| Thursday, 14th May 2026, 4:45 pm

എസ്.ഐ.ആർ മൂന്നാം ഘട്ടം മെയ് 30 മുതൽ; പ്രഖ്യാപനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

മുഹമ്മദ് നബീല്‍

ന്യൂദൽഹി : വോട്ടർപട്ടിക പുനപരിശോധനയുടെ മൂന്നാം ഘട്ടം ഈ മാസം 30 മുതൽ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ ഘട്ടത്തിൽ എസ്.ഐ.ആർ നടപ്പിലാക്കും.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സെൻസസ് ഹൗസ് ലിസ്റ്റിങുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംവിധാനം കൂടി പരിഗണിച്ചാണ് എസ്‌.ഐ.ആർ മൂന്നാം ഘട്ടത്തിന്റെ ഷെഡ്യൂൾ നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക് എന്നിവയൊഴികെ രാജ്യത്തുടനീളം മൂന്നാം ഘട്ട എസ്‌.ഐ.ആർ പൂർത്തിയാകും.

ഈ മൂന്ന് പ്രദേശങ്ങളിലും സെൻസസിന്റെ രണ്ടാം ഘട്ടം പൂർത്തിയാകുന്നത് കണക്കിലെടുത്തും അവിടങ്ങളിലെ കാലാവസ്ഥയും മഞ്ഞുവീഴ്ചയും പരിഗണിച്ചും എസ്‌.ഐ.ആർ ഷെഡ്യൂൾ പിന്നീട് പ്രഖ്യാപിക്കുമെന്നും തെരഞ്ഞടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.

ഒഡീഷ, മിസോറാം, സിക്കിം, മണിപ്പൂർ എന്നിവിടങ്ങളിൽ മെയ് 30 മുതലും , ഉത്തരാഖണ്ഡിൽ ജൂൺ 8 മുതലും, ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ജൂൺ 15 മുതലും, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിൽ ജൂൺ 25 മുതലും, കർണാടക, മേഘാലയ, മഹാരാഷ്ട്ര, ജാർഖണ്ഡ്,ദൽഹി എന്നിവിടങ്ങളിൽ ജൂൺ 30 മുതലും നാഗാലാന്റിൽ ഓഗസ്റ്റ് 16 മുതലും, ത്രിപുരയിൽ സെപ്റ്റംബർ 15 മുതലും ബൂത്ത് ലെവൽ ഓഫീസർമാരുടെ ഭവനസന്ദർശനം ആരംഭിക്കും.

മൂന്നാം ഘട്ട എസ്.ഐ.ആറിൽ 3 .94 ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലെത്തും. ഈ ഘട്ടത്തിൽ 36.73 ലക്ഷം വോട്ടർമാരാണുള്ളത്. രാഷ്ട്രീയ പാർട്ടികൾ 3.42 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാരെയും നിയമിക്കും.

എസ്.ഐ.ആർ സുതാര്യതയോടും രാഷ്ട്രീയ പാർട്ടികളുടെ പങ്കാളിത്തത്തോടും കൂടി നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ഓരോ പോളിംഗ് ബൂത്തിലും ബൂത്ത് ലെവൽ ഏജന്റ്മാരെ നിയമിക്കണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും തെരഞ്ഞെടുപ്പ് കമ്മീഷൻ അഭ്യർത്ഥിച്ചു.

അതേസമയം എസ്.ഐ.ആർ നടപ്പിലാക്കിയ ബംഗാളിലടക്കം ലക്ഷകണക്കിന് വോട്ടർമാരെയാണ് പട്ടികയിൽനിന്നും നീക്കം ചെയ്തിരിക്കുന്നത്. വോട്ടുനഷ്ട്ടപെട്ടവർക്ക് റേഷൻ അടക്കമുള്ള സർക്കാർ ആനുകൂല്യങ്ങൾ നിർത്തലാക്കുമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികരി പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: SIR third phase to begin on May 30; Election Commission announces

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more