പൗരന്മാരുടെ അടിസ്ഥാന ജനാധിപത്യ അവകാശം അപകടത്തിലാകുമ്പോള്‍ ‘ഇന്ത്യ’ സഖ്യത്തിലെ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇല്ലാതെ വിശ്വസനീയമായ ഒരു തെരഞ്ഞെടുപ്പ് സാധ്യമല്ലെന്നും അദ്ദേഹം ഇന്ത്യ മുന്നണി യോഗത്തില്‍ പറഞ്ഞു. എസ്.ഐ.ആറിലെ ക്രമക്കേടുകള്‍ക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുമുള്ള പ്രക്ഷോഭ പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് ഇന്ത്യ മുന്നണി ഘടക കക്ഷികള്‍ ന്യൂദല്‍ഹിയില്‍ യോഗം ചേര്‍ന്നത്.
പ്രിയ സുഹൃത്തുക്കളേ, സഹപ്രവര്‍ത്തകരെ,
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ലളിതവും എന്നാല്‍ അഗാധവുമായ ഒരു തത്വത്തിലാണ് നമ്മുടെ ജനാധിപത്യ പാരമ്പര്യം കെട്ടിപ്പടുത്തിരിക്കുന്നത്. രാജ്യത്തെ ഭരണകൂടത്തെ തിരഞ്ഞെടുക്കുന്നതില്‍ ഓരോ പൗരനും തുല്യമായ ശബ്ദമുണ്ടാകണമെന്ന തത്വം. ഇതാണ് ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനശില.
ഇന്ത്യയുടെ ഭരണഘടന രൂപീകരിച്ചവര്‍, നമ്മുടെ ജനാധിപത്യത്തില്‍ ‘പ്രാതിനിധ്യത്തിനുള്ള’ പ്രാധാന്യം എടുത്തുപറഞ്ഞിരുന്നു. യോഗ്യരായ ഓരോ പൗരന്റെയും വോട്ടിന് തുല്യമായ മൂല്യമുണ്ടാകുമ്പോള്‍ മാത്രമേ ജനാധിപത്യത്തിന് അര്‍ത്ഥമുണ്ടാകൂ എന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. അതുകൊണ്ടാണ് ‘ഒരാള്‍, ഒരു വോട്ട്, ഒരു മൂല്യം’ എന്ന തത്വം നമ്മുടെ റിപ്പബ്ലിക്കിന്റെ കാതലായി മാറിയത്. ഇന്ന്, ആ തത്വം ഗുരുതരമായ ഭീഷണി നേരിടുകയാണ്.
രാജ്യത്താകെ, പൗരന്മാരും രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ച് കടുത്ത ആശങ്കകള്‍ ഉന്നയിക്കുന്നുണ്ട്.
വര്‍ഷങ്ങളായി ഞങ്ങള്‍ ഇ.വി.എമ്മുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി ആവശ്യപ്പെടുന്നു. വോട്ടര്‍ പട്ടികയിലെ കൃത്രിമത്വത്തെക്കുറിച്ചും വോട്ടര്‍ പട്ടികയില്‍ വരുത്തിയ വിശദീകരിക്കാനാവാത്ത മാറ്റങ്ങളെക്കുറിച്ചും ഞങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മഹാദേവപുര, അലന്ദ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ നടന്നതായി രാഹുല്‍ ഗാന്ധി തെളിവ് സഹിതം ചൂണ്ടിക്കാട്ടിയിരുന്നു. അതുപോലെ തന്നെ, ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ചോദ്യങ്ങളും എതിര്‍പ്പുകളും ഉന്നയിച്ചു. എന്നാല്‍, അതെല്ലാം വിഫലമായി.
ഞങ്ങളുടെ പരാതികള്‍ പരിഗണിക്കുന്നതിന് പകരം കമ്മീഷന്‍ അവയെ അവഗണിക്കുകയാണ് ചെയ്തത്. ജനാധിപത്യത്തില്‍, ഭരണഘടനാ സ്ഥാപനങ്ങള്‍ സുതാര്യതയിലൂടെ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കേണ്ടതുണ്ട്.
