| Friday, 12th September 2025, 6:59 pm

വീടുകള്‍ കയറിയിറങ്ങി പുതിയ വോട്ടര്‍ പട്ടിക തയ്യാറാക്കും; കേരളത്തില്‍ എസ്.ഐ.ആര്‍ നടപ്പാക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ വോട്ടര്‍ പട്ടികയില്‍ തീവ്രപരിഷ്‌കരണം (എസ്.ഐ.ആര്‍-സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍) നടപ്പാക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍.

കേരളത്തിലെ ഓരോ വീട്ടിലും കയറിയിറങ്ങി പുതിയവോട്ടര്‍ പട്ടിക തയ്യാറാക്കുമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചത്.

വോട്ട് മോഷണം ആരോപിക്കപ്പെട്ടതോടെ ചര്‍ച്ചകളിലിടം പിടിച്ച ബീഹാറിന് പിന്നാലെയാണ് കേരളത്തിലും എസ്.ഐ.ആര്‍ നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം നടത്തുന്നത്.

അനര്‍ഹരായ മുഴുവന്‍ പേരെയും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കും. അര്‍ഹതപ്പെട്ട ആരേയും ഒഴിവാക്കാതെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രവാസികള്‍ക്ക് ആശങ്ക വേണ്ടെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രതികരിച്ചു.

വോട്ടര്‍പട്ടികയിലെ തീവ്രപരിഷ്‌കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഈ മാസം 20ന് രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്.

വീടുകള്‍ കയറിയിറങ്ങിയുള്ള വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിനായി പ്രാഥമിക നടപടികള്‍ കേരളത്തില്‍ ആരംഭിച്ചെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

പ്രാരംഭനടപടിയുടെ ഭാഗമായി പാലക്കാട് രണ്ട് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പഠനം നടത്തി. 2002ല്‍ വോട്ടര്‍ ലിസ്റ്റില്‍ ഉണ്ടായിരുന്ന 80 ശതമാനം ആളുകളേയും 2025ലെ വോട്ടര്‍ ലിസ്റ്റിലും കണ്ടെത്താനായി.

കേരളത്തില്‍ എസ്.ഐ.ആര്‍ നല്ല രീതിയില്‍ തന്നെ പൂര്‍ത്തീകരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനായും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലും പരിശോധനയും നടത്താവുന്നതാണ്.

ബി.എല്‍.ഒമാര്‍ക്ക് ബോധ്യപ്പെട്ടാല്‍ മറ്റ് പ്രശ്‌നങ്ങളുണ്ടാകില്ല. എസ്.ഐ.ആറിന്റെ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം വേണ്ടിവരും. 2002ല്‍ മുതല്‍ വോട്ടര്‍ പട്ടികയില്‍ ഉള്ളവരും എന്യുമറേഷന്‍ ഫോം ഒപ്പിടണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

Content Highlight: New voter list will be prepared by going door to door; SIR will be implemented in Kerala, says Chief Electoral Officer

We use cookies to give you the best possible experience. Learn more