തിരുവനന്തപുരം: രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ ഒട്ടും അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന അനുഭവങ്ങളാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് എം. സ്വരാജ്.
എല്ലാവിധ വിയോജിപ്പുകളെയും തുടച്ചുനീക്കാനും, ആജ്ഞാനുവര്‍ത്തികളുടെ ഒരു മതരാഷ്ട്രം സൃഷ്ടിക്കാനുമാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പൗരത്വ ഭേദഗതി നിയമവും എസ്.ഐ.ആറും എങ്ങനെയൊക്കെയാണ് ദുരുപയോഗം ചെയ്യപ്പെടുന്നത് എന്നതിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിന് ഉദാഹരണമായി പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ശ്രീ. രാജഗോപാലിനുണ്ടായ അനുഭവം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
‘ശ്രീ. രാജഗോപാലിന്റെ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാത്തത് അദ്ദേഹത്തിന്റെ പിതാവിന്റെ പേര് 2002 ലെ വോട്ടര്‍ പട്ടികയില്‍ ഇല്ലെന്ന് പറഞ്ഞുകൊണ്ടാണത്രെ! എസ്.ഐ.ആറും പാസ്‌പോര്‍ട്ടും തമ്മില്‍ എന്തു ബന്ധമാണുള്ളത്? ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കാന്‍ എസ്.ഐ.ആറും പൗരത്വ ഭേദഗതി നിയമവുമെല്ലാം ഉപയോഗിക്കപ്പെടും. അത്രതന്നെ,’ എം. സ്വരാജ് പോസ്റ്റിലെഴുതി.
ഇന്ത്യയില്‍ പൗരാവകാശങ്ങളോടെ ജീവിക്കുകയെന്നത് സംഘപരിവാര്‍ കാലത്ത് അസാധ്യമാണെന്നാണ് രാജഗോപാലിന്റെ അനുഭവം തെളിയിക്കുന്നതെന്ന് സ്വരാജ് ആരോപിച്ചു.
രാജ്യം തകരാതിരിക്കാനും, ജാതി-മത ഭേദമന്യേ സകല മനുഷ്യര്‍ക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാര്‍ വാഴ്ചയ്‌ക്കെതിരെ ശക്തമായി പൊരുതുകയല്ലാതെ മറ്റു വഴികളില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണരൂപം
രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ ഒട്ടും അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന അനുഭവങ്ങളാണുണ്ടാവുന്നത്.
എല്ലാ വിയോജിപ്പുകളെയും തുടച്ചുനീക്കാനും ആജ്ഞാനുവര്‍ത്തികളുടെ മതരാഷ്ട്രം സൃഷ്ടിക്കുവാനുമാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്.
പൗരത്വഭേദഗതി നിയമവും എസ് ഐ ആറും എങ്ങനെയൊക്കെ ഉപയോഗിക്കപ്പെടുന്നു എന്നതിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.
പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ശ്രീ. രാജഗോപാലിന്റെ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാത്തത് അദ്ദേഹത്തിന്റെ പിതാവിന്റെ പേര് 2002 ലെ വോട്ടര്‍ പട്ടികയില്‍ ഇല്ലെന്നു പറഞ്ഞുകൊണ്ടാണത്രെ ! !
എസ്‌ഐആറും പാസ്‌പോര്‍ട്ടും തമ്മില്‍ എന്തു ബന്ധം?
ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കാന്‍ എസ്‌ഐആറും പൗരത്വ ഭേദഗതി നിയമവും എല്ലാം ഉപയോഗിക്കപ്പെടും. അത്ര തന്നെ.
ഇന്ത്യയില്‍ പൗരാവകാശങ്ങളോടെ ജീവിക്കുകയെന്നത് സംഘപരിവാര്‍കാലത്ത് അസാധ്യമാണെന്നു തന്നെയാണ് ശ്രീ. രാജഗോപാലിന്റെ അനുഭവം തെളിയിക്കുന്നത്.
രാജ്യം തകരാതിരിക്കാനും സകല മനുഷ്യര്‍ക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാര്‍ വാഴ്ചയ്‌ക്കെതിരെ പൊരുതുകയല്ലാതെ മറ്റു വഴികളില്ല.
Content Highlight: SIR and Citizenship Act are being used to eliminate those who are not liked; M. Swaraj cites Rajagopal’s experience