ഞങ്ങള്‍ നല്‍കിയ വിവരങ്ങളും തെളിവുകളും കാരണം പ്രതിസന്ധിയിലായപ്പോള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ‘എസ്.ഐ.ആര്‍’ എന്ന നടപടിക്രമത്തിലേക്ക് തിരിഞ്ഞു.
വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിനും പുതുക്കുന്നതിനുമാണ് ‘സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍’ (എസ്.ഐ.ആര്‍) നടത്തുന്നതെന്ന് കമ്മീഷന്‍ പറയുന്നു. എന്നാല്‍, വലിയൊരു വിഭാഗം വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടാനും അവരുടെ യോഗ്യത വീണ്ടും തെളിയിക്കേണ്ട അവസ്ഥയില്‍ എത്തിപ്പെടാനും ഇത്തരം നടപടികള്‍ കാരണമാവുമ്പോള്‍, യഥാര്‍ത്ഥ വോട്ടര്‍മാര്‍ക്ക് വോട്ടവകാശം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത രാജ്യത്തെ ഭരണ സംവിധാനത്തിന്റേതാണ്. 13.3 കോടിയോളം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പരസ്യമായി നീക്കം ചെയ്തത് ഞെട്ടിക്കുന്ന കാര്യമാണ്. ജനാധിപത്യ പ്രക്രിയയില്‍ പങ്കുചേരാനുള്ള അവരുടെ അവകാശമാണ് ഇതിലൂടെ കവര്‍ന്നെടുക്കപ്പെട്ടത്.
ആരാണ് അധികാരത്തില്‍ വരേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഭരണത്തിലിരിക്കുന്നവരല്ല, മറിച്ച് സാധാരണ വോട്ടര്‍മാരാണ്. അതുകൊണ്ട് നമ്മുടെ നിലപാട് വ്യക്തമായിരിക്കണം. സുതാര്യമല്ലാത്തതോ ഏകപക്ഷീയമായതോ മതിയായ മേല്‍നോട്ടമില്ലാത്തതോ ആയ നടപടികളിലൂടെ യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്മാരെ ആരെയും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് പുറത്താക്കാന്‍ പാടില്ല എന്നതാണ് ആ നിലപാട്.
പേരുകള്‍ നീക്കം ചെയ്യുകയാണെങ്കില്‍, ആരുടെ പേരുകളാണ് നീക്കം ചെയ്തതെന്ന് നാം അറിയണം. എന്തുകൊണ്ടാണ് അവ നീക്കം ചെയ്തതെന്നും നാം അറിഞ്ഞിരിക്കണം.
ഭരണഘടനയുടെ 324-ാം അനുച്ഛേദത്തില്‍ വിഭാവനം ചെയ്തിരിക്കുന്നതുപോലെ സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇല്ലാതെ വിശ്വസനീയമായ ഒരു തിരഞ്ഞെടുപ്പ് സാധ്യമല്ല.
ഇന്ന് നമ്മുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ യഥാര്‍ത്ഥ മുഖം വെളിപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തോടൊപ്പമുള്ള മറ്റ് രണ്ട് അംഗങ്ങള്‍ 10 മാസത്തിനിടെ 14 തവണയാണ് കത്തുകള്‍ എഴുതിയത്! ഇത് അദ്ദേഹത്തിന്റെ സത്യസന്ധതയെയും ഉദ്ദേശ്യശുദ്ധിയെയും ചോദ്യം ചെയ്യുന്നു. അതിനാല്‍, അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണം.
ഭരണഘടനാപരമോ ധാര്‍മികമോ ആയി അല്പമെങ്കിലും ബോധം അദ്ദേഹത്തിനുണ്ടെങ്കില്‍, അദ്ദേഹം സ്വയം രാജിവെക്കുകയും നമ്മുടെ വോട്ടര്‍ പട്ടികയില്‍ ഇടപെടുന്ന ശക്തികള്‍ക്കെതിരെ മാപ്പുസാക്ഷിയായി മാറുകയും ചെയ്യേണ്ടതാണ്!
