| Monday, 20th July 2026, 3:43 pm

സിത്തുമണി എന്ന പേര് ആദ്യം വിളിച്ചത് അവര്‍, പിന്നെ എല്ലാവരും വിളിക്കാന്‍ തുടങ്ങി: സിത്താര കൃഷ്ണകുമാര്‍

അമര്‍നാഥ് എം.

മലയാളത്തിലെ മികച്ച പിന്നണിഗായികമാരില്‍ ഒരാളാണ് സിതാര കൃഷ്ണകുമാര്‍. അതിശയനിലൂടെ പിന്നണിഗാനരംഗത്തെത്തിയ സിത്താര ഒരുപിടി മികച്ച ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. മൂന്ന് തവണ സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ സിത്താര ഇന്‍ഡിപ്പെന്‍ഡന്റ് ആല്‍ബങ്ങളിലൂടെയും ശ്രദ്ധ നേടി. അന്യഭാഷയിലും തന്റെ സാന്നിധ്യമറിയിക്കാന്‍ അവര്‍ക്ക് സാധിച്ചിച്ചിട്ടുണ്ട്.

കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് സിത്താര ഒരുക്കിയ പല ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. പ്രൊജക്ട് മലബാറിക്കസ് എന്ന പേരില്‍ ഒരുക്കിയ ബാന്‍ഡിനും വലിയ ഫാന്‍ ബേസുണ്ട്. സിത്താര എന്ന പേരിനെ ചുരുക്കി ‘സിത്തുമണി’ എന്നും ചിലര്‍ വിളിക്കാറുണ്ട്. ആ പേര് വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സിത്താര.

ചാനല്‍ റിയാലിറ്റി ഷോയില്‍ വെച്ചാണ് തനിക്ക് ഈ പേര് ലഭിച്ചതെന്ന് സിത്താര പറയുന്നു. കൊച്ചുകുട്ടികളുടെ റിയാലിറ്റി ഷോയായിരുന്നു അതെന്നും അവര്‍ക്ക് വിളിക്കാന്‍ എളുപ്പത്തിനാണ് ഇങ്ങനെയൊരു പേര് ഇട്ടതെന്നും സിത്താര കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സിത്താര ഇക്കാര്യം പറഞ്ഞത്.

‘ആ റിയാലിറ്റി ഷോയില്‍ വെച്ചാണ് ആദ്യമായി സിത്തുമണി എന്ന പേര് കിട്ടിയത്. അത് കഴിഞ്ഞ് ചെയ്ത റിയാലിറ്റി ഷോയിലും പലരും ആ പേര് തന്നെയാണ് വിളിച്ചത്. എനിക്ക് മാത്രമല്ല, ഒപ്പമുണ്ടായിരുന്ന പലരുടെയും പേര് മാറ്റിയിട്ടുണ്ടായിരുന്നു. വിധു പ്രതാപിന് വിധുവണ്ണന്‍, ജ്യോത്സ്‌നയെ ജോ ബേബി, റിമിയെ റിമു എന്നൊക്കെ വിളിച്ചു. അങ്ങനെ എനിക്ക് സിത്തുമണി എന്ന പേരും കിട്ടി,’ സിത്താര കൂട്ടിച്ചേര്‍ത്തു.

ഓസ്‌കര്‍ ജേതാവ് എം.എം കീരവാണി തങ്ങളുടെ ജാമിങ് സെഷനില്‍ വന്നതിനെക്കുറിച്ചും സിത്താര സംസാരിച്ചു. മുമ്പ് തങ്ങള്‍ ചെയ്ത ചായപ്പാട്ടിനെക്കുറിച്ച് അദ്ദേഹം നല്ല അഭിപ്രായം പറഞ്ഞിരുന്നെന്ന് ഒരു കോമണ്‍ ഫ്രണ്ട് വഴി അറിഞ്ഞിട്ടുണ്ടായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സിങ്ങര്‍ പ്രോഗ്രാമിന്റെ ലോഞ്ചിന് വന്നപ്പോഴും കീരവാണി ആ പാട്ടിനെക്കുറിച്ച് സംസാരിച്ചിരുന്നെന്നും സിത്താര പറയുന്നു.

‘ഈ പാട്ടിനോടുള്ള ഇഷ്ടം ഇങ്ങനെ പറഞ്ഞുകേള്‍ക്കുമ്പോള്‍ നല്ല സന്തോഷമാണ്. ‘നല്ല ഓര്‍ഗാനിക്കാണ്, ഇത്തരം ഇന്‍ഡിപെന്‍ഡന്റ് സോങ്ങുകള്‍ ഇനിയും ചെയ്യണമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് അടുത്തിടെ അദ്ദേഹം കൊച്ചിയില്‍ വന്നത്. ഇന്‍ഡിപെന്‍ഡന്റ് ആര്‍ട്ടിസ്റ്റുകളെ വെച്ച് ഒരു പ്രോഗ്രാം അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു. അതിന് വേണ്ടി ഞങ്ങളുടെ സ്റ്റുഡിയോയില്‍ വരികയായിരുന്നു,’ സിത്താര പറഞ്ഞു.

Content Highlight: Sithara Krishnakumar about her nickname

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more