| Wednesday, 6th May 2026, 12:06 pm

ബംഗാളില്‍ ബി.ജെ.പിയെ ജയിപ്പിച്ചത് എസ്.ഐ.ആര്‍

നിഷാന. വി.വി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഴുവനും കാവിപുതപ്പിക്കാന്‍ ബി.ജെ.പിക്ക് വഴിയൊരുക്കിയ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് എസ്.ഐ.ആര്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍.

തെരഞ്ഞെടുപ്പിന് മുമ്പ് ബംഗാളിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 89 ലക്ഷം പേരെയാണ് ഒഴിവാക്കിയത്. ഇതില്‍ ഭൂരിഭാഗവും മരിച്ചുപോയര്‍ അല്ലെങ്കില്‍ സ്ഥലം മാറിപോയവര്‍ എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്.

ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 201 സീറ്റുകളാണ് നേടിയിരിക്കുന്നത്. ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് നേടാനായത് വെറും 81 സീറ്റുകള്‍ മാത്രമാണ്.
25000ത്തിലധികം വോട്ടുകള്‍ എസ്.ഐ.ആര്‍ വഴി വെട്ടിയ 169 നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇതിനെ സാധൂകരിക്കുന്നതാണ്.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 169 സീറ്റുകളില്‍ 128 സീറ്റും സ്വന്തമാക്കിയത് തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു. 41 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ബി.ജെ.പി നേടിയത് 104 സീറ്റാണ്. തൃണമൂല്‍ 63 സീറ്റുകളിലേക്ക് ചുരുങ്ങി. ഒറ്റയടിക്ക് തൃണമൂലിന് നഷ്ടപ്പെട്ടത് 65 സീറ്റുകളാണെന്നതും ശ്രദ്ധേയമാണ്. ഇതില്‍ രണ്ട് സീറ്റ് കോണ്‍ഗ്രസ് നേടിയിരുന്നു.

എസ്.ഐ.ആര്‍ വഴി 25000ത്തില്‍ കുറവ് വോട്ടുകള്‍ വെട്ടിയ മണ്ഡലത്തിലും ബി.ജെ.പി വലിയ നേട്ടം കൊയ്തിട്ടുണ്ട്.
124 മണ്ഡലങ്ങളില്‍ 36 സീറ്റുകള്‍ മാത്രമായിരുന്നു ബി.ജെ.പി കഴിഞ്ഞ തവണ നേടിയിരുന്നത് എങ്കില്‍ ഇത്തവണയത് മൂന്ന്മടങ്ങ് വര്‍ധിച്ച് 108 സീറ്റായി.

ജനാധിപത്യ വിരുദ്ധമായ എസ്.ഐ.ആറിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയെ സഹായിച്ചുവെന്ന മമതാ ബാനര്‍ജിയുടെ ആരോപണങ്ങളെ ശരിവെക്കുന്നതാണ് കണക്കുകള്‍.

കേന്ദ്ര സേനയെ വിന്യസിക്കുന്നതിലൂടെയും ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നതിലൂടെയുമൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയെ സഹായിക്കുകയാണെന്നും മമത പറഞ്ഞിരുന്നു.

പശ്ചിമ ബംഗാളില്‍ അട്ടിമറി വിജയം നേടിയതോടെ ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം അഖിലേഷ് യാദവ് ആണെന്നാണ് ബി.ജെ.പി നേതാവായ സുവേന്ദു അധികാരിയുടെ വാദം.

‘രാഹുലും മമതയും തേജസ്വിയും തീര്‍ന്നു. ഇനി അഖിലേഷാണ് ലക്ഷ്യം. ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷമാണ് തെരഞ്ഞെടുപ്പ്. ആംആദ്മിയെ പോലെ സമാജ് വാദിയുടെയും കഥ കഴിഞ്ഞു,’ അദ്ദേഹം പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്നും മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകളും വോട്ടര്‍ പട്ടികയില്‍ കൃത്രിമത്വവും നടന്നതായി അവര്‍ പറഞ്ഞു. 100 സീറ്റുകള്‍ മോഷ്ടിക്കപ്പെട്ടു എന്ന് പറഞ്ഞ മമതാ ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നും കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് വേളയിലും വോട്ടെണ്ണല്‍ സമയത്തും തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സേനയും പക്ഷപാതപരമായി പെരുമാറിയെന്നും ഒത്തുകളിച്ചുവെന്നുമുള്ള ആരോപണങ്ങള്‍ അവര്‍ വീണ്ടും ആവര്‍ത്തിച്ചു.

എന്നാല്‍ ഇത് വലിയ തരത്തിലുള്ള ആശയകുഴപ്പം സൃഷ്ടിക്കുന്നതാണ്. രാജിവെക്കാതിരിക്കല്‍ പ്രായോഗികമായിരിക്കില്ലെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഭരണഘടനയുടെ 164ാം വകുപ്പ് പ്രകാരം മുഖ്യമന്ത്രിയെ നിയമിക്കുന്നത് ഗവര്‍ണറാണ്. മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാവാതിരുന്നാല്‍ ആ വ്യക്തിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നത് വ്യാഴാഴ്ചയാണ്.

അതേസമയം മമത ബാനര്‍ജിക്ക് തെരഞ്ഞെടുപ്പിലെ ജനാധിപത്യ വിരുദ്ധതയും എസ്.ഐ.ആറിലെ ക്രമക്കേടുകളും ഉന്നയിച്ചുകൊണ്ട് കോടതിയെ സമീപിക്കാവുന്നതാണ്.

Content Highlight: SIR helped BJP win in Bengal

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more