| Tuesday, 29th September 2026, 10:49 pm

നെഗറ്റീവ് കഥാപാത്രങ്ങളില്‍ മാത്രം ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നു എന്ന് തോന്നിയിട്ടില്ല, കിട്ടുന്ന റോളുകള്‍ നന്നായി ചെയ്യുന്നെന്ന് മാത്രം: സിറാജുദീന്‍ നാസര്‍

അമര്‍നാഥ് എം.

ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടന്മാരിലൊരാളാണ് സിറാജുദീന്‍ നാസര്‍. കളി എന്ന ചിത്രത്തിലൂടെ കരിയറാരംഭിച്ച സിറാജുദ്ദീന്‍ ആര്‍.ഡി.എക്‌സിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. പള്ളിപ്പെരുന്നാളിന് പ്രശ്‌നമുണ്ടാക്കുന്ന രതീഷ് എന്ന ഗുണ്ടാ കഥാപാത്രം സിറാജുദീന്റെ കരിയറില്‍ വഴിത്തിരിവായി. പിന്നീട് മികച്ച സിനിമകള്‍ താരത്തെ തേടിയെത്തി.

ഈ വര്‍ഷത്തെ വലിയ ഹിറ്റുകളിലൊന്നായ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലും സിറാജുദീന്‍ പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ പ്രധാന വഴിത്തിരിവുണ്ടാക്കുന്ന, നെഗറ്റീവ് കഥാപാത്രമായ ജയപ്രകാശായാണ് സിറാജുദ്ദീന്‍ വേഷമിട്ടത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോള്‍. കിട്ടുന്ന വേഷം എന്തായാലും അത് ചെയ്യുക എന്നത് മാത്രമാണ് തന്റെ ചിന്തയെന്ന് താരം പറഞ്ഞു.

പ്രഥമദൃഷ്ട്യാ കുറ്റക്കാരുടെ കഥ കേട്ടപ്പോഴും താന്‍ കൂടുതലായും ഒന്നും ചിന്തിച്ചില്ലെന്ന് സിറാജുദ്ദീന്‍ പറഞ്ഞു. തനിക്ക് എന്തെങ്കിലും ചെയ്യാനുള്ള വേഷമാണെങ്കില്‍ അത് തെരഞ്ഞെടുക്കുമെന്നും ഒരു ടൈപ്പ് റോളുകള്‍ മാത്രമേ ചെയ്യുള്ളൂ എന്ന നിര്‍ബന്ധമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. സെല്ലുല്ലോയ്ഡ് ഫിലിം മാഗസിനോട് സംസാരിക്കുകയായിരുന്നു സിറാജുദ്ദീന്‍.

‘പോസിറ്റീവ് റോളുകള്‍ മാത്രമേ ചെയ്യുള്ളൂ, വില്ലന്‍ റോളുകള്‍ ചെയ്യില്ല എന്ന നിര്‍ബന്ധമൊന്നും നെിക്കില്ല. നല്ല റോളാണെങ്കില്‍ അത് ചെയ്യുക. അത്രയേ എനിക്കുള്ളൂ. ആര്‍.ഡി.എക്‌സില്‍ നെഗറ്റീവ് റോള്‍ ചെയ്തു. പിന്നീട് വീണ്ടും അതുപോലുള്ള റോളുകള്‍ വരുമ്പോള്‍ ചെയ്യാന്‍ പറ്റില്ല എന്നൊന്നും ഞാന്‍ പറയില്ല. എനിക്ക് ഓക്കെയാകുന്ന വേഷങ്ങള്‍ ചെയ്യുന്നെന്ന് മാത്രം.

ഇപ്പോള്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരിലേക്ക് വിളിച്ചപ്പോള്‍ ഫൈറ്റും ബാക്കി കാര്യങ്ങളുമൊക്കെയുള്ള റോളാണെന്ന് പറഞ്ഞു. അത് കേട്ടിട്ട് എനിക്ക് പ്രത്യേകിച്ച് ടെന്‍ഷനൊന്നുമില്ലായിരുന്നു. എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുമെന്ന കോണ്‍ഫിഡന്‍സിന്റെ പുറത്ത് ചെയ്യുന്നു എന്നെയുള്ളൂ. അതിനപ്പുറത്തേക്ക് വേറൊന്നുമില്ല,’ സിറാജുദ്ദീന്‍ പറയുന്നു.

ഷഹദ് സംവിധാനം ചെയ്ത പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ ഇതിനോടകം 50 കോടിയിലേറെ നേടിക്കഴിഞ്ഞു. പാര്‍വതിയുടെ കരിയറിലെ ഏറ്റവും വലിയ വിജയം കൂടിയാണിത്. മാത്യു തോമസ്, വിജയരാഘവന്‍, ഉണ്ണിമായ പ്രസാദ്, സിദ്ധാര്‍ത്ഥ് ഭരതന്‍, വിനയ് ഫോര്‍ട്ട് തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഈ വര്‍ഷത്തെ മികച്ച ത്രില്ലറുകളിലൊന്ന് കൂടിയാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍.

Content Highlight: Sirajudheen Nazar about the characters he played

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more