| Thursday, 10th July 2025, 8:53 am

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്, ആത്മവിശ്വാസത്തിന് കുറവില്ല: സിറാജുദ്ദീൻ നാസർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഹമ്മദ് കബീറിൻ്റെ സംവിധാനത്തിൽ 2023ൽ പുറത്തിറങ്ങിയ വെബ് സീരിസായിരുന്നു കേരള ക്രൈം ഫയൽസ്. രണ്ട് വർഷത്തെ ഇടവേളയ്ക്കപ്പുറം സീരീസിൻ്റെ രണ്ടാം ഭാഗവും മികച്ച പ്രതികരണം നേടി സ്ട്രീമിങ് തുടരുകയാണ്. അമ്പിളി രാജുവെന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ തിരോധാനത്തിൽ മുന്നോട്ട് പോകുന്ന കഥയാണ് രണ്ടാം ഭാഗം പറയുന്നത്.

കേരള ക്രൈം ഫയൽസ് സീസൺ 2വിൽ മികച്ച പ്രകടനം നടത്തിയ നടനാണ് സിറാജുദ്ദീൻ നാസർ. ബിജു മേനോൻ നായകനായ ഭരതൻ ഇഫക്ട് എന്ന ചിത്രത്തിൽ ചെറിയ വേഷത്തിൽ അഭിനയിച്ച സിറാജുദ്ദീൻ പിന്നീട് ഷോർട്ട് ഫിലിമിലും സിനിമയിലും ഭാഗമായി. ആർ.ഡി.എക്സ് എന്ന ചിത്രത്തിലെ രതീഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ താൻ അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

സാമ്പത്തിക ബുദ്ധിമുട്ട് ആണ് ഏറ്റവും കൂടുതല്‍ നേരിട്ടിട്ടുള്ളതെന്നും കൊച്ചിയില്‍ താമസം തുടങ്ങിയിട്ട് ഏഴ് കൊല്ലമായെന്നും അദ്ദേഹം പറയുന്നു. കിട്ടുന്ന വര്‍ക്കുകള്‍ കുറവാണെന്നും തനിക്ക് കൊച്ചിയില്‍ തന്നെ നിന്ന് സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്നും സിറാജുദ്ദീന്‍ പറഞ്ഞു.

നിലനിന്നുപോകാനുള്ള വര്‍ക്കുകള്‍ കിട്ടുന്നുണ്ടായിരുന്നെന്നും എന്നാല്‍ പലരും അനുഭവിക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകളാണെന്നും നടന്‍ പറയുന്നു. താന്‍ ഒരുപരിധി വരെ സാമ്പത്തിക പ്രശ്‌നം നേരിട്ടിരുന്നെന്നും എങ്കിലും ആത്മവിശ്വാസത്തിന് കുറവില്ലെന്നും സിറാജുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഫിനാന്‍ഷ്യല്‍ ബുദ്ധിമുട്ട് ആണ് ഏറ്റവും കൂടുതല്‍ ചലഞ്ച് ചെയ്ത കാര്യം. കൊച്ചിയില്‍ ഞാന്‍ വന്ന് നില്‍ക്കാന്‍ തുടങ്ങിയിട്ട് ഏഴ് കൊല്ലത്തോളമായി. നമുക്ക് കിട്ടുന്ന വര്‍ക്കുകള്‍ കുറവാണ്. പക്ഷെ, ഇവിടെ നമ്മള്‍ നിലനിന്ന് പോകണം. കൊച്ചിയില്‍ നിന്നാല്‍ മാത്രമേ അത് നടക്കുകയുള്ളു. പലരും എന്റെ അടുത്ത് പറഞ്ഞിട്ടുണ്ട് കൊച്ചിയില്‍ നിന്നാല്‍ മാത്രമേ സിനിമ നടക്കുകയുള്ളോ എന്ന്. പക്ഷെ, ഓരോരുത്തര്‍ക്കും ഓരോ വിശ്വാസവും ഇഷ്ടവുമാണല്ലോ.

എനിക്ക് ഇവിടെ കൊച്ചിയില്‍ തന്നെ നിന്ന് സിനിമയില്‍ ട്രൈ ചെയ്യണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ നിന്നതാണ്. പക്ഷെ, കിട്ടിയ വര്‍ക്കുകള്‍ കൊണ്ട് നമുക്കിവിടെ നില്‍ക്കാനുള്ള പണം കിട്ടുന്നുണ്ടായിരുന്നു. അതുകൊണ്ട് നിന്നുപോയി. എന്നാല്‍ പലരും അനുഭവിക്കുന്നത് ഫിനാന്‍ഷ്യല്‍ ക്രൈസിസ് തന്നെയാണ്.

ഇവിടെ നില്‍ക്കാനും സിനിമകളില്‍ അവസരം തേടാനും ഒക്കെ ബുദ്ധിമുട്ടുന്നവരുണ്ട്. ഞാനതൊരു പരിധി വരെ അനുഭവിച്ചിട്ടുണ്ട്. അതാണ് ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്‌നം. എങ്കിലും കോണ്‍ഫിഡന്‍സിനൊന്നും ഒരുകുറവും ഇല്ല,’ സിറാജുദ്ദീന്‍ പറയുന്നു.

Content Highlight: Sirajudheen Nazar talking about Financial Crisis that he faced

We use cookies to give you the best possible experience. Learn more