ന്യൂദല്‍ഹി: കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ മോഷ്ടിച്ചെടുത്ത അധികാരത്തില്‍ വന്നവരാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ‘മോഷ്ടിച്ചെടുത്ത അധികാരത്തില്‍ വന്ന ഈ സര്‍ക്കാര്‍ (‘ചോരി കി സര്‍ക്കാര്‍’) കൊണ്ടുവന്ന എല്ലാ നിയമങ്ങളും റദ്ദാക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.
ദല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ മുന്നണി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചുള്ള പ്രതിഷേധ പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്.
എസ്.ഐ.ആര്‍ നടപടിയില്‍ രാജ്യത്ത് 13 കോടിയലധികം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കിയ നടപടിയെയും ഖാര്‍ഗെ വിമര്‍ശിച്ചു. 13.3 കോടിയോളം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പരസ്യമായി നീക്കം ചെയ്തത് ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനുള്ള ജനങ്ങളുടെ അവകാശം കവര്‍ന്നെടുക്കപ്പെട്ടു. ആരാണ് അധികാരത്തില്‍ വരേണ്ടതെന്ന് തീരുമാനിക്കേണ്ടത് അധികാരത്തിലിരിക്കുന്നവരല്ല, മറിച്ച് സാധാരണ വോട്ടര്‍മാരാണ് എന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് (ഇ.വി.എം) പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്ന ആവശ്യം ഖാര്‍ഗെ ആവര്‍ത്തിച്ചു. ‘ഇന്ത്യ’ സഖ്യത്തിലെ എല്ലാ നേതാക്കളും ഈ ആവശ്യത്തോട് യോജിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്കും പ്രത്യേകിച്ച് ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്കും ലളിതവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന വോട്ടര്‍ രജിസ്‌ട്രേഷന്‍ സംവിധാനം വേണമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
ഗ്യാനേഷ് കുമാറിനെതിരെയും ഖാര്‍ഗെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ഉത്തരവാദിത്തബോധമുള്ളതും എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും വിശ്വാസമുള്ളതുമായം ഒരു തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്ത് വേണമെന്നും സമീപകാലത്ത് ഗ്യാനേഷിനെതിരെയുണ്ടായ വെളിപ്പെടുത്തലുകള്‍ ചൂണ്ടിക്കാട്ടി ഖാര്‍ഗെ അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം ഒരു മന്ത്രിയെ ഉള്‍പ്പെടുത്തുന്നതിനുള്ള ബില്ല് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയിരുന്നെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. 2023ലെ ബില്ലില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും നിയമ നടപടികളില്‍ നിന്ന് ജീവിതകാലം മുഴുവന്‍ സംരക്ഷണം നല്‍കുന്ന വ്യവസ്ഥയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തങ്ങളെ അധികാരത്തില്‍ തുടരാന്‍ സഹായിക്കുന്ന ഒരു ‘റബ്ബര്‍ സ്റ്റാമ്പിനെ’യാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ആഗ്രഹിക്കുന്നത്.’ ‘യഥാര്‍ത്ഥത്തില്‍ അവരാണ് കുറ്റക്കാരെന്നും മോദിയെയും അമിത്ഷായയെും കുറിച്ച് ഖാര്‍ഗെ പറഞ്ഞു.
അവര്‍ പല രാഷ്ട്രീയ പാര്‍ട്ടികളെയും പിളര്‍ത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷമായ ഒരു മധ്യസ്ഥന്റെ ചുമതലയല്ല നിര്‍വഹിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുന്നയാളുടെ ജോലിയാണ് കമ്മീഷണര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ‘ഫോം ആറിലെ ചട്ടങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റം വരുത്തിയിരുന്നു. ഇതിലൂടെ, യുവാക്കളെ വോട്ട് ചെയ്യുന്നതില്‍ നിന്ന് ബോധപൂര്‍വ്വം പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
‘പൗരന്മാരുടെ അടിസ്ഥാന ജനാധിപത്യ അവകാശം അപകടത്തിലാകുമ്പോള്‍ ‘ഇന്ത്യ’ സഖ്യത്തിലെ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. അതിനാല്‍, വ്യക്തമായ ഒരു കര്‍മ്മപദ്ധതിയുമായി വേണം നമ്മള്‍ ഈ യോഗത്തില്‍ നിന്ന് പിരിയാന്‍.
