| Saturday, 21st November 2026, 8:46 am

എസ്.ഐ.ആർ: രാജ്യത്ത് മൂന്നിലൊന്ന് ട്രാൻസ്‌ജെൻഡർ വോട്ടർമാരും വോട്ടർ പട്ടികയ്ക്ക് പുറത്ത്; കേന്ദ്രത്തിനെതിരെ എം.എ. ബേബി

ശ്രീലക്ഷ്മി പി.പി

ന്യൂദൽഹി: പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടികളുടെ പേരിൽ രാജ്യത്തെ ട്രാൻസ്‌ജെൻഡർ വോട്ടർമാരെ വ്യാപകമായി ഒഴിവാക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി.

ട്രാൻസ്‌ജെൻഡർ അനുസ്മരണ ദിനമായ ഇന്നലെ (വെള്ളിയാഴ്ച) എക്സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ദി ഹിന്ദു’ ദിനപത്രം അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിലെ കണക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് എം.എ. ബേബി കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയത്.

വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ പൂർത്തിയായതോ നടന്നുകൊണ്ടിരിക്കുന്നതോ ആയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ട്രാൻസ്‌ജെൻഡർ വോട്ടർമാരുടെ എണ്ണത്തിൽ 31.4 ശതമാനത്തിന്റെ കുറവുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2024-ൽ 45,610 ആയിരുന്ന വോട്ടർമാരുടെ എണ്ണം വെറും 31,300 ആയി ചുരുങ്ങി. അതായത്, ഓരോ മൂന്നാമത്തെ ട്രാൻസ്‌ജെൻഡർ വോട്ടറും വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിരിക്കുകയാണെന്നും, നിലവിലെ സംഖ്യ 2019-ലെ പൊതുതെരഞ്ഞെടുപ്പ് കാലത്ത് രേഖപ്പെടുത്തിയ നിരക്കിനേക്കാൾ താഴേക്ക് വീണുവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് അപ്പുറം, ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ ഭേദഗതി നിയമത്തിന് ശേഷം ഒരാളെ ട്രാൻസ്‌ജെൻഡർ ആയി അടയാളപ്പെടുത്തുന്ന തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ സമൂഹത്തിൽ ഇപ്പോഴും അതിക്രമങ്ങളും, ആഴത്തിൽ വേരൂന്നിയ വിവേചനവും, സാമൂഹികമായ ഒറ്റപ്പെടലും, അവശ്യ സേവനങ്ങൾ ലഭിക്കുന്നതിനുള്ള തടസങ്ങൾ നേരിടുന്ന വിഭാഗമാണ് ട്രാൻസ്‌ജെൻഡർ സമൂഹമെന്നും എം.എ ബേബി കൂട്ടിച്ചേർത്തു.

തുല്യ അവകാശങ്ങളും അവസരങ്ങളും ഇതിനകം തന്നെ നിഷേധിക്കപ്പെട്ട ഈ സമൂഹത്തെ ജനാധിപത്യ പ്രക്രിയയിൽ നിന്ന് കൂടുതൽ പുറത്താക്കുകയും അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും അവർ നിയമവിരുദ്ധമായി കൈയടക്കിയ സ്ഥാപനങ്ങളും തങ്ങളുടെ ഉത്തരവാദിത്തമില്ലാത്ത നയങ്ങളിലൂടെ മുഴുവൻ സമൂഹങ്ങളുടെയും അവകാശങ്ങളെ അപകടത്തിലാക്കുകയാണെന്നും ഇത് ഉടൻ അവസാനിപ്പിക്കണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു.

Content Highlight:SIR: One-third of transgender voters in the country are left out of the electoral roll; M.A. Baby criticizes the Centre.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more