗുണമെന്നും ഒരുപാട് ഗായകരെ ഇപ്പോള്‍ നമുക്ക് അങ്ങനെ കാണാന്‍ കഴിയുന്നുണുണ്ടെന്നും സിത്താര പറഞ്ഞു.
കപ്പ ടിവിയില്‍ സിത്താര ആലപിച്ച ഋതു എന്ന ഗാനം വലിയ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. പിന്നീട് നിരവധി ഗാനങ്ങള്‍ക്ക് സിതാര സംഗീതം നല്‍കി. മുഹ്‌സിന്‍ പരാരി വരികള്‍ നല്‍കി ഡബ്‌സിയും സിത്താരയും ആലപിച്ച് ഹിറ്റായി തീര്‍ന്ന ആല്‍ബമാണ് ചായപ്പാട്ട്. ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
Content Highlight: Sithara talks about independent music