| Sunday, 23rd November 2025, 11:39 am

എസ്.ഐ.ആർ കൃത്യമായി പൂർത്തിയാക്കിയില്ല; നോയിഡയിലെ 60 ബി.എൽ.ഒമാർക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: നോയിഡയിലെ 60 ബി.എൽ.ഒമാർക്കെതിരെ കേസെടുത്തത് പൊലീസ്. കൃത്യമായ സമയത്ത് എസ്.ഐ.ആർ നടപടികൾ പൂർത്തിയാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.

ഏഴ് സൂപ്പർവൈസർമാർക്കെതിരെയും കേസുണ്ട്. കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് പോലീസ് പറഞ്ഞു. 1950ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള സെക്ഷൻ 32 വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.

എസ്.ഐ.ആർ പൂർത്തീകരണത്തിന് കൃത്യമായ സമയം പാലിക്കാത്തത്, അശ്രദ്ധ, ഔദ്യോഗിക നിർദേശങ്ങൾ അവഗണിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടുന്നത്.

ആവർത്തിച്ചുള്ള നിർദേശങ്ങൾ നൽകിയിട്ടും ഫോമുകൾ വിതരണം ചെയ്യുന്നതും ശേഖരിക്കുന്നതും ഉൾപ്പടെയുള്ള ഫീൽഡ് ജോലികൾ ചെയ്യുന്നതിൽ ബി.എൽ.ഒമാർ അശ്രദ്ധ കാണിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു.

അതേസമയം നോയിഡയിൽ എസ്.ഐ.ആറിന്റെ ഡിജിറ്റലൈസേഷൻ ജോലികൾ അഞ്ച് ശതമാനത്തിൽ താഴെയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അംഗൻവാടി കേഡറിലെ 181 ബി.എൽ.ഒമാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെയും മജിസ്‌ട്രേറ്റിന്റെയും ഉത്തരവ് പ്രകാരമാണ് നടപടി.

രാജ്യവ്യാപകമായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ ബി.എൽ.ഒമാരുടെ ജോലി സമ്മർദവും തിടുക്കത്തിൽ പൂർത്തിയാക്കുന്ന എസ്.ഐ.ആർ നടപടികളും ചർച്ചയാകുന്ന സാഹചര്യത്തിലാണ് നോയിഡയിലെ ബി.എൽ.ഒമാർക്കെതിരെ കേസെടുക്കുന്നത്.

കേരളത്തിലും ഗുജറാത്തിലും പശ്ചിമബംഗാളിലുമടക്കം ബി.എൽ.ഒമാർ ജോലി സമ്മർദത്തെ തുടർന്ന് ജീവനൊടുക്കിയിരുന്നു. കേരളത്തിൽ കണ്ണൂരിൽ ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് ബി.എൽ.ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തിരുന്നു.

പശ്ചിമ ബംഗാളിൽ എസ്.ഐ. ആർ സമ്മർദം മൂലം 28ഓളം പേർ ജീവനൊടുക്കിയതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയിരുന്നു.

2026 ലെ നിയമസഭ തെരഞ്ഞടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണത്തിന്റെ ജോലിഭാരം ജീവനക്കാരുടെ മേൽ മനുഷ്യത്വരഹിതമായ സമ്മർദം ചെലുത്തുന്നുണ്ടെന്ന് മമത ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം കേരളം എസ്.ഐ.ആറിനെതിരെ സുപ്രീം കോടതിക്ക് നൽകിയ ഹരജി 26 ന് പരിഗണിക്കും. കേരളത്തിന്റെ എസ്.ഐ.ആർ നടപടികൾക്ക് സ്റ്റേ ഇല്ലെന്നും കോടതി അറിയിച്ചു.

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ എസ്.ഐ.ആറിനെ ചോദ്യം ചെയ്ത് സംസ്ഥാന
സർക്കാരും സി.പി.ഐ.എമ്മും കോൺഗ്രസ്, മുസ്‌ലിം ലീഗ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികളും ഹരജി സമർപ്പിച്ചിരുന്നു. കേരളത്തിന് പുറമെ യു.പിയിലെയും പുതുച്ചേരിയിലെയും കേസുകളും സുപ്രീം കോടതി പരിഗണിച്ചിരുന്നു.

Content Highlight: SIR not completed properly; Case filed against 60 BLOs in Noida

We use cookies to give you the best possible experience. Learn more