തിരുവനന്തപുരം: കൊല്ലത്ത് സഹോദരിമാർ മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ട സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടികളുടെ അച്ഛൻ. മെഡിക്കൽ കോളേജിൽ നിന്നും മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഐ.സി.യുവിൽ പ്രവേശിപ്പിക്കാൻ നിർദേശിച്ച കുട്ടിയെ നിലത്ത് കിടത്തിയെന്നും കുട്ടികളുടെ പിതാവ് മുരളി മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലം ചേരിക്കോണത്താണ് ഒരു വീട്ടിൽ രണ്ട് പെൺകുട്ടികൾ മരണപ്പെട്ടത്. ദിവസങ്ങളുടെ ഇടവേളയിലാണ് കുട്ടികൾ മരണപ്പെട്ടത്. ആദ്യഘട്ടത്തിൽ കൃത്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ കുട്ടികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുമായിരുന്നെന്ന് കുടുംബം വിമർശിച്ചു.
‘തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എനിക്ക് ഒരുപാട് കഷ്ടപ്പാടുകൾ നേരിട്ടു. അർജന്റായി കൊണ്ടുപോയതായിരുന്നു കുട്ടികളെ. ഞാൻ അന്നേരം തന്നെ ചെന്ന് പറഞ്ഞതാണ് എന്റെ മക്കളെ എങ്ങനെയെങ്കിലും ഐ.സി.യുവിലാക്കണമെന്ന്, രക്ഷിക്കണമെന്ന്. എന്നിട്ടവർ പറഞ്ഞു, കുഴപ്പമില്ല അച്ഛാ, ഐ.സി.യുവിൽ ബെഡില്ല, അച്ഛൻ പോയി ഒരു പായ വാങ്ങി വരൂ എന്ന്. ഇവിടെ ഇരിക്കുന്നവർ എല്ലാവരും പായിലാണ് കിടക്കുന്നത് നിങ്ങളും കുട്ടികളെ കൊണ്ടുവന്ന് പായിൽ കിടത്തണം. അപ്പോൾ ഞാൻ പറഞ്ഞു ഐ.സി.യുവിൽ കിടത്താൻ വേറെ ആശുപത്രിയിൽ നിന്ന് പറഞ്ഞ് വിട്ടതാണ്. നിങ്ങൾ ഇതിൽ ഉപേക്ഷ വിചാരിക്കല്ലേ എന്ന് ഞാൻ പറഞ്ഞു. അപ്പോൾ ഒന്നും വിചാരിക്കല്ലേ എന്ന് പറഞ്ഞ് അവർ കൊറച്ച് ഗുളിക എഴുതി തന്നു. വേറെയും രോഗികളെ നോക്കാൻ ഉണ്ടെന്ന് പറഞ്ഞു.
സമയം പോകും തോറും എന്റെ മക്കൾ ഛർദിക്കാൻ തുടങ്ങി. ഞാൻ അത് തുടയ്ക്കും. ആ വെള്ളത്തിലായിരുന്നു അവർ കിടന്നത്. വേറെ രോഗികൾക്ക് ബെഡ് കൊടുക്കുന്നത് ഞാൻ കണ്ടു അപ്പോഴും ഞാൻ ചെന്ന് ഡോക്ടർമാരോട് പറഞ്ഞു എന്റെ മക്കളെ നോക്കാൻ. അവർ തിരിഞ്ഞ് നോക്കിയില്ല. അവസാനം എന്റെ മൂത്ത മോളുടെ വായിൽ നിന്നും ചോര വന്നു. ഞാൻ കുഞ്ഞിനെ വാരി എടുത്ത് സ്റ്റാൻഡിൽ വെച്ചു. ചോര വന്നപ്പോഴാണ് അവർ കുഞ്ഞിനെ ഐ.സി.യുവിലേക്ക് മാറ്റിയത്,’ മുരളി പറഞ്ഞു.
ചേരിക്കോണം സ്വദേശികളായ നീതുവും സഹോദരി മീനാക്ഷിയുമാണ് മരണപ്പെട്ടത്. ഇവരുടെ സഹോദരൻ രോഗം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ഇന്ന് ചേരിക്കോണത്ത് രോഗപരിശോധന ക്യാമ്പ് നടത്തും. ആദ്യ ഘട്ടത്തിൽ വിദഗ്ദ്ധ ചികിത്സ നൽകുന്നതിൽ വീഴ്ച ഉണ്ടായെന്ന പരാതി വീട്ടിലെത്തിയ ഡെപ്യൂട്ടി ഡി.എം.ഒയുടെ നേതൃത്വത്തിൽ ഉള്ള സംഘത്തെ ബന്ധുക്കൾ അറിയിച്ചു.
പ്രദേശത്ത് കൂടുതൽ പേർക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ് ആരോഗ്യവകുപ്പ് മെഡിക്കൽ ക്യാമ്പ് നടത്തുന്നത്. ഇതിന് മുന്നോടിയായി തൃക്കോവിൽവട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ഡി.എം.ഒയും ജനപ്രതിനിധികളും പങ്കെടുത്തു.
Content Highlight: Sisters die of jaundice in Kollam; Father complains against Thiruvananthapuram Medical College for making baby lie on floor after asking to be admitted to ICU