തെരഞ്ഞെടുപ്പ് കമ്മീഷനെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം ഒരു മന്ത്രിയെ ഉള്‍പ്പെടുത്തുന്നതിനായി പ്രധാനമന്ത്രി എന്തുകൊണ്ടാണ് ‘ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആന്‍ഡ് അദര്‍ ഇലക്ഷന്‍ കമ്മീഷണേഴ്‌സ് (നിയമനം, സേവന വ്യവസ്ഥകള്‍, കാലാവധി) ബില്‍, 2023’ കൊണ്ടുവന്നതെന്ന് ഇപ്പോള്‍ നമുക്ക് മനസ്സിലാക്കാം.
കൂടാതെ, ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്കോ പറയുന്ന കാര്യങ്ങള്‍ക്കോ എതിരെ, മുന്‍പും ഇപ്പോഴുമുള്ള ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്കോ (സി.ഇ.സി) മറ്റ് കമ്മീഷണര്‍മാര്‍ക്കോ (ഇ.സി) എതിരെ സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ടായിരിക്കില്ലെന്ന് ഇപ്പോള്‍ നിയമമായിക്കഴിഞ്ഞ ആ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അങ്ങനെ, സി.ഇ.സിക്കും ഇ.സിമാരെയും അത് നിയമ നടപടികളില്‍ പെടാതെ ജീവിത കാലം മുഴുവന്‍ സംരക്ഷിക്കുന്നു.
കാരണം, അധികാരത്തില്‍ തുടരാന്‍ സഹായിക്കുന്ന ഒരു റബ്ബര്‍ സ്റ്റാമ്പിനെ (അനുസരണയുള്ള ഉദ്യോഗസ്ഥന്‍) മാത്രമാണ് പ്രധാനമന്ത്രി മോദിക്കും അമിത് ഷായ്ക്കും വേണ്ടത്. വാസ്തവത്തില്‍, അവരാണ് യഥാര്‍ത്ഥ കുറ്റക്കാര്‍. അവര്‍ പല രാഷ്ട്രീയ പാര്‍ട്ടികളെയും പിളര്‍ത്തി. തിരഞ്ഞെടുപ്പ് കമ്മീഷനാകട്ടെ, നിഷ്പക്ഷമായ ഒരു മധ്യസ്ഥന്റെ റോളല്ല, മറിച്ച് ഭരണകൂടത്തെ സഹായിക്കുന്നയാളുടെ റോളാണ് വഹിച്ചത്.
ഈ സാഹചര്യത്തില്‍, സുപ്രീം കോടതിയുടെ ഒരു നിരീക്ഷണത്തിലേക്ക് കൂടി ഞാന്‍ ശ്രദ്ധ ക്ഷണിക്കാന്‍ ആഗ്രഹിക്കുന്നു:
‘സെലക്ഷന്‍ കമ്മിറ്റിയില്‍ ഒരു കാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്തുന്നത് ഒരു നിഷ്പക്ഷനായ അംഗത്തിന് നല്‍കാന്‍ കഴിയുന്ന സ്വതന്ത്രമായ സന്തുലനാവസ്ഥ ഉറപ്പാക്കുന്നതില്‍ പരാജയപ്പെടുന്നു. കാബിനറ്റ് മന്ത്രി തന്റെ നേതാവിന്റെ അഭിപ്രായം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നത്. പ്രതിപക്ഷ നേതാവിനെ സമിതിയില്‍ ഉള്‍ക്കൊള്ളിച്ചതാണെങ്കില്‍ ഉദ്ദേശ്യം നിറവേറ്റപ്പെടാതെ കേവലം പേരിന് മാത്രമുള്ള സാന്നിധ്യമായി മാറുന്നു…’
‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചാല്‍ മാത്രം പോരാ, അത് സ്വതന്ത്രമാണെന്ന് പുറംലോകത്തിന് ബോധ്യപ്പെടുകയും വേണം’ എന്നും കോടതി ഊന്നിപ്പറഞ്ഞു.
ഇന്ന് നാം നമ്മുടെ യുവ വോട്ടര്‍മാരെക്കുറിച്ചും സംസാരിക്കേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഇന്ത്യന്‍ യുവാക്കള്‍ വോട്ട് ചെയ്യാന്‍ അര്‍ഹത നേടുന്നു.
ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫോം ആറിലെ ചട്ടങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വരുത്തിയ മാറ്റങ്ങളിലൂടെ, യുവാക്കളെ വോട്ട് ചെയ്യുന്നതില്‍ നിന്ന് ബോധപൂര്‍വ്വം പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നത്.
