| Wednesday, 28th January 2026, 5:00 pm

'ഞാനുമൊരു മുസ്‌ലിമാണ്, എന്നെ കൊല്ലുമോ നീ'; കേരള സ്‌റ്റോറിയും ബംഗാള്‍ ഫയലുമുള്ള കാലത്ത് ഇസ്‌ലാമോഫോബിയക്കെതിരെ ശബ്ദിക്കുന്ന സിറൈ

അമര്‍നാഥ് എം.

ഒ.ടി.ടി റിലീസിന് ശേഷം സോഷ്യല്‍ മീഡിയ അഭിനന്ദന പ്രവാഹവുമായി മുന്നേറുകയാണ് തമിഴ് ചിത്രം സിറൈ. വിക്രം പ്രഭു കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ സെന്തില്‍ രാജകുമാരിയാണ്. 2003 കാലഘട്ടത്തില്‍ വെല്ലൂരിലെ സെന്‍ട്രല്‍ ജയിലിലും എ.ആര്‍. ക്യാമ്പിലും നടക്കുന്ന കഥയാണ് സിറൈയുടേത്.

സെന്‍ട്രല്‍ ജയിലില്‍ നിന്ന് കോടതയിലേക്ക് ഹിയറിങ്ങിനായി ഒരു കൊലക്കേസ് പ്രതിയെ കൊണ്ടുപോകുന്ന കതിരവന്‍ എന്ന കോണ്‍സ്റ്റബിളിന്റെയും പ്രതിയുടെയും കഥയാണ് രണ്ട് മണിക്കൂര്‍ മാത്രമുള്ള ഈ ചിത്രം പറയുന്നത്. അബ്ദുള്‍ റൗഫ് എന്ന യുവാവ് എങ്ങനെ കൊലപാതകിയായെന്നും അയാളുടെ കാമുകിയുടെ കാത്തിരിപ്പുമെല്ലാം ചിത്രം പറയുന്നുണ്ട്. ശക്തമായ രാഷ്ട്രീയവും സിറൈ സംസാരിക്കുന്നുണ്ട്.

സെക്കന്‍ഡ് ഹാഫിലെ ഒരു പൊലീസ് സ്റ്റേഷന്‍ രംഗം ഒരുപാട് ചര്‍ച്ചചെയ്യപ്പെടുകയാണ്. എസ്‌കോര്‍ട്ട് പൊലീസില്‍ നിന്ന് രക്ഷപ്പെട്ട അബ്ദുള്‍ റൗഫ് മറ്റൊരു പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയാണ്. എസ്‌കോര്‍ട്ടിന് വന്ന പൊലീസിന്റെ കൈയിലെ തോക്കും റൗഫ് സ്റ്റേഷനില്‍ കൊടുക്കുന്നുണ്ട്. പിന്നാലെ കതിരവനും കൂട്ടരും സ്റ്റേഷനിലെത്തുന്നു. തോക്ക് പരിശോധിച്ച എസ്.ഐ അത് ലോഡ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തുകയാണ്.

ലോങ് എസ്‌കോര്‍ട്ട് പോകുമ്പോള്‍ തോക്ക് ലോഡ് ചെയ്യാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെ എന്തിനാണ് ലോഡ് ചെയ്തതെന്ന് ചോദിക്കുകയാണ്. അതിന് കതിരവന്റെ ഒപ്പമുള്ള സി.പി.ഒ പറയുന്ന മറുപടി ‘അവന്‍ മുസ്‌ലിമാണ് സാര്‍’ എന്നാണ്. ‘ഞാനും മുസ്‌ലിമാണ്, എന്നെ വെടിവെച്ച് കൊല്ലുമോ’ എന്നാണ് എസ്.ഐ തിരിച്ച് ചോദിക്കുകയാണ്. കാദര്‍ പാഷ എന്ന നെയിം പ്ലേറ്റിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്ന രംഗം ഈയടുത്ത് ഏറ്റവും രോമാഞ്ചം തന്ന സീനായി മാറി.

കതിരവനെയും കൂട്ടരെയും വണ്ടി കയറ്റാന്‍ പോകുമ്പോള്‍ കാദര്‍ പാഷ അബ്ദുള്‍ റൗഫ് എന്ന പേരിനെപ്പറ്റിയും സംസാരിക്കുന്നുണ്ട്. ‘ശ്രീലങ്കന്‍ തമിഴരുടെ അവകാശ സംരക്ഷണത്തിനായി ആദ്യമായി തീകൊളുത്തി മരിച്ച തമിഴന്റെ പേര് അബ്ദുള്‍ റൗഫെന്നാണ്. ഞങ്ങളും മനുഷ്യനായി, ഇന്ത്യനായി, തമിഴനായി ജീവിക്കുമെന്നവരാണ്. നിങ്ങളെന്തിനാടാ മതത്തെ വെച്ച് മനുഷ്യനെ അളക്കുന്നത്’ എന്ന ഡയലോഗിന്റെ വീഡിയോയും വൈറലാണ്.

കേരള സ്‌റ്റോറി, ബംഗാള്‍ ഫയല്‍ എന്നിങ്ങനെ കേന്ദ്ര ഗവണ്മെന്റിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ പുറത്തിറങ്ങുന്ന പ്രൊപ്പഗണ്ട സിനിമകള്‍ക്കെതിരെ സംസാരിക്കാന്‍ സിറൈ പോലുള്ള ഒന്നോ രണ്ടോ സിനിമകള്‍ തന്നെ ധാരാളമാണ്. വെറുപ്പിന്റെ പ്രത്യയശാസ്ത്രം പേറുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന് തമിഴ്‌നാട്ടില്‍ വളരാനാകില്ലെന്നും ഇത്തരം സിനിമകള്‍ അടിവരയിടുന്നുണ്ട്.

വെട്രിമാരന്റെ സംവിധാന സഹായിയായിരുന്നതിന്റെ എല്ലാ ഗുണവും സെന്തിലിന്റെ സംവിധാനത്തില്‍ കാണാന്‍ സാധിച്ചു. നടനും സംവിധായകനുമായ തമിഴിന്റെ തിരക്കഥയും സിറൈയെ മികച്ചതാക്കി. പൊലീസ് ഉദ്യോഗസ്ഥനായിരുന്നതിന്റെ എല്ലാ അനുഭവവും തമിഴിന്റെ എഴുത്തില്‍ കാണാന്‍ സാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നായി സിറൈ മാറിയിരിക്കുകയാണ്.

Content Highlight: Sirai movie scenes became viral in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more