ടെന്‍ഡുല്‍കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം മത്സരത്തില്‍ സന്ദര്‍ശകര്‍ പരാജയമൊഴിവാക്കാനുള്ള ശ്രമത്തിലാണ്. മത്സരത്തിന്റെ നാലാം ദിവസം അവസാനിച്ചപ്പോള്‍ 137 റണ്‍സിന് പിന്നിലുള്ള ഇന്ത്യ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ പരാജയമൊഴിവാക്കാനും സമനിലയില്‍ അവസാനിപ്പിക്കാനുമാണ് ശ്രമിക്കുന്നത്.
ലോര്‍ഡ്‌സിലെ മൂന്നാം ടെസ്റ്റിലെന്ന പോലെ വിക്കറ്റുകള്‍ വലിച്ചെറിയാതിരുന്നാല്‍ ഇന്ത്യയ്ക്ക് ഓള്‍ഡ് ട്രാഫോര്‍ഡില്‍ സമനില നേടാം
സ്‌കോര്‍ (നാലാം ദിവസം അവസാനിക്കുമ്പോള്‍)
ഇന്ത്യ: 358 & 172/2 (63)
ഇംഗ്ലണ്ട്: 669
ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ യശസ്വി ജെയ്‌സ്വാളിനെയും സായ് സുദര്‍ശനെയും നഷ്ടപ്പെട്ടിരിക്കുകയാണ്. പൂജ്യത്തിനാണ് ഇരുവരും മടങ്ങിയത്.ജെയ്‌സ്വാളിനെ ജോ റൂട്ടിന്റെ കൈകളിലൊതുക്കിയും സായ് സുദര്‍ശനെ ഹാരി ബ്രൂക്കിന്റെയും കൈകളിലെത്തിച്ച് ക്രിസ് വോക്‌സാണ് മടക്കിയത്.
മൂന്നാം വിക്കറ്റില്‍ കെ.എല്‍. രാഹുലിന്റെയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും ചെറുത്തുനില്‍പ്പാണ് ഇന്ത്യയ്ക്ക് ആശ്വാസമാകുന്നത്. രാഹുല്‍ 210 പന്തില്‍ 87 റണ്‍സ് നേടിയും ഗില്‍ 167 പന്തില്‍ 78 റണ്‍സുമായും ക്രീസിലുണ്ട്.
മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിനിടെ പരിക്കേറ്റ റിഷബ് പന്ത് രണ്ടാം ഇന്നിങ്‌സില്‍ കളിക്കുമോ എന്ന ആശങ്ക ഓരോ ഇന്ത്യന്‍ ആരാധകനുമുണ്ടായിരുന്നു. എന്നാല്‍ ആ ആശങ്കകള്‍ക്ക് വിരാമമിടുകയാണ് ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സീതാന്‍ഷു കോട്ടക്.
പന്ത് നാലാം ടെസ്റ്റിന്റെ അവസാന ദിവസം ബാറ്റിങ്ങിനിറങ്ങുമെന്നാണ് കോട്ടക് വ്യക്തമാക്കുന്നത്.
മത്സരത്തിലെ ആദ്യ ദിവസം ക്രിസ് വോക്‌സിന്റെ യോര്‍ക്കര്‍ കാലില്‍ കൊണ്ടാണ് പന്തിന് പരിക്കേല്‍ക്കുന്നത്. ഇതിന് പിന്നാലെ താരം റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങുകയും ചെയ്തു.
എന്നാല്‍ രണ്ടാം ദിവസം പരിക്കേറ്റ കാലുമായി ക്രീസിലെത്തിയ റിഷബ് പന്ത് ഇംഗ്ലണ്ട് ആരാധകരെ പോലും ഞെട്ടിച്ചിരുന്നു.ആറ് ആഴ്ച വിശ്രമം വേണ്ടിവന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കവെയാണ് പന്ത് വേദന കടിച്ചമര്‍ത്തി ക്രീസിലെത്തിയത്.
ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി പുറത്താകുന്നതിന് മുമ്പ് തന്നെ താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ക്രിക്കറ്റ് ലോകത്തിന്റെയൊന്നാകെ ബഹുമാനം നേടിയെടുക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ രണ്ടാം ഇന്നിങ്‌സിലും താരം ബാറ്റിങ്ങിനിറങ്ങുകയാണെങ്കില്‍ പരിക്ക് വഷളാകാതെ കാക്കേണ്ടതും അത്യാവശ്യമാണ്. കരിയര്‍ പോലും അവസാനിച്ചേക്കാവുന്ന അപകടത്തില്‍ നിന്നും മടങ്ങിയെത്തിയ പന്ത് ഈ പരിക്കില്‍ നിന്നും അതിവേഗം മോചിതനാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content highlight: Sitanshu Kotak confirms Rishabh Pant will bat on 2nd innings