അവരോടുള്ള നമ്മുടെ സന്ദേശം ഇതായിരിക്കണം: ഇന്ത്യയ്ക്ക് നിങ്ങളുടെ ശബ്ദം ആവശ്യമാണ്. ഇന്ത്യയ്ക്ക് നിങ്ങളുടെ വോട്ട് ആവശ്യമാണ്. നിങ്ങളുടെ പൗരത്വം നിങ്ങള്‍ക്ക് ആ അവകാശം നല്‍കുന്നു. നിങ്ങളുടെ ശബ്ദം ഉയരട്ടെ.
അതുകൊണ്ട്, ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്ക് അനാവശ്യമായ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന ഏത് പുതിയ നടപടിക്രമവും ഉടന്‍ തന്നെ നീക്കം ചെയ്യേണ്ടതുണ്ട്.
വോട്ടിങ് മെഷീനുകളുടെ (ഇ.വി.എം) കാര്യത്തിലും നമ്മുടെ നിലപാട് വ്യക്തമായിരിക്കണം. ബിജെപിക്ക് അവരുടെ ആവശ്യാനുസരണം ഉപയോഗിക്കാവുന്ന യന്ത്രങ്ങളാണിവ. രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ പറഞ്ഞാല്‍, വിജയിക്കാനോ, തൂക്കുസഭയുണ്ടാക്കാനോ, അല്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാനോ വേണ്ടി അവര്‍ ഇവ ഉപയോഗിക്കുന്നു. അതിനാല്‍, ഈ യന്ത്രങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ അവരെ അനുവദിച്ചുകൂടാ. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള വിശ്വാസവും ആത്മവിശ്വാസവും വീണ്ടെടുക്കാന്‍ നമ്മള്‍ ബാലറ്റ് പേപ്പറുപയോഗിച്ചുള്ള വോട്ടിങ് രീതിയിലേക്ക് മടങ്ങണം.
പൗരന്മാരുടെ അടിസ്ഥാന ജനാധിപത്യ അവകാശം അപകടത്തിലാകുമ്പോള്‍ ‘ഇന്ത്യ’ സഖ്യത്തിലെ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിലകൊള്ളണം. അതിനാല്‍, വ്യക്തമായ ഒരു കര്‍മ്മപദ്ധതിയുമായി വേണം നമ്മള്‍ ഈ യോഗത്തില്‍ നിന്ന് പിരിയാന്‍.
നമ്മള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ആവശ്യപ്പെടണം:
അതുകൊണ്ട്, നമുക്ക് ഇന്ന് ഒരു പ്രതിജ്ഞ എടുക്കാം:
സുതാര്യതയ്ക്ക് പകരം രഹസ്യസ്വഭാവം കടന്നുവരുന്നത് നമ്മള്‍ അനുവദിക്കില്ല. നമ്മുടെ റിപ്പബ്ലിക്കിന്റെ അടിസ്ഥാന തത്വമായ ‘ഒരാള്‍, ഒരു വോട്ട്, ഒരു മൂല്യം’ എന്നത് ദുര്‍ബലപ്പെടുത്താനും നമ്മള്‍ അനുവദിക്കില്ല.
ബാലറ്റ് ജനങ്ങളുടേതാണ്. ജനവിധി ജനങ്ങളുടേതാണ്. അതിനാല്‍, ഭരണകൂടത്തിന്റെ അധികാരം ആത്യന്തികമായി ജനങ്ങളുടെ കൈകളിലാണ് സ്ഥിതി ചെയ്യുന്നത്.
നമ്മുടെ ജനാധിപത്യത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ തന്നെയായിരിക്കും അന്തിമവും ചോദ്യം ചെയ്യപ്പെടാത്തതുമായ അധികാരികള്‍ എന്ന് ഉറപ്പാക്കുകയാണ് ഇന്നത്തെ നമ്മുടെ ദൗത്യം.
ഈ വാക്കുകളോടെ ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു.
നന്ദി.
ജയ് ഹിന്ദ്.
Content Highlight: SIR, EVM, Resignation of Gyanesh: INDIA Bloc Meeting: Full Speech of Mallikarjun Kharge in Malayalam