മലയാള സംഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ പ്രിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ. ചലച്ചിത്ര ഗാനങ്ങൾക്കൊപ്പം തന്നെ പ്രോജക്ട് മലബാറിക്കസ് എന്ന തന്റെ മ്യൂസിക് ബാൻഡിലൂടെ സ്വതന്ത്ര സംഗീത രംഗത്തും സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ ഒരു ഇൻഡിപെൻഡന്റ് മ്യൂസിഷ്യൻ എന്ന നിലയിലുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയാണ് സിത്താര. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
സിത്താര കൃഷ്ണകുമാർ.photo.Facebook
‘ഒരു ഇൻഡിപെൻഡന്റ് മ്യൂസിഷ്യൻ എന്ന രീതിയിൽ എനിക്ക് എല്ലാവരോടും പറയാനുള്ളത്, ഇങ്ങനെയുള്ള പാട്ടുകളും എല്ലാവരും കേൾക്കണം അത്തരത്തിൽ ഉള്ള ട്രാക്കുകൾക്ക് കൂടി ഒരു സ്പേസ് കൊടുക്കണം എന്നാണ്. എന്നാൽ ഇപ്പോൾ അതിനൊക്കെ വലിയ രീതിയിലുള്ള മാറ്റങ്ങൾ വന്നിട്ടുണ്ട്. റിയാലിറ്റി ഷോകളിൽ ജഡ്ജിങ് പാനലിൽ ഇരിക്കുമ്പോൾ എനിക്ക് മനസ്സിലാകുന്നത്, പുതിയ കുട്ടികൾക്ക് സിനിമ പാട്ട് എന്നത് മാത്രമല്ല ലക്ഷ്യം. അവർക്ക് സ്വന്തമായി പാട്ടുകൾ ഉണ്ടാക്കണം, അതിനൊരു മീഡിയേറ്ററുടെയും ആവശ്യമില്ല. ആ ഒരു സ്വാതന്ത്ര്യം അവർ ശരിക്കും ആസ്വദിക്കുന്നുണ്ട്.
ഇൻഡിപെൻഡന്റായി ചെയ്യുന്ന ഗാനങ്ങൾക്ക് ഇന്ന കഥാപാത്രത്തിന് അല്ലെങ്കിൽ ഇന്ന സന്ദർഭത്തിന് അനുയോജ്യമാകണം എന്ന നിർബന്ധമില്ല. മനസ്സിൽ തോന്നുന്ന ഒരു ചെറിയ ആശയം പോലും പാട്ടുകളാക്കാം. അത് ക്ലിക്ക് ആയാൽ ഇൻസ്റ്റാഗ്രാം പോലുള്ള സമൂഹമാധ്യമങ്ങൾ വഴി നല്ല രീതിയിൽ സ്വീകാര്യത ലഭിക്കുകയും ചെയ്യും. അത് വളരെ സ്വാഭാവികമായി നടന്നാൽ പ്രശ്നമില്ല, എന്നാൽ സോഷ്യൽ മീഡിയയുടെ സ്ഥിരമായിട്ടുള്ള ഒരു പാറ്റേണിൽ നമ്മൾ ലോക്ക് ആയിപ്പോയാൽ ഭയങ്കര ബുദ്ധിമുട്ടാണ്. അപ്പോഴാണ് വ്യൂസ്, ലൈക്‌സ്, കമന്റ്‌സ് എന്നിവയിലൊക്കെ വലിയ പ്രഷർ ആളുകൾക്ക് വരുന്നത്. അതിനെയൊന്നും ശ്രദ്ധിക്കാത്ത ഒരു പക്വതയിലേക്ക് എത്തിയാൽ നല്ലതാണ്.
പക്ഷെ പുതിയ കുട്ടികൾ ഇത്തരം കാര്യങ്ങളിലൊന്നും അത്ര ശ്രദ്ധിക്കാറില്ല എന്ന് തോന്നുന്നു. ഈയൊരു മാറ്റത്തിന്റെ നടുവിലുള്ള ഞങ്ങളെപ്പോലെയുള്ള ആളുകളാണ് പെട്ടിരിക്കുന്നത്. കാരണം നമ്മൾ പഴയതാണോ എന്ന് ചോദിച്ചാൽ പഴയതുമല്ല, എന്നാൽ പുതിയതാണോ എന്ന് ചോദിച്ചാൽ അങ്ങനെയുമല്ല. എന്റെ പാട്ട് ഭാഷയിൽ പറയുകയാണെകിൽ ഞങ്ങളെപ്പോലുള്ളവരുടെ നടു പേജുകൾ ഈ കമന്റ് ബോക്സിലൊക്കെ വന്ന് ഒരുപാട് ആളുകൾ കീറാറുണ്ട്. എന്നാൽ അതിൽ പോസിറ്റീവ് ക്രിട്ടിസിസം എന്ന രീതിയിലല്ലാതെ, യാതൊരു അടിസ്ഥാനവുമില്ലാതെ കമന്റ് ഇടുന്നവർക്ക് ഞാൻ മറുപടി കൊടുക്കാറുമുണ്ട്,’ സിത്താര കൃഷ്ണകുമാർ പറഞ്ഞു.
സിത്താര കൃഷ്ണകുമാർ.photo.screen grab/youtube