സുതാര്യമല്ലാത്തതോ ഏകപക്ഷീയമായതോ മതിയായ മേല്‍നോട്ടമില്ലാത്തതോ ആയ നടപടികളിലൂടെ യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്മാരാരും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് പുറത്താക്കപ്പെടാന്‍ ഇടയാകരുത്,’ അദ്ദേഹം പറഞ്ഞു.
സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇല്ലാതെ വിശ്വസനീയമായ ഒരു തെരഞ്ഞെടുപ്പ് സാധ്യമല്ല. ഇത് ഭരണഘടനയുടെ 324-ാം അനുച്ഛേദത്തില്‍ അങ്ങനെയാണ് വിഭാവനം ചെയ്യുന്നതെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ജയറാം രമേശ്, കെ.സി. വേണുഗോപാല്‍, മമത ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി, എന്നിവരും എസ്.പി, ആര്‍.ജെ.ഡി, സി.പി.ഐ, ഐ.യു.എം.എല്‍, എന്‍.സി.പി(എസ്.പി), ശിവസേന (യു.ബി.ടി) തുടങ്ങിയ പാര്‍ട്ടികളിലെ നേതാക്കളും ഇന്ത്യ മുന്നണി യോഗത്തില്‍ പങ്കെടുത്തു. സ്വതന്ത്ര രാജ്യസഭാ എം.പിയായ കപില്‍ സിബലും ഇന്ത്യ മുന്നണി യോഗത്തില്‍ പങ്കെടുത്തു.
ഭാവിയിലെ തിരഞ്ഞെടുപ്പുകള്‍ക്കായി എസ്.ഐ.ആറിന് മുമ്പുള്ള വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന് ഇന്ത്യ സഖ്യം ആവശ്യപ്പെടണമെന്ന് ഖാര്‍ഗെ പറഞ്ഞു. തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ പൂര്‍ണമായ സുതാര്യതക്ക് ആവശ്യപ്പെടണം. പേരുകള്‍ ചേര്‍ക്കല്‍, നീക്കം ചെയ്യല്‍, തിരുത്തലുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രക്രിയകളിലും ഈ സുതാര്യത വേണം. വോട്ടര്‍ പട്ടിക പുതുക്കുന്ന ഓരോ ഘട്ടത്തിലും ‘പൂര്‍ണ സുതാര്യത’ ഉറപ്പാക്കണമെന്ന് ‘ഇന്ത്യ’ സഖ്യത്തിലെ പാര്‍ട്ടികള്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് വോട്ട് മോഷണത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ ഇന്ത്യ സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ട് മോഷണത്തിനെതിരെ ഒക്ടോബര്‍ ആറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് ഇന്ത്യ മുന്നണി മാര്‍ച്ച് നടത്തും.
വോട്ട് മോഷണത്തിനെതിരെ നവംബര്‍ ഒന്നിന് ഇന്ത്യ മുന്നണി ദല്‍ഹിയില്‍ പൊതുയോഗം സംഘടിപ്പിക്കും. ഇതിന് പുറമെ ഈ വിഷയത്തില്‍ അഞ്ച് മഹാ റാലികള്‍ സംഘടിപ്പിക്കാനും ഇന്ത്യ മുന്നണി യോഗത്തില്‍ തീരുമാനമായി. ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെയുള്ള തീയതികളില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും സേവ് ഡെമോക്രസി റാലി സംഘടിപ്പിക്കാനും ഇന്ത്യ സഖ്യം യോഗത്തില്‍ തീരുമാനിച്ചു.
Content Highlight: SIR, EVM: INDIA Bloc Meet- Remarks of Mallikarjun Kharge