| Thursday, 8th October 2026, 2:17 pm

എസ്.ഐ.ആർ റദ്ദാക്കണം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കേസെടുക്കണം: ബംഗളൂരുവിലെ പ്രതിഷേധത്തിൽ പങ്കെടുത്ത് പ്രകാശ് രാജും ധ്രുവ് റാഠിയും

ശ്രീലക്ഷ്മി പി.പി

ബംഗളൂരു: തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (എസ്.ഐ.ആർ) എതിരെ ബംഗളൂരു ഫ്രീഡം പാർക്കിൽ ശക്തമായ പ്രതിഷേധം.

കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പ്രമുഖ നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്, പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠി എന്നിവർ പങ്കെടുത്തു.

എസ്.ഐ.ആറിലൂടെ വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി ആളുകളെ ഒഴിവാക്കിയെന്ന് വ്യക്തമാക്കുന്ന വീഡിയോ സാക്ഷ്യപത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടാണ് സമരം ആരംഭിച്ചത്.

തുടർന്ന്, അനധികൃതമായി പേരുകൾ വെട്ടിമാറ്റപ്പെട്ടവർ തങ്ങളുടെ പരാതികൾ ഉന്നയിച്ച ‘പീപ്പിൾസ് ട്രിബ്യൂണലും’ ശ്രദ്ധേയമായ ‘ചെരിപ്പ് പ്രതിഷേധവും’ നടന്നു.

എസ്.എഫ്.ഐ നേതാവ് ഐഷെ ഘോഷ്, , സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്‌കെ എന്നിവരുൾപ്പെടെ നിരവധി യുവജന-സാമൂഹിക പ്രവർത്തകരും സമരത്തിൽ അണിനിരന്നു.

എസ്.ഐ.ആറിലൂടെ ഒഴിവാക്കിയ എല്ലാ വോട്ടർമാരെയും പട്ടികയിൽ തിരിച്ചെടുക്കണമെന്നും, പരിഷ്കരണത്തിന് മുൻപുള്ള വോട്ടർപട്ടിക പുനസ്ഥാപിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾ മുൻനിർത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നും അവർ ആവശ്യപ്പെട്ടു.

പ്രതിഷേധത്തിൽ കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പ്രകാശ് രാജ് രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ആദിവാസികൾക്കും ദരിദ്രർക്കും മുസ്‌ലിങ്ങൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും ആസൂത്രിതമായി വോട്ടവകാശം നിഷേധിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
‘ആദിവാസികൾക്കും ദരിദ്രർക്കും മുസ്‌ലിങ്ങൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും വോട്ടവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു. അവരെ കൊന്നൊടുക്കാൻ സാധിക്കാത്തതുകൊണ്ട് അവരുടെ വോട്ടവകാശം തട്ടിയെടുക്കുകയാണ് ചെയ്തത്. നമ്മുടെ പോരാട്ടം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടാൻ വേണ്ടി മാത്രമുള്ളതല്ല. അയാൾ പോയാൽ മറ്റൊരാൾ വരും. എസ്.ഐ.ആർ പൂർണമായും റദ്ദാക്കുകയാണ് വേണ്ടത്. അതിനുശേഷം ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണം നടത്തി കേസെടുക്കണം’ പ്രകാശ് രാജ് പറഞ്ഞു.

അഞ്ച് വർഷത്തിലൊരിക്കൽ മാത്രം വോട്ടുചോദിച്ച് ജനങ്ങളുടെ മുന്നിൽ കൈകൂപ്പി നിൽക്കുന്ന രാഷ്ട്രീയക്കാർക്ക് മുന്നിൽ, ഇന്ന് സ്വന്തം വോട്ടവകാശത്തിനായി ജനങ്ങൾക്ക് യാചിക്കേണ്ട ഗതികേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നത് വെറുമൊരു മുദ്രാവാക്യം മാത്രമാണെന്നും ഒരു രാജ്യം, ഒരു പാർട്ടി എന്നതാണ് ഇതിനു പിന്നിലെ യഥാർത്ഥ അജണ്ടയെന്നും സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കേ ആരോപിച്ചു.
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നത് വെറുമൊരു മുദ്രാവാക്യം മാത്രമാണ്. ഒരു രാജ്യം, ഒരു പാർട്ടി എന്നതാണ് ഇതിനു പിന്നിലെ യഥാർത്ഥ ലക്ഷ്യം. ഇത് ഹിറ്റ്‌ലറുടെ പദ്ധതിയോട് സമാനമാണ്. ഹിറ്റ്‌ലർക്ക് എന്ത് സംഭവിച്ചുവെന്ന് മോദി അന്വേഷിക്കണം. ഒടുവിൽ അയാൾക്ക് സ്വയം വെടിവെക്കേണ്ടി വന്നു’ അദ്ദേഹം പറഞ്ഞു.

എസ്.ഐ.ആർ വിഷയത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ സമരം സി.ജെ.പിയും പ്രതിപക്ഷ പാർട്ടികളും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളും കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

Content Highlight:SIR must be revoked; a case should be registered against the Chief Election Commissioner: Prakash Raj and Dhruv Rathee participate in a protest in Bengaluru.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more