ന്യൂദൽഹി: എസ്.ഐ.ആർ നടപടിക്രമം കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയില്ലെന്ന് തെരഞ്ഞടുപ്പ് കമ്മീഷന് ബോധ്യപ്പെടുന്നുണ്ടെന്ന് കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷൻ അഹങ്കാരം ഉപേക്ഷിക്കണമെന്നും 2003 ലെ ഷെഡ്യുൾ പ്രകാരം നടപടികൾ നടത്തണമെന്നും കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു.
രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ സമയ പരിധി നീട്ടിയതിന് പിന്നാലെയാണ് കോൺഗ്രസ് രംഗത്തെത്തിയത്.
എസ്.ഐ.ആർ പ്രക്രിയ അപ്രായോഗികവും തിടുക്കത്തിൽ പൂർത്തിയാക്കാൻ കഴിയാത്തതുമാണ് എന്ന പ്രതിപക്ഷത്തിന്റെ നിലപാടിനെയാണ് സമയ പരിധി നീട്ടുന്നതിലൂടെ ശരിവെക്കുന്നതെന്ന് പ്രമോദ് തിവാരി പറഞ്ഞു.
എസ്.ഐ.ആറിനെ കുറിച്ച് ചർച്ച നടന്നില്ലെങ്കിൽ പാർലമെന്റ് പ്രവർത്തിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല എന്നാണ് തങ്ങൾ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ ഒന്നിന് നടക്കാനിരിക്കുന്ന ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകക്ഷി യോഗത്തിന് ശേഷമായിരുന്നു പ്രമോദ് തിവാരിയുടെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും പ്രധാന ചർച്ചകളിൽ പങ്കെടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അദ്ദേഹം സഭയിൽ വരാറുണ്ട് പക്ഷെ ചർച്ചകളിൽ പങ്കെടുക്കാറില്ല,’ പ്രമോദ് തിവാരി പറഞ്ഞു. പാർലമെന്റിൽ എസ്.ഐ.ആറിനെ കുറിച്ച് ഗൗരവമായ ചർച്ച നടത്താൻ സർക്കാർ അനുവദിക്കണമെന്നും സർക്കാർ ഒളിച്ചോടുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം എസ്.ഐ.ആറിന്റെ സമയപരിധി നീട്ടിയാതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു. കരട് വോട്ടർ പട്ടിക ഡിസംബർ 16 ന് പ്രസിദ്ധീകരിക്കും. ഡിസംബർ 11 വരെയാണ് എന്യുമറേഷൻ ഫോമുകൾ നൽകാനുള്ള സമയ പരിധി.
12 സംസ്ഥാനങ്ങളിലെ സമയ പരിധിയാണ് നീട്ടിയത്. കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾക്കാണ് സമയം നീട്ടി നൽകിയത്.
നിലവിൽ സംസ്ഥാനത്തെ ബി.എൽ.ഒമാർക്ക് ആശ്വാസമേകുന്ന ഉത്തരവാണ് തെരഞ്ഞടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിരിക്കുന്നത്. എസ്.ഐ.ആർ നടപടികൾ ഉണ്ടാക്കിയ സമ്മർദ്ദത്തെ തുടർന്ന് കെലോകാരം, രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ബി.എൽ.ഒമാർ ആത്മഹത്യ ചെയ്തിരുന്നു.
Content Highlight: SIR; Election Commission should give up arrogance: Congress